| Tuesday, 29th March 2022, 9:43 pm

അവതാരകന്‍മാര്‍ക്കുള്ള അടി അങ്ങ് ലോസ് ഏഞ്ചല്‍സില്‍ നിന്നും തുടങ്ങിയിട്ടുണ്ട്, ജാഗ്രതെ: എം.എം. മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എം രാജ്യസഭകക്ഷി നേതാവ് എളമരം കരീമിനെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണ്‍ ആക്ഷേപിച്ചതില്‍ പ്രതികരണവുമായി മുന്‍ മന്ത്രി എം.എം. മണി.

‘അവതാരകന്‍മാര്‍ക്കുള്ള അടി അങ്ങ് ലോസ് ഏഞ്ചല്‍സില്‍ നിന്നും തുടങ്ങിയിട്ടുണ്ട്, ജാഗ്രതെ,’ എന്നാണ്
എം.എം. മണി ഫേസ്ബുക്കില്‍ കുറിച്ചത്. 94ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വെച്ച് അവതാരകനെ തല്ലിയ ഹോളിവുഡ് സൂപ്പര്‍ താരം വില്‍ സ്മിതിന്റെ നടപടിയിയോടുപമിച്ചാണ് എം.എം. മണിയുടെ പോസ്റ്റ്.

അതേസമയം, സി.പി.ഐ.എം രാജ്യസഭകക്ഷി നേതാവ് എളമരം കരീമിനെ ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണ്‍ ആക്ഷേപിച്ചതില്‍ ഇടതുപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചു.

എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേദമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’ എന്ന വിനു വി. ജോണിന്റെ ചര്‍ച്ചക്കിടെയുള്ള പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം.

‘പ്രതിഷേധിക്കാനും പണിമുടക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരിലാണ് എളമരം കരീമിനുനേരെയുള്ള അധിക്ഷേപം. മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവും സമാദരണീയനായ പാര്‍ലമെന്റേറിയനുമായ അദ്ദേഹത്തെ ഇത്തരത്തില്‍ ആക്ഷേപിച്ചത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ആക്രമണത്തിനുള്ള ആഹ്വാനംപോലെയാണ് അവതാരകന്‍ സംസാരിച്ചത്. ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല ഈ പെരുമാറ്റം. മാധ്യമസ്വാതന്ത്ര്യത്തിനു അടിസ്ഥാനമായ അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍വരുന്നതുമല്ല അവതാരകന്റെ പരാമര്‍ശങ്ങള്‍. അങ്ങേയറ്റം അപലപനീയമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് സമൂഹത്തോടും എളമരം കരീമിനോടും മാപ്പ് പറയാന്‍ വിനു വി. ജോണ്‍ തയ്യാറാകണം. അതിനുള്ള മാന്യത അദ്ദേഹം കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറയുന്നു.

Content Highlights: MM. Mani says The beat for the presenters has started in Ang Los Angeles, beware

We use cookies to give you the best possible experience. Learn more