എം.എം മണിയെ സംസ്ഥാനകമ്മിറ്റിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു
Kerala
എം.എം മണിയെ സംസ്ഥാനകമ്മിറ്റിയില്‍ നിന്നും സസ്‌പെന്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 25th July 2012, 5:39 pm

തിരുവനന്തപുരം: മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിയെ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ആറുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. കേന്ദ്രകമ്മിറ്റിയുടെ നിര്‍ദേശം പരിഗണിച്ച് ഇന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയോഗത്തിലാണ് നടപടി സംബന്ധിച്ച തീരുമാനമുണ്ടായത്. []

രാഷ്ട്രീയ എതിരാളികളെ പാര്‍ട്ടി വകവരുത്തിയിട്ടുണ്ടെന്ന എം.എം മണിയുടെ പ്രസംഗമാണ് നടപടിക്കാധാരം. റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തൊടുപുഴയില്‍ മണി നടത്തിയ പ്രസംഗം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ചന്ദ്രശേഖരന്‍ കൊലപാതകത്തെ തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നടത്തിയ ഈ വിവാദപ്രസംഗം പാര്‍ട്ടിക്ക് ദോഷം ചെയ്തതായി കഴിഞ്ഞദിവസം ദല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം വിലയിരുത്തിയിരുന്നു.

രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്ന നയം പാര്‍ട്ടിക്കില്ലെന്നും കേന്ദ്രകമ്മിറ്റി പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എം.എം മണിയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കേന്ദ്രകമ്മിറ്റി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കാനാണ് സംസ്ഥാന കമ്മിറ്റിയോഗം ചേര്‍ന്നത്. യോഗത്തില്‍ മണിയ്‌ക്കെതിരെ കൂടുതല്‍ നടപടി വേണ്ടെന്നാണ് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. എന്നാല്‍ മണിയെ ആറ് മാസം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.

വിവാദ പ്രസംഗത്തെ തുടര്‍ന്ന് നേരത്തെ എം.എം മണിയെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പ്രസംഗത്തിന്റെ പേരില്‍ മണിയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണവും പുരോഗമിക്കുകയാണ്.

നടപടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ എം.എം മണി തയ്യാറായില്ല. നടപടിയെക്കുറിച്ചറിയില്ല, എല്ലാം പിണറായി വിജയന്‍ പറയുമെന്നായിരുന്നു മണി പ്രതികരിച്ചത്.

അതേസമയം വി എസിനെ പരസ്യമായി വിമര്‍ശിച്ച ടി കെ ഹംസയ്‌ക്കെതിരെ നടപടിയുണ്ടായില്ല. ഹംസയോട് വിശദീകരണം തേടിയശേഷമായിരിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനമെന്നാണ് അറിയുന്നത്.