മുംബൈ: സഞ്ജയ് ലീലാ ബന്‍സാലി-ദിപിക പദുകോണ്‍ ചിത്രമായ പത്മാവതിയുടെ റിലീസ് തടസപ്പെടുത്തിയതിന് പിന്നാലെ സല്‍മാന്‍ ഖാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹേയ്‌ക്കെതിരേയും പ്രാദേശിക സംഘടനകള്‍.
രാജ് താക്കറെയുടെ മഹരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയാണ് സല്‍മാന്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയുമെന്ന ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടൈഗര്‍ സിന്ദാ ഹേ റിലീസ് ചെയ്യുന്ന സമയത്ത് മറാത്തി ചിത്രമായ ദേവ തിയ്യറ്ററുകളില്‍ നിന്നും ഒഴിവാക്കുന്നതിനെതിരെയാണ് നവനിര്‍മ്മാണ്‍ സേന രംഗത്തെത്തിയിരിക്കുന്നത്.
ദേവയ്ക്ക് പ്രദര്‍ശനം നിഷേധിച്ചാല്‍ സല്‍മാന്‍ ഖാന്‍ ചിത്രത്തിന്റെ പ്രദര്‍ശനം മുടക്കുമെന്നും സേനയുടെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുമെന്നുമാണ് ഭീഷണി. ഇത് സംബന്ധിച്ച് സേനയുടെ ഫിലിം സെല്ലിന്റെ ചീഫായ അമേയ ഖോപ്കര്‍ എക്‌സിബിറ്റേഴ്‌സിന് കത്ത് അയച്ചിട്ടുണ്ട്. മറ്റൊരു മറാത്തി ചിത്രമായ ഗഞ്ചിയും അന്നേ ദിവസം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.
” മറാത്തിയെ സേവിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. മറാത്തി സിനിമാക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ഞങ്ങള്‍ പറയുന്നത്. സമാധാനത്തിന്റെ ഭാഷ മനസിലായില്ലെങ്കില്‍ സ്‌പെഷ്യല്‍ ഭാഷയില്‍ സംസാരിക്കേണ്ടി വരും.” ഖോപ്കര്‍ പറയുന്നു.
വെളളിയാഴ്ച്ചയാണ് ടൈഗര്‍ സിന്ദാ ഹേ റിലീസ് ചെയ്യാനിരിക്കുന്നത്. അതിന് മുമ്പ് വിവാദം പൊട്ടിപ്പുറപ്പെട്ടത് ചിത്രത്തിന് ഭീഷണിയാകാന്‍ സാധ്യതയുണ്ട്. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് സേന മന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.