| Thursday, 19th October 2017, 11:56 am

ചിന്തകള്‍ക്ക് തീ പിടിപ്പിക്കുക ഫാസിസത്തെ പ്രതിരോധിക്കുക; എം.എന്‍ വിജയന്‍ മാഷ് അനുസ്മരണ പരിപാടിയുമായി അടയാളം ഖത്തര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖത്തര്‍: ഫാസിസത്തിനെതിരെ നിരന്തരം പോരാടിയ എം.എന്‍. വിജയന്‍ മാഷുടെ സ്മരണയെ മുന്‍ നിര്‍ത്തി അടയാളം ഖത്തര്‍, ചിന്തകള്‍ക്ക് തീ പിടിപ്പിക്കുക, ഫാസിസത്തെ പ്രതിരോധിക്കുക എന്ന പരിപാടി സംഘടിപ്പിച്ചു. ഒക്ടോബര്‍ 13നു നുഐജ യിലുള്ള സ്‌കൈമീഡിയാ ഹാളിലായിരുന്നു പരിപാടി.

എം.എന്‍ വിജയന്‍ മാഷ് അനുസ്മരണ പ്രമേയം സുധീര്‍ അവതരിപ്പിച്ചു. മലയാളിയുടെ ധൈഷണിക ജീവിത മണ്ഡലത്തില്‍ ചിന്തയുടെ തീ പകര്‍ന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ശ്രീ. എം.എന്‍ . വിജയന്‍ . അദ്ദേഹം നടത്തിയ സ്‌ഫോടനാത്മകമായ ചിന്തയുടെ കിരണങ്ങള്‍ കേരളീയ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ ഏറെ കാലം എരിഞ്ഞു കൊണ്ടിരിക്കുക മാത്രമല്ല, അതിന്റെ അനുരണനങ്ങള്‍ ഇപ്പോഴും പ്രസക്തമായി നില നില്ക്കുകയും ചെയ്യുന്നു, എന്ന് അനുസ്മരണപ്രമേയം ചൂണ്ടിക്കാട്ടി.

തുടര്‍ന്ന് മുര്‍ഷിദ് ഫാസിസ്റ്റ് വിരുദ്ധ പ്രമേയം അവതരിപ്പിച്ചു. ഫാസിസമെന്നത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അപരവിദ്വേഷത്തെ മുന്‍ നിറുത്തി സാമൂഹ്യബോധത്തെ നിര്‍മ്മിച്ചെടുക്കുകയും അതിന്റെ് മറവില്‍ കോര്‍പ്പറേറ്റ് അജണ്ട നടപ്പിലാക്കലുമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന ജനാധിപത്യനിഷേധങ്ങളെ മതേതരപക്ഷത്ത് നിന്ന് ചെറുക്കാനുള്ള ശ്രമം പുരോഗമനസംഘടനകള്‍ ഏറ്റെടുക്കണം. ജാതി നിര്‍മ്മാര്‍ജനം ലക്ഷ്യം വെച്ചുള്ള സംഘാടനത്തിലൂടെ ദളിത് പ്രക്ഷോഭങ്ങളുമായി ഐക്യപ്പെടേണ്ടതുണ്ട്. സര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്ന ഡീമോണിറ്റൈസേഷന്‍, ജി എസ് ടി, ബുള്ളറ്റ് ട്രെയിന്‍ തുടങ്ങിയ ജനവിരുദ്ധമായ സാമ്പത്തിക നിലപാടുകള്‍ ക്കെതിരെയുള്ള സമരങ്ങളുമായി വിവിധ ജനാധിപത്യസമരങ്ങളെയും കണ്ണിചേര്‍ക്കുമ്പോഴാണു ഫാസിസ്റ്റ് വിരുദ്ധ സമരം ശക്തിയാര്‍ജ്ജിക്കുക എന്ന് പ്രമേയം വിശദീകരിച്ചു.

ഫാസിസത്തിനെതിരെ ചിത്രം വരച്ചുകൊണ്ട് നിരവധി കലാകാരന്മാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. കലയെ ചങ്ങലക്കിടുന്ന അധികാര ഗര്‍വിനെതിരെ, അക്ഷരങ്ങളെ ഭയക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരെ, മതവര്‍ഗീയ ഭ്രാന്തിനെതിരെയുള്ള പ്രതിഷേധങ്ങളെ കലാകാരന്മാര്‍ വരകള്‍കൊണ്ടു ജ്വലിപ്പിച്ചു. ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കൃഷ്ണകുമാര്‍ കവിത ആലപിച്ചു ഫാസിസത്തെ കുറിച്ച് സുനില്‍ പി ഇളയിടം നടത്തിയ ചില പ്രസംഗങ്ങളുടെ വീഡിയോ പ്രദര്‍ശിപ്പിക്കുകയും അതിനെ തുടര്‍ന്ന് സദസ് വിഷയങ്ങളോട് പ്രതികരിച്ച് വിമര്‍ശനങ്ങളും യോജിപ്പുകളും പങ്കുവെച്ചു.

ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അഷറഫ് തൂണേരി, ഷരീഫ് ചെരണ്ടത്തൂര്‍, റിജു, റിയാസ് അഹമ്മദ്, ശ്രീകല പ്രകാശന്‍, ഷംസുദീന്‍ പോക്കര്‍, ശ്രീജു, നൗഫല്‍, പ്രദോഷ് എന്നിവര്‍ സംസാരിച്ചു. യോഗത്തിന് കൃഷ്ണകുമാര്‍ സ്വാഗതം പറഞ്ഞു. ഫാസിസത്തിനെതിരെ ഒത്തുകൂടാനെത്തിയ എല്ലാവര്‍ക്കും ഫാസിസത്തിനെതിരായ പ്രതിഷേധം ചിത്രരചനയിലൂടെ അടയാളപ്പെടുത്തിയ ചിത്രകാരന്മാര്‍ക്കും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാന്‍ വേദി അനുവദിച്ച സ്‌കൈ മീഡിയയ്ക്കും പ്രദോഷ് നന്ദി പറഞ്ഞു.

We use cookies to give you the best possible experience. Learn more