| Monday, 1st March 2021, 11:26 am

ഇങ്ങനെ കിടന്ന് മോങ്ങാതെ എല്ലാ പിച്ചിലും കളിക്കാന്‍ പഠിക്ക്; ഇംഗ്ലണ്ട് താരങ്ങളോട് വിവിയന്‍ റിച്ചാര്‍ഡ്സ്

സ്പോര്‍ട്സ് ഡെസ്‌ക്

ജമൈക്ക: അഹമ്മദാബാദിലെ പിച്ചിനെ കുറ്റം പറയുന്ന ഇംഗ്ലണ്ട് താരങ്ങള്‍ക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ്. വെല്ലുവിളി നിറഞ്ഞ പിച്ചുകളില്‍ കളിക്കാന്‍ പഠിക്കുകയാണ് ഇംഗ്ലണ്ട് താരങ്ങള്‍ ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

‘മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍ വിലപിക്കുന്നതും മോങ്ങുന്നതും കാണുന്നു. സ്വന്തം കളിക്കാരോട് വെല്ലുവിളികളെ അതിജീവിക്കാന്‍ പഠിക്കാന്‍ പറയൂ’, വിവ് റിച്ചാര്‍ഡ്സ് പറഞ്ഞു.

വേഗതയുള്ള പിച്ചുകള്‍ ഉണ്ടാക്കി കളിക്കുന്നവരാണ് ഇപ്പോള്‍ സ്ലോ പിച്ചിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിനും മറുവശമുണ്ടെന്ന് മനസിലാക്കണമെന്നും റിച്ചാര്‍ഡ്സ് കൂട്ടിച്ചേര്‍ത്തു.

‘അതുകൊണ്ടാണ് ഇതിനെ ടെസ്റ്റ് മാച്ച് എന്ന് വിളിക്കുന്നത്. ആളുകള്‍ എവിടെയാണ് കളിക്കുന്നതെന്ന് അവര്‍ മറക്കുന്നതായി തോന്നുന്നു, നിങ്ങള്‍ ഇന്ത്യയിലേക്ക് പോകുകയാണെങ്കില്‍ ഇതൊക്കെ പ്രതീക്ഷിക്കണം’, അദ്ദേഹം പറഞ്ഞു.

നാലാം ടെസ്റ്റിലും ഇത്തരം പിച്ച് തന്നെ ഒരുക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ബൗളര്‍മാരുടെ മികച്ച പ്രകടനം കണ്ട മത്സരത്തില്‍ രണ്ട് ദിവസം കൊണ്ടാണ് കളി തീര്‍ന്നത്. 49 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയെ രോഹിത് ശര്‍മ്മ (25) ശുഭ്മാന്‍ ഗില്‍ (15) സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്.

നേരത്തെ രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 81 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റെടുത്ത അക്‌സര്‍ പട്ടേലും നാല് വിക്കറ്റെടുത്ത അശ്വിനുമാണ് ഇംഗ്ലണ്ടുകാരെ തകര്‍ത്തുവിട്ടത്.

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 145 റണ്‍സിന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ക്യാപ്റ്റന്‍ റൂട്ടിന്റെ അവിശ്വസനീയ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.

വെറും എട്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റൂട്ട് അഞ്ച് വിക്കറ്റെടുത്തത്. ജാക്ക് ലീച്ച് നാല് വിക്കറ്റുമായി ഉറച്ച പിന്തുണ നല്‍കി.

ഇന്ത്യയ്ക്കായി രോഹിത് ശര്‍മ്മയും (66) വിരാട് കോഹ്ലിയും (27) മാത്രമാണ് പൊരുതിയത്. ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ 112 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 33 റണ്‍സ് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു.

53 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രൗലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. റൂട്ട് 17 റണ്‍സിന് പുറത്തായി. രണ്ടിന്നിംഗ്‌സിലുമായി അക്സര്‍ പട്ടേല്‍ 11 വിക്കറ്റും അശ്വിന്‍ 7 വിക്കറ്റും വീഴ്ത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Moaning and groaning has to stop: Vivian Richards slams Ahmedabad pitch critics

We use cookies to give you the best possible experience. Learn more