| Wednesday, 14th October 2020, 9:50 pm

സംഘിനിലപാടുകളുടെ ചവറ് സാഹിത്യത്തില്‍ നിന്നല്ല എം.എന്‍ കാരശ്ശേരി ചരിത്രം മനസ്സിലാക്കേണ്ടത്

കെ.ടി. കുഞ്ഞിക്കണ്ണന്‍

കമ്യൂണിസ്റ്റുകാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തുവെന്ന് പറയുന്നത് ലോക വിഡ്ഢിത്തമാണെന്ന് ‘ദൈവത്തെ പിടിച്ച് ആണയിട്ട്’ പരിഹാസപൂര്‍വ്വം എം.എന്‍ കാരശ്ശേരി നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നുണ്ട്.

കമ്യൂണിസ്റ്റുവിരോധം ഇളകിമറിയുന്ന ക്രൂരഫലിതങ്ങളില്‍ ആറാടി നില്ക്കുന്ന ഒരു മൈതാന പ്രസംഗകനെ നമുക്ക് ആ വീഡിയോയില്‍ കാണേണ്ടി വരുന്നത് വളരെ സങ്കടകരമായൊരു യാഥാര്‍ത്ഥ്യമാണെന്ന് പറയേണ്ടി വരുന്നു. സര്‍വ്വ കമ്യൂണിസ്റ്റു വിരുദ്ധരുടെയും മനസ്സറിഞ്ഞു കൊണ്ടുള്ള മാഷിന്റെ ഇളകിയാടിയും ചിരിച്ചും കൊണ്ടുള്ള ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറ്റുപിടിച്ചിരിക്കുന്നത് സംഘികളും, ചരിത്ര ബോധവും മതനിരപേക്ഷരാഷ്ട്രീയവും തൊട്ടു തീണ്ടിയില്ലാത്ത കോണ്‍ഗ്രസ്സുകാരുമാണ്. അത് സ്വാഭാവികവുമാണ് താനും.

മലയാളികള്‍ ആദരവോടെ കാണുന്ന സാഹിത്യ നിരൂപകനും സാംസ്‌കാരിക വിമര്‍ശകനുമായ കാരശ്ശേരി മാഷെ പോലെയുള്ള ഒരാളില്‍ നിന്ന് ഇത്രയും നിരുത്തരവാദപരവും ചരിത്രവിരുദ്ധവുമായ വാചകമടികള്‍ ഒരിക്കലും പ്രതീക്ഷിക്കാവുന്നതല്ലെന്ന് ആമുഖമായി ഖേദപൂര്‍വ്വം പറയട്ടെ. കമ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യ സമരത്തില്‍ വഹിച്ച പങ്കിനെ സംബന്ധിച്ച് സഖാവ് കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയാണ് മാഷെ പ്രകോപിതനാക്കിയതും കമ്യൂണിസ്റ്റ് വിരോധം തിളച്ചുമറിയുന്ന ഇങ്ങനെയൊരു പരിഹാസ്യമായ പ്രസംഗത്തിലെത്തിച്ചതെന്നുമാണ് വീഡിയോ കണ്ടതില്‍ നിന്നും മനസിലായത്.

1964 ല്‍ രൂപം കൊണ്ട സി.പി.ഐ.എം, 1920ല്‍ രൂപം കൊണ്ട ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയില്‍ ഇന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുഖ്യ കമ്യൂണിസ്റ്റ് പാര്‍ടിയാണെന്ന കാര്യത്തിലൊരു വിശദീകരണമാവശ്യമില്ലല്ലോ. ലളിത യുക്തികളില്‍ നിന്നുള്ള വാചക കസര്‍ത്തോ അഭ്യാസപ്രകടനമൊന്നുമല്ലല്ലോ ചരിത്രം.

എം.എന്‍ കാരശ്ശേരി

ചരിത്രത്തിലെ സത്യങ്ങളെ നിറംപിടിപ്പിച്ച നുണകള്‍ കൊണ്ട് മറച്ചു പിടിക്കാനാവില്ലെന്ന് സ്‌നേഹാദരണീയനായ കാരശ്ശേരി മാഷെ വിനയത്തോടെ ഓര്‍മ്മിപ്പിക്കട്ടെ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ സ്വന്തം ജീവനും രക്തവും ജീവിതവും സമര്‍പ്പിച്ചുകൊണ്ടാണ് മറ്റെല്ലാ വിഭാഗങ്ങളെയും പോലെ കമ്യൂണിസ്റ്റുകാരും ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി ചരിത്രം സൃഷ്ടിച്ചതും ചരിത്രത്തിന്റെ ഭാഗമായതും.

ദേശീയ വഞ്ചനയുടെയും ബ്രിട്ടീഷ് പാദസേവയുടെയും അറപ്പുളവാക്കുന്ന സ്വന്തം ഭൂതകാലത്തെ മറച്ചുപിടിക്കാനുള്ള ഹിന്ദുത്വവാദികളുടെ കുടില ബുദ്ധിയിലും തന്ത്രങ്ങളിലുമാണ് അരുണ്‍ ഷൂരിയെ പോലുള്ള എഴുത്തുകാര്‍ കമ്യൂണിസ്റ്റുകാര്‍ക്ക് എതിരായി നുണപ്രചരണങ്ങളുമായി രംഗപ്രവേശം ചെയ്തത്.

നുണകള്‍ പ്രചരിപ്പിച്ചും വസ്തുതകളെയും സംഭവങ്ങളെയും സംബന്ധിച്ച അവ്യക്തതകള്‍ സൃഷ്ടിച്ചുമാണല്ലോ സംഘികള്‍ ചരിത്രത്തെ തങ്ങള്‍ക്കാവശ്യമായ രീതിയില്‍ അപനിര്‍മ്മിച്ചെടുക്കുന്നതും തങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിനാവശ്യമായ പ്രത്യയശാസ്ത്ര ഭൂമിക ഒരുക്കിയെടുക്കുന്നതുമെന്ന കാര്യം അറിയാത്ത ആളാണോ കാരശ്ശേരി മാഷ്. അങ്ങനെ കരുതാനാവില്ലല്ലോ.

അരുണ്‍ ഷൂരി

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം എഴുതിയിട്ടുള്ള, വ്യത്യസ്ത വീക്ഷണഗതി പുലര്‍ത്തുന്നവരായ എല്ലാ ചരിത്രകാരന്മാരും അനിഷേധ്യമായ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അസന്നിഗ്ധമായ ഭാഷയില്‍ രേഖപ്പെടുത്തിയിട്ടുള്ളത് ഹിന്ദുമഹാസഭയും ആര്‍.എസ്.എസും ഒഴികെയുള്ള എല്ലാ പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യ സമരത്തില്‍ തങ്ങളുടേതായ രീതിയില്‍ പങ്കാളികളായിരുന്നുവെന്നാണ്. വ്യത്യസ്ത നിലപാടുകളില്‍ നിന്നും വീക്ഷണത്തില്‍ നിന്നും സ്വാതന്ത്ര്യത്തെ സമീപിച്ച നിരവധി രാഷ്ടീയ ബഹുജന ധാരകള്‍ അടങ്ങിയതായിരുന്നു നമ്മുടെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം.

‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എഴുതിയ ബ്രിട്ടിഷ് ചരിത്രകാരന്മാര്‍ തൊട്ട് മാര്‍ക്‌സിസ്റ്റ് ചരിത്ര സമീപനത്തില്‍ നിന്ന് അകന്നു നിന്ന ദേശീയ ചരിത്രകാരന്മാര്‍ വരെ അവരുടെ രചനകളില്‍ കമ്യൂണിസ്റ്റുകാരുടെ പങ്കിനെയും സംഭാവനകളെയും രേഖപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം കാരശ്ശേരി മാഷെ പോലുള്ള ഒരാള്‍ക്ക് അറിയാത്ത കാര്യമാകുമോ? ആര്‍.സി മജുംദാര്‍ പോലും കമ്യൂണിസ്റ്റുകാരുടെയും അതിന്റെ പൂര്‍വ്വ രൂപമായി പ്രവര്‍ത്തിച്ച വിപ്ലവ സംഘടനകളുടെയും പങ്ക് ആദരപൂര്‍വ്വം രേഖപ്പെടുത്തിയിട്ടുണ്ട്. അവരുടെ നിലപാടുകളോടുള്ള വിമര്‍ശനത്തോടെ.

ആര്‍.സി മജുംദാര്‍

വിപ്ലവകാരികള്‍ക്കും സുഭാഷ്ചന്ദ്ര ബോസ് പ്രതിനിധാനം ചെയ്ത ധാരയ്ക്കും ഗാന്ധിജിയുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കോണ്‍ഗ്രസുകാര്‍ക്കും കമ്യൂണിസ്റ്റുകാര്‍ക്കുമിടയില്‍ നിലപാടുകളില്‍ ഭിന്നതയും വ്യത്യസ്തതയും ഉണ്ടായിരുന്നു. ഭിന്നവിഭാഗങ്ങള്‍ തമ്മിലുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തി കൊണ്ടു തന്നെയാണ് അവരെല്ലാം ഒന്നിച്ചും വേറെവേറെയും അവരവരുടേതായ രീതിയില്‍ ബ്രിട്ടിഷ് വിരുദ്ധ സമരങ്ങള്‍ നടത്തിയത്.

ക്വിറ്റ് ഇന്ത്യ സമരത്തെ സംബന്ധിച്ച് കമ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ് വിഭാഗങ്ങള്‍ക്കിടയിലും വ്യത്യസ്ത സമീപനമുണ്ടായിരുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമായിരുന്നു. ഫാസിസ്റ്റ് ഭീഷണിയെ ലഘൂകരിച്ചു കാണുന്ന നിലപാടായിരുന്നു ആഗസ്ത് പ്രമേയത്തിന് പ്രേരകമായത്. യുദ്ധസാഹചര്യത്തില്‍ അന്ത്യ സമരം നടത്തിയാല്‍ ബ്രിട്ടന്‍ വിട്ടു പോകാന്‍ നിര്‍ബന്ധിതമായിത്തീരുമെന്ന കണക്കുകൂട്ടലായിരുന്നു ഗാന്ധിജിക്കുണ്ടായിരുന്നത്. ഫാസിസ്റ്റ് യുദ്ധഭീഷണിയെ ലഘൂകരിച്ച് കാണുന്നതിനോട് കമ്യൂണിസ്റ്റുകാര്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല.

ഫാസിസ്റ്റു ഭീഷണിയുടേതായ സാര്‍വ്വദേശീയ സാഹചര്യവും ഫാസിസ്റ്റ് വിരുദ്ധ യുദ്ധമുന്നണിയുടെ ഭാഗമായി ബ്രിട്ടിഷ് ഗവണ്‍മെന്റ് വന്നതിന്റെ പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നയങ്ങളെ സംബന്ധിച്ച സമീപന ഭിന്നതയും സൂക്ഷിച്ചുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാര്‍ ഫാസിസ്റ്റ് വിരുദ്ധ സമരമെന്ന സാര്‍വ്വദേശീയ കടമയും ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യത്തിനായുള്ള ബ്രിട്ടീഷ് വിരുദ്ധ സമരവും ഒരുമിച്ച് ഏറ്റെടുക്കേണ്ടി വന്നു.

ഹിറ്റ്‌ലറും മുസോളിനിയും ജാപ്പ് സാമ്രാജ്യത്വവും ചേര്‍ന്ന ഫാസിസ്റ്റുകളെ യുദ്ധത്തില്‍ പരാജയപ്പെടുത്തുകയെന്നതും, ബ്രിട്ടന്റെ കോളനി മേധാവിത്വത്തില്‍ നിന്നുമുള്ള ഏഷ്യനാഫ്രിക്കന്‍ ലാറ്റിന്‍ രാജ്യങ്ങളുടെ മോചനം സാധ്യമാക്കുകയെന്നതും സാര്‍വ്വദേശീയ തലത്തില്‍ തന്നെ ജനാധിപത്യ സോഷ്യലിസ്റ്റ് ശക്തികള്‍ക്ക് ഏറ്റെടുക്കേണ്ടി വന്ന കടമയായിരുന്നു.

സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലും കോളനി രാജ്യങ്ങളുടെ ദേശീയവിമോചനത്തിന് ഫാസിസ്റ്റ് ശക്തികളുടെ പരാജയം സഹായകരമായ സാഹചര്യമൊരുക്കുമെന്നും കണ്ടിരുന്നു. വാസ്തവത്തില്‍ അതു തന്നെയാണല്ലോ സംഭവിച്ചത്. ജര്‍മനി യുദ്ധത്തില്‍ ജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ വിധി എന്താകുമായിരുന്നു. ബ്രിട്ടന് പകരം ഫാസിസ്റ്റ് ജര്‍മനിയുടെയോ ജപ്പാന്റെയോ കോളനിയാവുമായിരുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് ഫാസിസ്റ്റു ശക്തികളെ ഭൂമുഖത്ത് നിന്ന് ഉച്ചാടനം ചെയ്ത രണ്ടാം ലോകയുദ്ധാനന്തര സാഹചര്യം സൃഷ്ടിച്ച നിര്‍കോളനീകരണ പ്രക്രിയയുമായിരുന്നു.

മുസ്സോളിനിയും ഹിറ്റ്‌ലറും

അരുണ്‍ ഷൂരി 1980 കളുടെ ആദ്യം ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയില്‍ എഴുതിയ ‘ദി ഗ്രേറ്റ് ബിട്രയല്‍’ എന്ന ലേഖന പരമ്പരയിലൂടെയാണ് കമ്യൂണിസ്റ്റുകാരെ വഞ്ചകരും ക്വിറ്റിന്ത്യാ സമരത്തെ ഒറ്റികൊടുത്തവരുമായി ചിത്രീകരിക്കുന്ന ക്ഷുദ്രവികാരങ്ങളുണര്‍ത്തുന്ന നിറം പിടിപ്പിച്ച നുണകള്‍ വാരി വിതറിയിട്ടത്.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കമ്യൂണിസ്റ്റു പാര്‍ടിക്ക് മേലുള്ള നിരോധനം നീക്കി തരണമെന്നാവശ്യപ്പെട്ട് എഴുതിയ ബ്രിട്ടീഷ് ആര്‍ക്കൈവ്‌സില്‍ നിന്നും ലഭിച്ച കത്തിനെ വിവാദമാക്കിക്കൊണ്ട് കമ്യൂണിസ്റ്റുകാരുടെ വഞ്ചനയുടെ തെളിവ് എന്ന നിലയില്‍ ആഘോഷമാക്കുകയായിരുന്നു ഈ ലേഖന പരമ്പരയിലൂടെ ഷൂരി.

1942 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിന്റേതായ രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങളെയും അതില്‍ കമ്യൂണിസ്റ്റ് ഇടപെടലുകളെയും സംബന്ധിച്ച് സമ്പുര്‍ണ്ണ അജ്ഞത സൃഷ്ടിച്ചാണ് ഷൂരിയെ പോലുള്ളവര്‍ കമ്യൂണിസ്റ്റുകാര്‍ക്കെതിരെ നുണപ്രചരണം നടത്തിയത്. 1942 ആഗസ്ത് 8 ന് ബോംബെ എ.ഐ.സി.സി.യില്‍ ക്വിറ്റിന്ത്യാ പ്രമേയം അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടുകയും എ.ഐ.സി.സി ഓഫീസു പോലും അടച്ചു പൂട്ടുകയും ചെയ്തു.

മഹാത്മ ഗാന്ധി

ഒരു മുന്നൊരുക്കവും ആസൂത്രണവുമില്ലാതെയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം അന്ത്യസമരത്തിന് ആഹ്വാനം ചെയ്തത്. ഗാന്ധിജിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്താകെ തങ്ങള്‍ക്കാവുന്ന രീതിയില്‍ ചില സായുധ ഭീകരപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത് സോഷ്യലിസ്റ്റുകളായിരുന്നു. ഗാന്ധിജിയുടെ മോചനമടക്കമുള്ള ആവശ്യമുയര്‍ത്തി കിറ്റ് ഇന്ത്യാ സമരക്കാലത്തെ അടിച്ചമര്‍ത്തലുകളെ പ്രതിരോധിച്ചത് കമ്യുണിസ്റ്റുകാരും സോഷ്യലിസ്റ്റുകളുമായിരുന്നു. കാരശ്ശേരി മാഷെ പോലുള്ളവര്‍ അരുണ്‍ ഷൂരിയുടെ ‘The only father land’ പോലുള്ള സംഘി നിലപാടുകള്‍ കുത്തിനിറച്ച ചവറ് സാഹിത്യത്തില്‍ നിന്നും ചരിത്രം മനസിലാക്കുന്നതിനു മുമ്പ് കെ.പി.സി.സി യുടെ ഔദ്യോഗിക ചരിത്ര രേഖകളെങ്കിലും വായിച്ചിരിക്കേണ്ടതായിരുന്നു.

1945 സെപ്റ്റംബര്‍ മാസത്തില്‍ അന്നത്തെ കെ.പി.സി.സി സെക്രട്ടറി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ക്വിറ്റ് ഇന്ത്യാ സമരകാലത്ത് മലബാറില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 650 പേരില്‍ 300 പേരും കമ്യൂണിസ്റ്റുകാരായിരുന്നു. ബാക്കിയുള്ള 350 പേരില്‍ ഭൂരിപക്ഷവും സോഷ്യലിസ്റ്റുകളായിരുന്നു. അവരില്‍ വലിയൊരു വിഭാഗം പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഭാഗമായി തീര്‍ന്നവരുമായിരുന്നു.

1940ല്‍ സാമ്രാജ്യത്വ വിരുദ്ധ ദിനാചരണ റാലിക്ക് നേരെ ബ്രിട്ടീഷ് പൊലീസ് നടത്തിയ വെടിവെപ്പിലാണ് തലശ്ശേരി കടപ്പുറത്ത് അബുവും ചാത്തുക്കുട്ടിയും പിടഞ്ഞു വീണു മരിച്ചത്. മൊറാഴ സംഭവത്തിന്റെ പേരിലാണ് കെ.പി.ആറിന് വധശിക്ഷ വിധിച്ചത്.
ബ്രിട്ടീഷ് പൊലീസും ജന്മിമാരും അഴിച്ചുവിട്ട ഭീകരതക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് കള്ളക്കേസ് ചുമത്തി കയ്യൂര്‍ സഖാക്കള്‍ അപ്പുവിനെയും ചിരുകണ്ടനെയും അബുവിനെയും തൂക്കിലേറ്റിയത്. കരിവള്ളൂരിലെ കയ്മ പാടത്തും തില്ലങ്കേരിലെ പാടവരമ്പത്തും ബ്രിട്ടീഷ് പൊലീസുകാരുടെ വെടിയേറ്റുവീണവര്‍ കമ്യൂണിസ്റ്റ് കര്‍ഷക പോരാളികളായിരുന്നു.

ക്വിറ്റ് ഇന്ത്യാ സമരാനന്തരവും നാടുവാഴിത്തത്തിനും ബ്രിട്ടീഷുകാര്‍ക്കുമെതിരെ പൊരുതിനിന്നവരാണ് തെലങ്കാനയിലെ വിപ്ലവകാരികള്‍. ബ്രിട്ടീഷ് സാമ്രാജ്യത്തെ പിടിച്ചുകുലുക്കിയ 1946 ലെ റോയല്‍ നേവി കലാപത്തില്‍ ഇന്ത്യന്‍ സൈനികര്‍ ത്രിവര്‍ണ്ണ പതാകയോടൊപ്പം കമ്യൂണിസ്റ്റുകാരുടെ ചുവന്ന കൊടിയും മുസ്ലിം ലീഗിന്റെ പച്ചക്കൊടിയും ഉയര്‍ത്തി പിടിച്ചിരുന്നുവെന്ന കാര്യം കമ്യുണിസ്റ്റുകാരെ അപഹസിക്കാനുള്ള അതിവ്യഗ്രതയില്‍ വിസ്മരിച്ചു കളയരുതെന്നേ പറയാനുള്ളൂ.

ക്വിറ്റിന്ത്യാ കാലത്ത് എടുത്ത നിലപാടുകളുടെ പേരില്‍ കമ്യൂണിസ്റ്റുകാരോട് ശക്തമായ വിമര്‍ശനം സൂക്ഷിച്ച ഗാന്ധിജി പില്‍ക്കാലത്ത് അത് മയപ്പെട്ടത്തുന്നുണ്ടെന്ന കാര്യം കാരശ്ശേരി മാഷെ പോലുള്ളവര്‍ അറിഞ്ഞിരിക്കേണ്ടതല്ലേ. പി.സി ജോഷിയും ഗാന്ധിജിയും തമ്മില്‍ നടന്ന കത്തിടപാടുകളില്‍ കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് തനിക്ക് ലഭിച്ച തെറ്റായ വിവരങ്ങളെ സംബന്ധിച്ച് ജോഷിക്കെഴുതിയ കത്തുകളില്‍ ഗാന്ധിജി സൂചിപ്പിക്കുന്നുണ്ട്. വിമര്‍ശനങ്ങളും വിയോജിപ്പുകളുമാകാം. എന്നാല്‍ ചരിത്രത്തിന്റെ അനിഷേധ്യസത്യങ്ങളെ കുറിച്ച് അജ്ഞത പരത്തുന്ന ക്രൂരഫലിതങ്ങള്‍ സംവാദാത്മകത ആഗ്രഹിക്കുന്നവര്‍ക്ക് അഭിമതമാണോയെന്ന് കാരശ്ശേരി മാഷ് തന്നെ ചിന്തിക്കട്ടെ.

ബിപിന്‍ ചന്ദ്ര

ബിപിന്‍ ചന്ദ്രയെ പോലുള്ള ചരിത്രകാരന്മാര്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് രേഖകളും ആര്‍.എസ്.എസ് ആചാര്യന്മാരുടെ ലേഖനങ്ങളും ഉദ്ധരിച്ച് ഹിന്ദുത്വ ശക്തികളുടെ ദേശീയ വഞ്ചനയും ബ്രിട്ടീഷ് ദാസ്യവും തുറന്നു കാട്ടിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഇവിടെ പോകുന്നില്ല. ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിക്കുക ഭരിക്കുക’ എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ ഉപകരണമായിരുന്നു ഹിന്ദുത്വ വാദികള്‍.

ദേശീയ പ്രസ്ഥാനത്തിന്റെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സംഭവ വികാസങ്ങളില്‍ നിന്ന് മാറിനിന്ന് വര്‍ഗീയവല്‍ക്കരണത്തിനും കലാപ ശ്രമങ്ങളിലും മാത്രമാണവര്‍ കേന്ദ്രീകരിച്ചത്. ഈ രാജ്യദ്രോഹ ചരിത്രത്തെ മറച്ചു പിടിക്കാനുള്ള അപനിര്‍മ്മാണമാണ് ഷൂരിയെ പോലുള്ളവര്‍ നടത്തിയ അപവാദ പ്രചരണങ്ങള്‍. ചരിത്രമെന്നത് അപവാദ പ്രചരണവും പരദൂഷണവുമല്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M.N Karassery should learn real history of Indian Freedom Struggle

കെ.ടി. കുഞ്ഞിക്കണ്ണന്‍

സി.പി.ഐ.എം നേതാവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം ഡയറക്ടറുമാണ് ലേഖകന്‍

We use cookies to give you the best possible experience. Learn more