| Friday, 28th January 2022, 7:06 pm

മറുപടിയില്ലാത്തവരാണ് തെറി വിളിക്കുന്നത് | എം.എന്‍. കാരശ്ശേരി

എം.എന്‍ കാരശ്ശേരി

സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ എന്നാണ് അതിനെ പറയുന്നത്. എനിക്കതില്‍ പരാതിയോ പരിഭ്രമമോ ഇല്ല.

മാത്രവുമല്ല എനിക്കതെല്ലാം തമാശയാണ്. കാരണം വ്യക്തിപരമായി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. വ്യക്തിപരമായി ഞാന്‍ ആരെയും അധിക്ഷേപിച്ചിട്ടുമില്ല. നയപരമായ കാര്യങ്ങളാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. നമുക്കൊരു വികസന നയമുണ്ടോ, നമുക്കൊരു പരിസ്ഥിതി നയമുണ്ടോ എന്നതിനെ കുറിച്ചൊക്കെയാണ് ഞാന്‍ സംസാരിച്ചിട്ടുള്ളത്.

ബി.ജെ.പിക്കോ, കോണ്‍ഗ്രസിനോ, സി.പി.ഐ.എമ്മിനോ, ലീഗിനോ ഇത്തരത്തിലുള്ള നയങ്ങളുണ്ടോ എന്നാണ് ഞാന്‍ ചോദിച്ചത്. അതൊരു പ്രധാനപ്പെട്ട ചോദ്യമാണ്. കാരണം പ്രകൃതിനശീകരണം കൊണ്ട് ജീവിതം എങ്ങനെയാണ് ദുസ്സഹമാകുന്നത് എന്ന് 2018ലെ പ്രളയം നമുക്ക് പഠിപ്പിച്ച് തന്നതാണ്.

2018ല്‍ നിരവധി ഉരുള്‍പൊട്ടലുകളുണ്ടായ പഞ്ചായത്തുകളാണ് കാരശ്ശേരിയും തൊട്ടടുത്തുള്ള കൂടരഞ്ഞിയും. എങ്ങനെയാണ് ഈ രീതിയില്‍ ബോംബുകള്‍ പോലെ കുന്നുകള്‍ പൊട്ടുന്നത്, വെള്ളം പ്രതികാരം ചെയ്യുന്നത്, ക്വാറികള്‍ ആരംഭിച്ച് പാറക്കെട്ടുകള്‍ ഇല്ലാതാകുന്നത്, മരങ്ങള്‍ വെട്ടിക്കളയുന്നത്, കിളികളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥകള്‍ തകിടം മറിയുന്നത് തുടങ്ങി പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഞാന്‍ ചോദിച്ചത്. ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ചെയ്യേണ്ടത്.

മറുപടി ഇല്ലാത്തത് കൊണ്ടായിരിക്കാം എന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. എനിക്കതില്‍ ആക്ഷേപമില്ല. ഞാന്‍ ജര്‍മനിയില്‍ പോയതിനെയാണ് ഇപ്പോള്‍ ആക്ഷേപിക്കുന്നത്. ജര്‍മനിയിലെ വിവിധ സര്‍വകലാശാലകളില്‍ അവര്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്ലാസെടുക്കാനും സംസാരിക്കാനുമാണ് ഞാന്‍ പോയത്. അതില്‍ എന്ത് ആക്ഷേപമാണുള്ളത്.

ഞാന്‍ പറഞ്ഞതില്‍ മറുപടിയില്ലാത്തിനാലാണ് ഇപ്പോള്‍ അധിക്ഷേപം തുടങ്ങിയിരിക്കുന്നത്. എന്നെ തെറിവിളിച്ചാല്‍ വിളിച്ചവരാണ് മോശമാകുന്നത്, ഞാനല്ല. അതുകൊണ്ട് എന്നെ തെറിവിളിക്കുന്നതില്‍ എനിക്ക് യാതൊരു പരാതിയും പരിഭവവുമില്ല. ആരാണ് തെറിവിളിക്കുന്നത് എന്ന് ഞാന്‍ അന്വേഷിക്കുന്നില്ല.

തെറിവിളികള്‍ക്ക് പകരം വേണ്ടത് കെ റെയിലിനെ കുറിച്ചുള്ള ചര്‍ച്ചകളാണ്. കെ റെയില്‍ കേരളത്തിന് അത്യാവശ്യമുള്ളതാണോ, അതെങ്ങനെയാണ് നമ്മുടെ സാമൂഹിക-സാമ്പത്തിക ജീവിതത്തെ ബാധിക്കാന്‍ പോകുന്നത് എന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ്. അതിനെ സംബന്ധിച്ച വിശദീകരണങ്ങളാണ് വേണ്ടത്.

അത് വിശദീകരിക്കാന്‍ അര്‍ഹതയുള്ള കേരളത്തിലെ ഒരു കൂട്ടര്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്താണ്. സി.പി.ഐ.എമ്മിന്റെ കൂടെ നില്‍ക്കുന്ന പരിഷത്തിന്റെ നേതാവ് ടി.പി. കുഞ്ഞിക്കണ്ണന്‍ കൃത്യമായി വിശദീകരിച്ചിട്ടുണ്ട് എങ്ങനെയാണ് കെ റെയില്‍ കേരളത്തിന് ആപത്താകുന്നത് എന്ന്. ഭരണ മുന്നണിയിലെ സി.പി.ഐയും ഈ പദ്ധതിക്ക് എതിരാണ്.

ബിനോയ് വിശ്വവും കാനം രാജേന്ദ്രനും പന്ന്യന്‍ രവീന്ദ്രനുമെല്ലാം ഈ പദ്ധതിയെ എതിര്‍ക്കുന്നുണ്ട്. എന്നാല്‍ അവരെ ആരെയും തെറിപറയാന്‍ എന്നെ തെറിപറയുന്നവര്‍ക്ക് കഴിയില്ല. പകരം കാരശ്ശേരിയെ പറയാം. അതില്‍ എനിക്ക് ഒരു പ്രശ്നവുമില്ല. തെറി പറയുന്നവരുടെ സമയവും ഊര്‍ജവും നഷ്ടമാകുന്നു എന്നല്ലാതെ എനിക്കതില്‍ പ്രശ്നമൊന്നുമില്ല. കാരണം തെറി കേട്ടവന്റെ അന്തസല്ല, തെറി പറഞ്ഞവന്റെ അന്തസാണ് നഷ്ടമാകുക.

തെറിയെ കുറിച്ച് സി.ജെ. തോമസ് ഒരു ലേഖനമെഴുതിയിട്ടുണ്ട്. അതില്‍ പറയുന്നത് പരാജയപ്പെട്ടവന്റെ ആയുധമാണ് തെറി എന്നാണ്. അതുകൊണ്ട് തന്നെ ഈ തെറികളൊന്നും എന്ന പിന്തിരിപ്പിക്കുകയോ നിര്‍വീര്യമാക്കുകയോ ചെയ്യുന്നില്ല. ഞാന്‍ മാത്രമല്ല റഫീഖ് അഹമ്മദ് അടക്കമുള്ള ഈ തെറി കേള്‍ക്കുന്നവര്‍ ആരും ഈ നിലപാടില്‍ നിന്ന് പിന്‍മാറിപ്പോകില്ല.

കെ റെയില്‍ വന്നാല്‍ 50,000 കുടുംബങ്ങളെങ്കിലും കുടിയിറക്കപ്പെടും. ഈ 50,000 കുടുംബങ്ങളുടെ പ്രശ്നം ആര് ഏറ്റെടുക്കുമെന്നതാണ് ഇവിടെ പ്രധാന ചോദ്യം. കുടിയിറക്കപ്പെടുന്നവരില്‍ തൊഴിലാളികളും ദരിദ്രരുമുണ്ടാകും. മുന്‍കാലങ്ങളിലും അണക്കെട്ടുണ്ടാക്കാന്‍ വേണ്ടിയും റെയില്‍വേ സ്റ്റേഷനുണ്ടാക്കാന്‍ വേണ്ടിയുമെല്ലാം കുടിയിറക്കപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. അവര്‍ക്കാര്‍ക്കും നല്ലൊരു പുനരധിവാസം സാധ്യമായിട്ടില്ല. കുടിയൊഴിമ്പോള്‍ ലഭിക്കുന്ന നഷ്ടപരിഹാരം കൊണ്ട് മറ്റൊരിടത്ത് അവര്‍ക്ക് നല്ല രീതിയിലുള്ള പുനരധിവാസം സാധ്യമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

50,000 കുടുംബങ്ങളെന്ന് പറയുമ്പോള്‍ 5 ലക്ഷം ആളുകളെങ്കിലും അനാഥരോ അഗതികളോ ആകുന്ന ഒരു പദ്ധതിയാണ് കെ റെയില്‍. പ്രകൃതിക്ക് നിങ്ങള്‍ വില കല്‍പിക്കുന്നില്ലെങ്കില്‍ വേണ്ട. നിങ്ങള്‍ക്ക് വോട്ട് ചെയ്യുന്നവരോ അല്ലാത്തവരോ ആയ കുടിയിറക്കപ്പെടുന്ന ഈ മനുഷ്യരുടെ കാര്യത്തില്‍ എന്താണ് നിലപാട് എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഈ മനുഷ്യരെ കുടിയിറക്കേണ്ട എന്ത് അത്യാവശ്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്.

ഞാന്‍ മനസ്സിലാക്കുന്നത് കെ റെയില്‍ കോടിക്കണക്കിന് രൂപ ചിലവ് വരുന്ന ഒരു പദ്ധതിയാണ്. അതില്‍ നിന്ന് ലഭിക്കുന്ന കൈക്കൂലിയും കമ്മീഷനും മാത്രമാണ് ഭരണകൂടം ലക്ഷ്യം വെക്കുന്നത്. നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍കോഡ് എത്തേണ്ടത് സിനിമാക്കാര്‍ക്കും വ്യവസായികള്‍ക്കുമാണ്. അവര്‍ക്ക് ചെയ്യാന്‍ പറ്റുന്ന ലളിതമായ കാര്യം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തില്‍ പോകാമെന്നതാണ്. അല്ലെങ്കില്‍ കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഒരു ട്രെയിന്‍ നാലോ അഞ്ചോ സ്റ്റോപ്പുകള്‍ മാത്രമായി പരിമിതപ്പെടുത്തുക എന്നാണ്.

ഈ രണ്ട് കാര്യങ്ങള്‍ക്കും കെ റെയിലിന്റെ അത്ര ചിലവുണ്ടാകില്ല. കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേക്ക് മുമ്പ് സംസാരിച്ചിരുന്ന ജലപാതയും പരിഗണിക്കാം. ഈ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ആരെയും കുടിയൊഴിപ്പിക്കേണ്ടി വരില്ല.

കെ റെയില്‍ വിരുദ്ധ സമരങ്ങള്‍ കേരളത്തില്‍ ഒരു യുദ്ധക്കളം സൃഷ്ടിക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസ് കെ റെയിലിന്റെ അതിരടയാള കല്ലുകള്‍ പിഴുതുമാറ്റുമെന്ന് പറയുമ്പോള്‍ ജയരാജന്റെ മറുപടി കല്ല് മാത്രമല്ല പല്ലും പിഴുതുമാറ്റുമെന്നാണ്. ഭരണ മുന്നണിയിലെ പ്രധാന പാര്‍ട്ടിയുടെ പ്രധാന നേതാവിന്റെ വെല്ലുവിളിയാണിത്.

കല്ല് പിഴുതുമാറ്റിയാല്‍ പല്ല് പിഴുത് മാറ്റുമെന്നതാണോ വികസനത്തെ സംബന്ധിച്ച സര്‍ക്കാറിന്റെ നയം. ഈ വെല്ലുവിളി കേട്ടാല്‍ ആരാണ് പ്രകോപിതരാകാതിരിക്കുക. തെരുവുയുദ്ധം നടത്തി കെ റെയില്‍ കൊണ്ടുവരുമെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഒരു പദ്ധതിയുടെ ആവശ്യക്കാര്‍ ഇവിടുത്തെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ്.

തെറി വിളിക്കുന്ന ഇടതുപക്ഷക്കാര്‍ ആലോചിക്കേണ്ട ഒരു കാര്യമുണ്ട്. അവര്‍ പറയുന്നതെല്ലാം ഇടതുപക്ഷ നിലപാടാണോ എന്ന്. പി.വി. അന്‍വറിനെ പോലുള്ള മുതലാളിമാരാണ് ഇടതുപക്ഷത്തിന് വേണ്ടി ഇപ്പോള്‍ സംസാരിക്കുന്നത്. അവര്‍ അവകാശപ്പെടുന്നത് അവരാണ് പുരോഗമന വാദികളും ഇടതുപക്ഷവുമെന്നാണ്. എന്തിന്റെ പുരോഗമനമാണ് അവര്‍ കാണിക്കുന്നത്.

ഇവിടുത്തെ പ്രകൃതിയും പരിസ്ഥിതിയും നശിപ്പിക്കുന്നതില്‍ പി.വി. അന്‍വറിന്റെ പദ്ധതികള്‍ക്ക് പങ്കുണ്ട് എന്ന് പറഞ്ഞത് ഹൈക്കോടതിയാണ്. ഹൈക്കോടതി പറഞ്ഞിട്ടും വിലയില്ല. കാരണം അദ്ദേഹത്തിന്റെ കൈയില്‍ പണമുണ്ട്. അദ്ദേഹം ഇവിടുത്തെ എം.എല്‍.എയാണ്. അദ്ദേഹത്തിന് ആഫ്രിക്കയില്‍ സ്വര്‍ണഖനിയുണ്ട്. ഇതാണ് ഇപ്പോഴത്തെ ഇടതുപക്ഷം. പി.വി. അന്‍വര്‍ പറയുന്നത് പാലോളി മുഹമ്മദ് കുട്ടി പറയുമോ എന്നതാണ് എന്റെ ചോദ്യം. ഇടതുപക്ഷമെന്ന നിലയില്‍ ഞങ്ങളുടെയൊക്കെ മനസിലുള്ളത് പാലോളിയെ പോലുള്ള ആളുകളാണ്.

അതു കൊണ്ട് നിങ്ങള്‍ ഇനിയും തെറിപറയുക. എനിക്കതെല്ലാം ശീലമാണ. കാരണം 1970 മുതല്‍ ഞാനിത് കേള്‍ക്കുന്നുണ്ട്. അക്കാലത്ത് എം.പി. മുഹമ്മദിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ഇസ്‌ലാം ആന്റ് മോഡല്‍ സൊസൈറ്റി രൂപീകരിച്ചപ്പോള്‍ ബി.എ വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ അതിന്റെ കൂടെ നിന്നിരുന്നു. അതിന്റെ പേരില്‍ ശരീഅത്തിനെ എതിര്‍ത്തതിന് അന്നേ തെറിവിളി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

1985ല്‍ മാതൃഭൂമിയില്‍ ‘ഉമ്മമാര്‍ക്ക് ഒരു സങ്കട ഹരജി’ എന്ന ലേഖനമെഴുതിയിരുന്നു. വലിയ തോതിലുള്ള പ്രശ്നങ്ങളാണ് അന്നുണ്ടായത്. അന്ന് എന്നെ കുറിച്ച് മുസ്‌ലിം ലീഗുകാര്‍ പ്രചരിപ്പിച്ചിരുന്നത് എനിക്ക് ഇസ്രഈലില്‍ നിന്ന് പണം വരുന്നുണ്ട് എന്നായിരുന്നു. മാപ്പിളനാട് എന്ന പ്രസിദ്ധീകരണത്തില്‍ അന്ന് എന്നെ വിശേഷിപ്പിച്ചിരുന്നത് ‘ജൂതക്കുട്ടി’ എന്നായിരുന്നു. അത്രയൊന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ല.

അതുകൊണ്ട് തന്നെ ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്ന തെറിവിളികളുടെ പേരില്‍ ഞാന്‍ നിര്‍വീര്യനാകാനോ, നിലപാടുകളില്‍ നിന്ന് പിറകോട്ട് പോകാനോ ഉദ്ദേശിച്ചിട്ടില്ല. കാരണം നിങ്ങളുടെ ഇത്തരം നിലപാടുകള്‍ കൊണ്ട് ഞാന്‍ അപമാനിതനാകില്ല. എന്നെ അപമാനിക്കാന്‍ എനിക്ക് മാത്രമേ സാധിക്കൂ. കാരണം ഞാന്‍ കള്ളം പറഞ്ഞാലോ അഴിമതി കാണിച്ചാലോ മാത്രമേ ഞാന്‍ അപമാനിതനാകൂ. അതുകൊണ്ട് നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയുകയോ ഫേസ്ബുക്കില്‍ എഴുതുകയോ വാട്സ് ആപ്പില്‍ പ്രചരിപ്പിക്കുകയോ ചെയ്യാം. അതിലൊന്നും എനിക്കൊരു പരാതിയുമില്ല. അതൊന്നും കാണാന്‍ എനിക്ക് സമയമില്ല. കാരണം ജനങ്ങള്‍ക്ക് പ്രയോജനമുണ്ടെന്ന് കരുതുന്ന പലതും എനിക്ക് വേറെ ചെയ്യാനുണ്ട്.

അതുകൊണ്ട് തെറി വിളിക്കുന്നവരോട് എനിക്ക് ഒരു അപേക്ഷയാണുള്ളത്. കെ റെയില്‍ സംബന്ധിച്ച് ആര്‍.വി.ജി. മേനോനും ടി.പി. കുഞ്ഞിക്കണ്ണനുമെല്ലാം പറഞ്ഞതിനുള്ള മറുപടിയാണ് നല്‍കേണ്ടത്. ഇവിടുത്തെ മനുഷ്യജീവനും പ്രകൃതിക്കും സമ്പത്തിനും ഈ പദ്ധതിയുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തും ശാസ്ത്രജ്ഞരും പങ്കുവെക്കുന്ന ആശങ്കകള്‍ക്കാണ് നിങ്ങള്‍ മറുപടി പറയേണ്ടത്.

എത്ര കോടി എവിടെ നിന്നാണ് കടമെടുക്കുന്നത്? വരുന്ന തലമുറ എത്ര കോടിക്ക് കണക്ക് പറയണമെന്നും നിങ്ങള്‍ പറയുക. ഇതൊക്കെയാണ് ഇടതുപക്ഷമെങ്കില്‍ പിന്നെ വലതുപക്ഷമേതാണ് എന്നുകൂടി ദയവായി നിങ്ങള്‍ പറഞ്ഞുതരണം.


Content Highlight: MN Karassery reaction on the cyber attack against him on K Rail issue

എം.എന്‍ കാരശ്ശേരി

എഴുത്തുകാരന്‍, സാമൂഹ്യനിരീക്ഷകന്‍

We use cookies to give you the best possible experience. Learn more