പാകിസ്ഥാൻ സിനിമ ഇന്ത്യയില്‍ പ്രദർശിപ്പിക്കേണ്ട; പ്രത്യാഘാതമുണ്ടാകും; ഭീഷണിയുമായി രാജ് താക്കറെ
national news
പാകിസ്ഥാൻ സിനിമ ഇന്ത്യയില്‍ പ്രദർശിപ്പിക്കേണ്ട; പ്രത്യാഘാതമുണ്ടാകും; ഭീഷണിയുമായി രാജ് താക്കറെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2024, 10:21 am

മുംബൈ: പാകിസ്ഥാൻ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിനെതിരെ ഭീഷണി മുഴക്കി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന എം.എന്‍.എസ്) മേധാവി രാജ് താക്കറെ.

ഫവാദ് ഖാന്‍ നായകനായ പാകിസ്ഥാൻ ചിത്രം ‘ദ ലെജന്‍ഡ് ഓഫ് മൗല ജാട്ട്’ന്റെ റിലീസിനെതിരെയാണ് രാജ് താക്കറെ രംഗത്തെത്തിയിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങിയാല്‍ തിയേറ്റര്‍ ഉടമകള്‍ കനത്ത പ്രത്യാഘാതം നേരിടുമെന്നാണ് താക്കറെയുടെ ഭീഷണി.

കലയ്ക്ക് അതിരുകളില്ല എന്നത് ശരിയാണെന്നും പക്ഷെ എന്തിനാണ് പാകിസ്ഥാൻ സിനിമകള്‍ ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതെന്നും രാജ് താക്കറെ ചോദിച്ചു. സെപ്റ്റംബര്‍ 22ന് എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താക്കറെ ഭീഷണി ഉയര്‍ത്തിയത്.

ദ ലെജന്‍ഡ് ഓഫ് മൗല ജാട്ട് ഒരു കാരണവശാലും മഹാരാഷ്ട്രയില്‍ റിലീസ് ചെയ്യാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും ഈ അഭ്യര്‍ത്ഥന പരിഗണിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ തിയേറ്റര്‍ ഉടമകള്‍ പ്രത്യാഘാതങ്ങള്‍ നേരിടുമെന്നാണ് രാജ് താക്കറെ ഭീഷണി മുഴക്കിയത്.

സിനിമ പ്രദര്‍ശനത്തിനെത്തുന്ന സമയത്താണ് നവരാത്രി ഉത്സവം ആരംഭിക്കുന്നത്. റിലീസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും രാജ് താക്കറെ പറഞ്ഞു.

എന്നാല്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെയും ആഭ്യന്തര മന്ത്രിയുടെയും സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറലിന്റെയും നിലപാടുകള്‍ ജനങ്ങള്‍ക്ക് അനുകൂലമല്ല. അനുകൂലമാണെങ്കില്‍ ഒരു സമരത്തിന്റെ ആവശ്യകത ഉണ്ടാകുന്നില്ലെന്നും താക്കറെ ചൂണ്ടിക്കാട്ടി.

സിനിമയുടെ റിലീസ് സംസ്ഥാന സര്‍ക്കാര്‍ വിലക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയ്ക്ക് പുറമെയുള്ള സംസ്ഥാനങ്ങളും സമാനമായ തീരുമാനമെടുക്കണമെന്നും രാജ് താക്കറെ എക്സില്‍ കുറിച്ചു. അതേസമയം മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ് താക്കറെയുടെ മുന്നറിയിപ്പ്.

പാകിസ്ഥാൻ ക്ലാസിക് ചിത്രമായ മൗലാ ജാട്ടിന്റെ റീമേക്ക് ചിത്രമാണ് ദി ലെജന്‍ഡ് ഓഫ് മൗല ജാട്ട്. ബിലാല്‍ ലഷാരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ബിലാല്‍ ലഷാരി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഇന്ത്യയിലെ റിലീസിങ് വിവരം അറിയിക്കുന്നത്.

ഒക്ടോബര്‍ രണ്ടിന് ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുമെന്നാണ് പോസ്റ്റില്‍ പറഞ്ഞിരുന്നത്. ഇതിനുപിന്നാലെയാണ് രാജ് താക്കറെ ചിത്രത്തിന്റെ റിലീസിനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്.

Content Highlight: MNS chief Raj Thackeray threatens against release of Pakistani film in India