| Sunday, 13th August 2023, 10:12 pm

ഉടുമ്പന്‍ചോലയിലും 10 കൃഷിഭവനുകളും 14 വില്ലേജ് ഓഫീസുകളും ഉണ്ട്: പരിഹാസവുമായി എം.എം. മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഉടുമ്പന്‍ചോല: പുതുപ്പള്ളി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനെതിരെ പരിഹാസവുമായി സി.പി.ഐ.എം. നേതാവ് എം.എം. മണി. ഉടുമ്പന്‍ചോലയിലും പത്ത് പഞ്ചായത്തുകളില്‍ 10 കൃഷിഭവനുകളും കൂടാതെ 14 വില്ലേജ് ഓഫീസുകളും ഉണ്ടെന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ എം.എം. മണി പറഞ്ഞത്.

പുതുപ്പള്ളിയിലെ വികസനത്തെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി പഞ്ചായത്തുകളിലെ കൃഷിഭവനുകളുടേയും കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളുടേയും എണ്ണത്തെ പറ്റി ചാണ്ടി ഉമ്മന്‍ സംസാരിച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് മണിയുടെ പോസ്റ്റ്.

‘ഇത് കൂടെ കേട്ടിട്ട് പോണേ….! അങ്ങ് ഉടുമ്പന്‍ചോലയിലും പത്ത് പഞ്ചായത്തുകളില്‍ 10 കൃഷിഭവനുകളും കൂടാതെ 14 വില്ലേജ് ഓഫീസുകളും ഉണ്ട്,’ എം.എം. മണി കുറിച്ചു.

റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ പ്രതികരണത്തിലായിരുന്നു പുതുപ്പള്ളിയിലെ വികസനത്തെ പറ്റി ചാണ്ടി ഉമ്മന്‍ സംസാരിച്ചത്. ‘വികസനത്തിന്റെ കാര്യത്തില്‍ പുതുപ്പള്ളിയോളം കിടപിടിക്കുന്ന ഒരു മണ്ഡലം ചൂണ്ടിക്കാണിക്കണം. എട്ട് പഞ്ചായത്തുകളിലും കൃഷിഭവനുകളുണ്ട്. എട്ട് പഞ്ചായത്തുകളിലും കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചുകളുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതേസമയം ഇന്ന് കേരളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. ചാണ്ടി ഉമ്മന് വിജയാശംസകള്‍ നേര്‍ന്നിരുന്നു. ചാണ്ടി ഉമ്മനെ ഫോണില്‍ വിളിച്ചാണ് രാഹുല്‍ ഗാന്ധി ആശംസകള്‍ അറിയിച്ചത്. ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് പ്രവര്‍ത്തനങ്ങളും രാഹുല്‍ വിലയിരുത്തി.

ഉപതെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടണമെന്നും, പിതാവിന്റെ പാത പിന്തുടര്‍ന്ന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി ചാണ്ടി ഉമ്മനോട് പറഞ്ഞു. മീനടം മണ്ഡലത്തില്‍ മഞ്ഞാടി ഭാഗത്ത് ഗൃഹസന്ദര്‍ശനം നടത്തി കൊണ്ടിരിക്കുമ്പോഴായിരുന്നു ചാണ്ടി ഉമ്മന് രാഹുല്‍ ഗാന്ധിയുടെ വിളി വന്നത്. രാഹുല്‍ ഗാന്ധിയുടെ ആത്മാര്‍ത്ഥമായ പിന്തുണ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതായി ചാണ്ടി ഉമ്മനും പറഞ്ഞു.

Content Highlight: MM Mani taunts Chandi Oommen

We use cookies to give you the best possible experience. Learn more