| Sunday, 18th April 2021, 3:18 pm

പി.സി. ജോര്‍ജിനെതിരെ കേസെടുക്കണം, ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്ന പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനം: എം.എന്‍. കാരശ്ശേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്ന പി.സി. ജോര്‍ജ് എം.എല്‍.എയുടെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എം.എന്‍ കാരശ്ശേരി. ‘പി.സി. ജോര്‍ജിനെതിരെ കേസെടുക്കണം’ എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പങ്കുവെച്ച രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് എം.എന്‍ കാരശ്ശേരി പി.സി. ജോര്‍ജിനെതിരെ രംഗത്തെത്തുന്നത്.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന് അടിവരയിടുന്ന ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു ജനപ്രതിനിധി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെടുന്നത് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നും, നിരന്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന പി.സി. ജോര്‍ജിനെതിരെ കേസെടുക്കണമെന്നും എം.എന്‍. കാരശ്ശേരി ആവശ്യപ്പെട്ടു.

‘ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാക്കണമെന്നോ, ഇസ്‌ലാമിക രാഷ്ട്രമാക്കണമെന്നോ, സിഖ് രാഷ്ട്രമാക്കണമെന്നോ എന്നൊക്കെ പറയാന്‍ ഒരു വ്യക്തിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഒരു എം.എല്‍എയ്ക്ക് അങ്ങനെ പറയാന്‍ സാധിക്കുമോ. എന്താ കാര്യം, അവര്‍ ഏത് ഭരണഘടന തൊട്ടാണോ സത്യം ചെയ്തത് ആ ഭരണഘടനയുടെ ലംഘനമാണത്’ എന്നാണ് എം.എന്‍. കാരശ്ശേരി വീഡിയോയില്‍ പറയുന്നത്.

‘പി.സി ജോര്‍ജ് അനവധി കാലമായി സംസാരിക്കുന്നത് പല തരത്തിലുള്ള വിദ്വേഷം വളര്‍ത്തുന്ന രീതിയിലാണ്. ഇവിടെ ഉത്തരവാദിത്തപ്പെട്ട പലരും ഇല്ല എന്ന് പറഞ്ഞ ലവ് ജിഹാദ് ഉണ്ട് എന്ന് ഒരു എം.എല്‍.എ പറയുമ്പോള്‍, ആ പ്രസംഗത്തിലൂടെ അദ്ദേഹം നാട്ടിലുണ്ടാക്കുന്നത് വിദ്വേഷവും വെറുപ്പുമാണ്. ജനഹൃദയങ്ങളില്‍ വിഘടനമുണ്ടാക്കുയാണ്,’ എം.എന്‍. കാരശ്ശേരി വിശദീകരിച്ചു.

ഏപ്രില്‍ 10 ന് തൊടുപുഴയില്‍ വെച്ചാണ് ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്ന വിവാദ പരമാര്‍ശം പി.സി ജോര്‍ജ് നടത്തിയത്. ഹൈറേഞ്ച് ഡെവലപ്‌മെന്റ് സൊസൈറ്റി എന്ന സംഘപരിവാര്‍ അനുകൂല സംഘടന നടത്തിയ ഭാരത് അമൃത മഹോത്സവം പരിപാടിയില്‍ വെച്ചാണ് പരാമര്‍ശം നടത്തിയത്. പി.സി. ജോര്‍ജിനെതിരെ പരാതി നല്‍കി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

അങ്കമാലി അതിരൂപതയും വിഷയത്തില്‍ പി.സി ജോര്‍ജിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. എറണാകുളം സീറോ മലബാര്‍ സഭ-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തിലെഴുതിയ ചുവടുതെറ്റുന്ന മതേതര കേരളം എന്ന എഡിറ്റോറിയലിലാണ് പി.സി ജോര്‍ജിനെ പരോക്ഷമായി വിമര്‍ശിച്ചത്.

തൊടുപുഴയിലെ പരാമര്‍ശം വിവാദമായെങ്കിലും അതിനെ ന്യായീകരിച്ചുകൊണ്ട് പി.സി ജോര്‍ജ് വീണ്ടും രംഗത്ത് വന്നിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് താന്‍ പറഞ്ഞത് അബദ്ധവാക്കോ, തനിക്ക് സംഭവിച്ച ഒരു പിഴവോ അല്ലെന്നറിയിച്ചുകൊണ്ടുള്ള ദീര്‍ഘമായ ഒരു ഫേസ്ബുക് പോസ്റ്റിലൂടെയാണ് പി.സി. ജോര്‍ജ് പ്രതികരിച്ചത്.

ഇന്ത്യയില്‍ ഇസ്‌ലാമിക തീവ്രവാദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും ’20 ശതമാനത്തില്‍ താഴെ വരുന്ന ജിഹാദികള്‍ ബാക്കിയുള്ള 80 ശതമാനത്തോളം വരുന്ന നിഷ്‌കളങ്ക സമൂഹത്തെ അവരുടെ ഫാസിസ്റ്റ് രീതിയിലൂടെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും വര്‍ഗീയ ഏകീകരണം ഉണ്ടാക്കുന്ന കാഴ്ച മതേതര ഭാരതത്തിന് തന്നെ അപമാനമാണെന്നു’മാണ് പി.സി ജോര്‍ജ് പോസ്റ്റില്‍ വിശദീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MN Karassery against PC George

We use cookies to give you the best possible experience. Learn more