| Sunday, 24th November 2024, 6:07 pm

ജമാഅത്തെ ഇസ്‌ലാമിയും എസ്.ഡി.പി.ഐയും കേരളത്തില്‍ വലിയ ശക്തികളല്ലെന്ന് എം.എന്‍. കാരശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  ജമാഅത്തെ ഇസ്‌ലാമിക്കും എസ്.ഡി.പി.ഐക്കും സി.പി.ഐ.എം പറയുന്നതുപോലുള്ള വലിയ ശക്തിയൊന്നും കേരളത്തിലില്ലെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ എം.എന്‍. കാരശ്ശേരി. സി.പി.ഐ.എം പറയുന്നതുപോലുള്ള വോട്ടോ, അനുയായികളോ, അനുഭാവികളോ ജമാഅത്തെ ഇസ്‌ലാമിക്ക് ഇല്ലെന്നും കേരളത്തില്‍ ഒരു പഞ്ചായത്ത് പോലും ജമാഅത്തെ ഇസ്‌ലാമിയോ എസ്.ഡി.പി.ഐയോ ഭരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും പിന്തുണയോടെയാണെന്ന എല്‍.ഡി.എഫ് ആരോപണത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സി.പി.ഐ.എമ്മിന് വോട്ട് ചെയ്യുമ്പോള്‍ മാത്രമാണ് അവര്‍ക്ക് മുസ്‌ലിങ്ങള്‍ മതേതര സ്വഭാവമുള്ളവര്‍ ആകുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്ത സമയത്ത് മുസ്‌ലിം ലീഗിന്റെ പ്രതികരണത്തിന് തീവ്രത പോരെന്ന് പറഞ്ഞ് രൂപീകരിച്ച ഐ.എന്‍.എല്‍ സി.പി.ഐ.എമ്മിന് മതേതര പാര്‍ട്ടിയാണെന്നും കാരണം അവര്‍ എല്‍.ഡി.എഫിലായതിനാലാണെന്നും കാരശ്ശേരി പറഞ്ഞു.

കേരളത്തില്‍ ആയിരത്തോളം പഞ്ചായത്തുകളുണ്ടെന്നും ഇവയില്‍ ഒരിടത്ത് പോലും ജമാഅത്തെ ഇസ്‌ലാമിക്കോ എസ്.ഡി.പി.ഐക്കോ ഭരണമില്ലെന്നും എം.എന്‍. കാരശ്ശേരി പറഞ്ഞു. മുനിസിപ്പാലിറ്റികളിലും ഇത് തന്നെയാണ് അവസ്ഥയെന്നും ഏതാനും ചില പഞ്ചായത്തുകളില്‍ ഒന്നോ രണ്ടോ വാര്‍ഡ് മെമ്പര്‍മാര്‍ മാത്രമാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലുമൊരു മണ്ഡലത്തിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കഴിയുന്ന തരത്തിലുള്ള വോട്ട് വിഹിതം ജമാഅത്തെ ഇസ്‌ലാമിക്കും എസ്.ഡി.പി.ഐക്കും ഇപ്പോള്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ള ശക്തി ഇരു വിഭാഗത്തിനും ഉണ്ടായിരുന്ന കാലത്ത് അത് ഉപയോഗപ്പെടുത്തിയത് സി.പി.ഐ.എം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇറാഖില്‍ സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ കേരളത്തില്‍ ബന്ദ് നടത്തിയവരാണ് സി.പി.ഐ.എം എന്നും അതിന്റെ മറവില്‍ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ളവര്‍ക്ക് വേദിയൊരുക്കിയതും സി.പി.ഐ.എം ആണെന്നും കാരശ്ശേരി പറഞ്ഞു. ഇതിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മതമൗലികവാദികള്‍ക്ക് സി.പി.ഐ.എമ്മുമായി സഹകരിക്കാനുള്ള വേദിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും മുസ്‌ലിം വര്‍ഗീയവാദികളെ ഉപയോഗിക്കുന്നുണ്ടെന്നും അതില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് എല്‍.ഡി.എഫ് ആണെന്നും എം.എന്‍. കാരശ്ശേരി പറഞ്ഞു.

content highlights: MN Karassery said that Jamaat-e-Islami and SDPI are not big forces in Kerala

We use cookies to give you the best possible experience. Learn more