| Saturday, 29th July 2023, 3:04 pm

മണിപ്പൂരില്‍ വിദേശ ശക്തികളുടെ ഇടപെടല്‍ തള്ളിക്കളയാനാകില്ല: മുന്‍ കരസേന മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇംഫാല്‍: മണിപ്പൂരില്‍ വിദേശ ഏജന്‍സികളുടെ ഇടപെടല്‍ തള്ളിക്കളയാനാകില്ലെന്ന് മുന്‍ കരസേന മേധാവി എം.എം. നരവനെ. വിവിധ വിമത ഗ്രൂപ്പുകള്‍ക്ക് ചൈനീസ് സഹായം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വരുന്ന അസ്ഥിരത രാജ്യത്തിന്റെ മൊത്തത്തിലുള്ള ദേശീയ സുരക്ഷയ്ക്ക് ദോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷ വീക്ഷണം എന്ന വിഷയത്തില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് നില്‍ക്കുന്നവര്‍ അവരുടെ പരമാവധി ചെയ്യുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.
വിദേശ ഏജന്‍സികളുടെ ഇടപെടല്‍ ഞാന്‍ മാത്രം പറയുന്നതല്ല, അത് തള്ളിക്കളയാനാകുന്നതുമല്ല. അവര്‍ മണിപ്പൂരിലുണ്ട്. പ്രത്യേകിച്ച് വിമത ഗ്രൂപ്പുകള്‍ക്കിടയില്‍ ചൈനീസ് സഹായമുണ്ട്,’ നരവനെ പറഞ്ഞു.

ചൈനീസ് സഹായം വര്‍ഷങ്ങളായി ഈ ഗ്രൂപ്പുകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും അത് ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ മയക്കുമരുന്ന് കടത്ത് വളരെ കാലമായി നടക്കുന്നുവെന്നും ഓരോ വര്‍ഷവും അതിന്റെ അളവ് വര്‍ധിക്കുന്നുവെന്നും നരവനെ കൂട്ടിച്ചേര്‍ത്തു.

അതേസമയം ശനിയാഴ്ച ‘ഇന്ത്യ’യിലെ എം.പിമാര്‍ മണിപ്പൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. സംസ്ഥാനത്തെ അക്രമബാധിത താഴ്വര മേഖലയിലും മലയോര മേഖലയിലുമാണ് എം.പിമാര്‍ സന്ദര്‍ശനം നടത്തുന്നത്. ഞായറാഴ്ച ഗവര്‍ണര്‍ അനുസൂയ യുകെയെയുമായി സംഘം കൂടിക്കാഴ്ച നടത്തും.

പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ 20 എം.പിമാരാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എം.പിമാര്‍ മണിപ്പൂരില്‍ എത്തുന്നത്. നേതാക്കള്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. എം.പിമാരില്ലാത്ത ചില പാര്‍ട്ടികള്‍ അവരുടെ പ്രതിനിധികളെയും സംഘത്തിനൊപ്പം അയക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.

അധിര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗൊഗോയ്, ഫുലോ ദേവി നേതം (കോണ്‍ഗ്രസ്), ശുഷ്മിത ദേവ്, സുശീല്‍ ഗുപ്ത (എ.എ.പി), അരവിന്ദ് സാവന്ത് (യു.ബി.ടി), കനിമൊഴി കരുണാനിധി (ഡി.എം.കെ), രാജീവ് രഞ്ജന്‍ സിങ്, അനീല്‍ പ്രസാദ് ഹെഡ്ജ് ( ജെ.ഡി.യു), സന്തോഷ് കുമാര്‍ (സി.പി.ഐ), എ.എ റഹീം (സി.പി.ഐ.എം), മനോജ് കുമാര്‍ ത്സാ (ആര്‍.ജെ.ഡി), ജാവേദ് അലി ഖാന്‍ (സമാജ്‌വാദി പാര്‍ട്ടി), മഹുവ മാജി (ജെ.എം.എം), പി.പി മുഹമ്മദ് ഫൈസല്‍ (എന്‍.സി.പി), ഇ.ടി. മുഹമ്മദ് ബഷീര്‍ (ഐ.യു.എം.എല്‍), എന്‍.കെ പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി), ഡി.രവികുമാര്‍ ,തിരു തോല്‍ തിരുമവലാവന്‍ (വി.സി.കെ), ജയന്ത് സിങ് (ആര്‍.എല്‍.ഡി) എന്നീ എം.പിമാരാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്.

content highlights: mm naravane about manipur

We use cookies to give you the best possible experience. Learn more