| Friday, 5th January 2018, 10:09 am

മുത്തലാഖ് അല്ല തലാഖ് തന്നെ നിരോധിക്കണം; മതനിയമത്തിന്റെ പേരിലുള്ള വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്നും എം.എന്‍ കാരശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുത്തലാഖ് അല്ല തലാഖ് തന്നെ നിരോധിക്കപ്പെടേണ്ടതാണെന്ന് എഴുത്തുകാരനും ചിന്തകനുമായ എം.എന്‍ കാരശ്ശേരി. വിവാഹമോചനം കോടതി വഴിയാക്കുക എന്നതാണ് ഉചിതമായ നിയമനിര്‍മാണെന്നു അദ്ദേഹം പറഞ്ഞു. ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

തലാഖ് നിരോധിക്കണം എന്ന് പറയുമ്പോള്‍ അത് മതനിയമത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് അതിനെ എതിര്‍ക്കുന്നവര്‍ക്ക് വാദിക്കാം. ഏകീകൃതമായ ക്രിമിനല്‍ നിയമമുള്ള രാജ്യമാണ് നമ്മുടേത്.

മോഷണം നടത്തുന്നവരുടെ കൈവെട്ടണം എന്ന് പറയുന്ന ഖുറാന്‍ നിയമമല്ല, രാജ്യത്തെ നിയമവ്യവസ്ഥയാണ് നാം പിന്തുടരുന്നത്. അതുകൊണ്ട് തന്നെ മതനിയമത്തിന്റെ പേരിലുള്ള വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഏകപക്ഷീയമായി വിവാഹമോചനത്തിന് നിലവില്‍ മുസ്‌ലീം പുരുഷന് മാത്രമാണ് അവകാശമുള്ളത്. മതനിയമത്തിന്റെ പേരിലാണ് ഇങ്ങനെയൊരു അവകാശം അവര്‍ക്ക് കിട്ടുന്നത്.

എന്നാല്‍ മുസ്‌ലീം സ്ത്രീയെ സംബന്ധിച്ച് വിവാഹമോചനത്തിന് കോടതിയെ സമീപിക്കണം. ഫസ്റ്റ് ആക്ട് അനുസരിച്ചാണ് അത് സാധ്യമാകുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് മുസ്‌ലീം ലീഗ് നേതാവായിരുന്ന മുഹമ്മദാലി ജിന്നയുടെ നേതൃത്വത്തിലുണ്ടാക്കിയ ഈ നിയമം ഇപ്പോഴും നമ്മുടെ രാജ്യത്തുണ്ടെന്നും എം.എന്‍ കാരശ്ശേരി ചൂണ്ടിക്കാട്ടി

ഭാര്യയെ ഒഴിവാക്കാന്‍ ഏകപക്ഷീയമായ അധികാരം നല്‍കുന്ന തലാഖ് പൂര്‍ണമായും നിരോധിക്കണം. വിവാഹമോചനം ആവശ്യമുള്ള പുരുഷന്‍ കോടതിയെ സമീപിക്കട്ടെയെന്നും എം.എന്‍ കാരശ്ശേരി പറഞ്ഞു.

We use cookies to give you the best possible experience. Learn more