| Monday, 19th August 2024, 8:58 pm

എന്റെ ജന്മനാടായ ബെംഗളൂരുവിനായി എനിക്ക് കളിക്കണം; ഐ.പി.എൽ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ താരം പറയുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി കളിക്കാന്‍ ആഗ്രഹമുണ്ടെന്നു തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ താരം മനീഷ് പാണ്ഡ്യ. ടി.വി 9 കന്നടയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനീഷ്.

‘എന്റെ ഹോം ടൗണ്‍ ആണ് ബെംഗളൂരു. അതുകൊണ്ടുതന്നെ ആര്‍.സി.ബിക്ക് വേണ്ടി വീണ്ടും കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ മാത്രമല്ല കര്‍ണാടകയിലുള്ള എല്ലാ യുവതാരങ്ങളും ഒരു ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്,’ മനീഷ് പാണ്ഡ്യ പറഞ്ഞു.

ഐ.പി.എല്ലില്‍ ആദ്യമായി സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരമാണ് മനീഷ് പാണ്ഡ്യ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ചുവന്ന ജേഴ്‌സിയില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ ആയിരുന്നു മനീഷ് സെഞ്ച്വറി നേടിയത്.

ആ മത്സരത്തില്‍ പുറത്താവാതെ 114 റണ്‍സ് ആയിരുന്നു താരം നേടിയത്. പിന്നീടുള്ള പല സീസണുകളിലും വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടി കളിച്ചു കൊണ്ടാണ് മനീഷ് പാണ്ഡ്യ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്.

2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തങ്ങളുടെ രണ്ടാം ഐ.പി.എല്‍ കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചതാരം കൂടിയായിരുന്നു മനീഷ്. അന്ന് ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെതിരെ 94 റണ്‍സാണ് മനീഷ് നേടിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആര്‍.സി.ബിക്ക് പുറമേ മുംബൈ ഇന്ത്യന്‍സ്, പൂനെ വാരിയേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 171 മത്സരങ്ങളില്‍ നിന്നും 3850 റണ്‍സാണ് മനീഷ് നേടിയത്. ഒരു സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.

2024 ഐ.പി.എല്ലില്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ ഭാഗമായിരുന്നു മനീഷ്. എന്നാല്‍ താരത്തിന് ഒരു മത്സരത്തില്‍ മാത്രമേ കൊല്‍ക്കത്തക്കായി കളിക്കാൻ സാധിച്ചിട്ടുള്ളൂ.

2025 ആവേശകരമായ ലേലം നടക്കുമ്പോള്‍ മനീഷ് പാണ്ഡ്യ തന്റെ പഴയ തട്ടകമായ റോയല്‍ ചലഞ്ചേഴ്‌സിലേക്ക് മടങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Mnaish Pandya Talks He Want To Play RCB

We use cookies to give you the best possible experience. Learn more