തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ തോൽക്കുമെന്ന് സ്പീക്കർ എ.എൻ ഷംസീർ. സഭയിലെ പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ടെന്നും അടുത്ത തവണ തോറ്റുപോകുമെന്നുമാണ് സ്പീക്കറുടെ പരാമർശം. നിയമസഭയിൽ പ്രതിപക്ഷം ബാനറുകൾ ഉയർത്തി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പിലിനെതിരായ സ്പീക്കറുടെ അസാധാരണ പരാമർശം.
പ്രതിപക്ഷ എം.എൽ.എമാരെ പേരെടുത്ത് പറഞ്ഞായിരുന്നു സ്പീക്കറുടെ പരാമർശം. ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫിനോടും സ്പീക്കർ സമാനമായ പരാമർശം നടത്തുന്നുണ്ട്. നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്ന് താക്കീതും ഇവർക്ക് സ്പീക്കർ നൽകുന്നുണ്ട്.
“സനീഷേ, ചാലക്കുടിയിലെ ജനങ്ങൾ ഇത് കാണുന്നുണ്ടേ.. നേരിയ മാർജിനിലാണ് ജയിച്ചത്. ഇതെല്ലാം അവർ കാണുന്നുണ്ട്. ഷാഫീ, അടുത്ത തവണ തോൽക്കും.. ജനങ്ങൾ എല്ലാം കാണുന്നുണ്ട്,” സ്പീക്കർ പറഞ്ഞു.
എറണാകുളം എം.എൽ.എ ടി.ജെ. വിനോദിനോടും അങ്കമാലി എം.എൽ.എ റോജി എം. ജോൺ, കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് എന്നിവരേയും പേരെടുത്ത് പറഞ്ഞ് സ്പീക്കർ താക്കീത് നൽകിയിരുന്നു.
അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ ഒന്നും സഭാ ടി.വി പുറത്തുവിട്ടിട്ടില്ല.
കൊച്ചിയെ കൊല്ലരുതെന്നും, സ്പീക്കർ നീതി പാലിക്കണമെന്നും എഴുതിയ ബാനറുകളാണ് പ്രതിപക്ഷം സഭയിൽ ഉയർത്തിയത്. കൊച്ചി കോർപ്പറേഷനുമായി ബന്ധപ്പെട്ട വിഷയമാണ് പ്രതിപക്ഷം ഇന്ന് സഭയിൽ അടിയന്തര ഇടപെടലിനായി സമർപ്പിച്ചത്. കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ
കൗൺസിലർമാരുൾപ്പെടെയുള്ളവരെ പൊലീസ് തടഞ്ഞ നടപടിയെ കുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് അടിയന്തര പ്രാധാന്യമില്ല. കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും ചെറിയ ചെറിയ പ്രശ്നങ്ങൾ നടക്കുന്നുണ്ട്. ഇതെല്ലാം സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ സാധിക്കില്ലെന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്. എന്നാൽ പൊലീസ് നടപടിയിൽ മുതിർന്ന നേതാക്കൾക്കുൾപ്പെടെ പരിക്കേറ്റിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചെങ്കിലും സ്പീക്കർ സഭാ നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു. ഇതിനെ തുടർന്നായിരുന്നു പ്രതിപക്ഷം സഭയിലെ പ്രതിഷേധം ശക്തമാക്കിയത്.
Content Highlight: MN Shamseer warns Shafi Parambil amid ongoing protest by the opposition in legislative assembly