ലിവര്‍പൂള്‍: തെരുവ് മൃഗങ്ങളെ കയറ്റി അയക്കുന്ന ഈജിപ്തിന്റെ പുത്തന്‍ വ്യാപാരനയത്തെ എതിര്‍ത്ത് ഈജിപ്ഷ്യന്‍ ഫുട്‌ബോളറും ലിവര്‍പൂള്‍ താരവുമായ മുഹമ്മദ് സലാഹ്. തന്റെ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചാണ് സലാഹ് തന്റെ പ്രതിഷേധം വ്യക്തമാക്കിയത്. പുതിയ നയത്തോട് യാതൊരു തരത്തിലും യോജിക്കാനാവില്ലെന്നും താരം വ്യക്തമാക്കി
തെരുവില്‍ അലയുന്ന പൂച്ചകളേയും പട്ടികളേയും ഒരു രാജ്യത്തും കയറ്റിഅയക്കുന്നില്ലെന്ന അടിക്കുറിപ്പോടെയാണ് സലാഹ് ട്വിറ്ററില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തന്റെ വളര്‍ത്തു മൃഗമായ സയാമീസ് പൂച്ചകള്‍ക്കൊപ്പമുള്ള ചിത്രമാണ് ലിവര്‍പൂള്‍ മുന്നേറ്റതാരം ഇതിനോടൊപ്പം പങ്കുവെച്ചത്.
എന്നാല്‍ വാര്‍ത്തയെ നിഷേധിച്ച് ഈജിപ്ത് രംഗത്തെത്തി. രാജ്യത്തെ പൂച്ചകളേയും പട്ടികളേയും കയറ്റി അയക്കാനുള്ള തീരുമാനം കൈകൊണ്ടിട്ടില്ലെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ അല്‍-അറബി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം 41,00 പൂച്ചകളേയും പട്ടികളേയും ഈജിപ്ത് കയറ്റുമതി ചെയ്യാന്‍ പദ്ധതിയിട്ടിരുന്നു. ഇത് പട്ടികളേയും പൂച്ചകളേയും ഭക്ഷിക്കുന്ന രാജ്യങ്ങളിലേക്ക് അയക്കാനായിരുന്നു തീരുമാനം. രാജ്യത്ത് തെരുവില്‍ അലയുന്ന മൃഗങ്ങളേയാണ് ഇത്തരത്തില്‍ അയക്കുക. എന്നാല്‍ വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് ഈജിപ്ഷ്യന്‍ കാര്‍ഷികവിഭാഗം പ്രതിനിധി അറിയിച്ചു.
തീരുമാനത്തില്‍ നിന്ന് ഈജിപ്ത് ഔദ്യോഗികമായി പിന്‍മാറിയില്ലെങ്കില്‍ മൃഗസ്‌നേഹികളും നാട്ടുകാരും പ്രതിഷേധത്തിന് തയ്യാറാകണമെന്നാണ് സലായുടെ ആവശ്യം.