'റോഡ് ടു മക്ക'യുടെ കോപ്പിയല്ല ബെന്യാമിന്റെ 'ആടുജീവിതം'; ആരോപണങ്ങള്‍ക്ക് കാരണം തൃത്താലയില്‍ എം.ബി രാജേഷിനെ പിന്തുണച്ചത്: എം.എന്‍ കാരശ്ശേരി
Kerala News
'റോഡ് ടു മക്ക'യുടെ കോപ്പിയല്ല ബെന്യാമിന്റെ 'ആടുജീവിതം'; ആരോപണങ്ങള്‍ക്ക് കാരണം തൃത്താലയില്‍ എം.ബി രാജേഷിനെ പിന്തുണച്ചത്: എം.എന്‍ കാരശ്ശേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th May 2021, 10:37 pm

കോഴിക്കോട്: ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ ‘റോഡ് ടു മക്ക’ എന്ന പുസ്തകത്തില്‍ നിന്ന് പകര്‍ത്തിയതാണെന്ന വിവാദങ്ങള്‍ക്കെതിരെ എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി. നോവല്‍ പകര്‍പ്പാണെന്ന തരം വിവാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും കാരശ്ശേരി പറഞ്ഞു.

മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനും യാത്രികനുമായിരുന്ന മുഹമ്മദ് അസദിന്റെ റോഡ് ടു മക്ക എന്ന പുസ്തകം ‘മക്കയിലേക്കുള്ള പാത എന്ന പേരില്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്തത് എം.എന്‍ കാരശ്ശേരിയാണ്.

മരുഭൂമിയിലെ അസ്തമയത്തെപ്പറ്റിയോ കുളിര്‍മയെപ്പറ്റിയോ അസദിനും ബെന്യാമിനും ഒരേ അനുഭവമുണ്ടാകാമെന്നും അത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ബെന്യാമിനെ ആക്രമിക്കുന്നതിന് പിന്നില്‍ തൃത്താലയില്‍ എം. ബി രാജേഷിനെ പിന്തുണച്ചതാണ് കാരണമെന്നും കാരശ്ശേരി പറഞ്ഞു.

‘ഇപ്പോഴെന്താ സംഭവിച്ചതെന്നു വെച്ചാല്‍ തൃത്താലയില്‍ എം ബി രാജേഷിനു വേണ്ടി ബെന്യാമിന്‍ പ്രചാരവേല ചെയ്തു. വിടി ബല്‍റാമും എം ബി രാജേഷും എന്റെ സുഹൃത്തുക്കളാണ്. എം.ബി രാജേഷിനെയാണോ വി.ടി ബല്‍റാമിനെയാണോ പിന്തുണയ്‌ക്കേണ്ടത് എന്നത് ബെന്യാമിന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. രാജേഷിനെ പിന്തുണച്ചു എന്നതിന്റെ പേരിലാണ് ബല്‍റാം തോറ്റപ്പോള്‍ ഇതൊരു വിഷയമായി പൊന്തിവന്നത് എന്നാണ് ഞാന്‍ വിചാരിക്കുന്നത്,’ എം.എന്‍ കാരശ്ശേരി പറഞ്ഞു.

ആടുജീവിതം മുഹമ്മദ് അസദിന്റെ റോഡ് ടു മെക്ക എന്ന പുസ്തകത്തിന്റെ പകര്‍പ്പാണെന്ന തരം ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MN Karassery about writer Benyamin