ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും തമ്മിലുള്ള ബ്രണ്ണന്‍ കോളേജ് വിവാദത്തിന് പ്രതികരണവുമായിമുന്‍ മന്ത്രി എം.എം. മണി. സുധാകരന്‍ ആവശ്യമില്ലാത്ത കാര്യങ്ങളില്‍ പ്രതികരിച്ചതുകൊണ്ടാണ് മുഖ്യമന്ത്രി അതിന് മറുപടി കൊടുത്തതെന്ന് എം.എം. മണി പറഞ്ഞു.
സി.പി.ഐ.എമ്മുകാര്‍ സുധാകരനെതിരെ കത്തിയുമായി വരില്ലെന്നും കത്തിയുമായി ഒളിച്ചിരിക്കുന്നത് കോണ്‍ഗ്രസുകാരാണെന്നും അവരുടെ കുത്തേല്‍ക്കാതെയാണ് സുധാകരന്‍ നോക്കേണ്ടതെന്നും എം.എം. മണി പറഞ്ഞു.
മരിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്രം സുധാകരനെ നിയോഗിച്ചിരിക്കുന്നതെന്നും സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തേണ്ട കാര്യം സുധാകരനില്ലെന്നും എം.എം. മണി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു എം.എം. മണിയുടെ പ്രതികരണം.
‘സി.എം. മനപ്പൂര്‍വമായി എന്തെങ്കിലും പറഞ്ഞെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ രണ്ട് പേരും കണ്ണൂരില്‍ നിന്ന് വളര്‍ന്നുവന്നവരാണ്. സുധാകരന്‍ ഒരു പ്രത്യേക രീതിക്കാരനാണ്. ആകപ്പാടെ മരിച്ചുകിടക്കുന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ സുധാകരന്‍ ശ്രമിക്കുന്നു എന്നതിനപ്പുറം ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ഒരു പ്രസക്തിയുമല്ല,’ എം.എം. മണി പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍ വ്യക്തിപരമായ വിമര്‍ശനം ഉന്നയിക്കേണ്ട കാര്യം സുധാകരനില്ലെന്നും അദ്ദേഹം കോണ്‍ഗ്രസിന്റെ കാര്യ നോക്കിയാല്‍ മതിയെന്നും എം.എം. മണി പറഞ്ഞു.
അതേസമയം, ബ്രണ്ണന്‍ കോളേജ് വിവാദത്തിന് മുഖ്യമന്ത്രിക്കെതിരെയുള്ള തന്റെ വിമര്‍ശനം വ്യക്തിപരം തന്നെയെന്ന് പറഞ്ഞ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ വീണ്ടും രംഗത്തെത്തി. ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തുക തന്നെ വേണം എന്നാണ് താന്‍ പഠിച്ചിട്ടുള്ളതെന്നാണ് കെ. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്.
പി.ആര്‍. ഏജന്‍സിക്കും അധികനാള്‍ കളവുപറഞ്ഞ് നില്‍ക്കാനാകില്ല. ഇനിയും ഇതു പോലെ പലതും പുറത്ത് വരാനുണ്ടെന്നും കെ. സുധാകരന്‍ പറഞ്ഞു.
എന്ന് മുതലാണ് സി.പി.ഐ.എം. ചീഞ്ഞളിഞ്ഞ വ്യക്തി ആരാധന മാറ്റിവെച്ച് രാഷ്ട്രീയ സംവാദത്തിന് തയ്യാറാകുന്നത് അന്ന് താന്‍ പിണറായി വിജയനെ വിചാരണ ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
‘മറ്റേതെങ്കിലും രാഷ്ട്രീയ ആരോപണങ്ങളോട് പിണറായി വിജയന്‍ ഇത്രയും വിശദമായി പ്രതികരിച്ചത് കണ്ടിട്ടുണ്ടോ? സ്വന്തം ഓഫീസിലെ ക്രമക്കേടുകളെ പറ്റി ചോദിച്ചാല്‍ പോലും എനക്കറിയില്ല എന്നല്ലേ പറഞ്ഞിരുന്നത്.
അങ്ങനെ നോക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പ്രസ്തുത വിഷയത്തില്‍, അതും ഞാന്‍ വ്യക്തിപരമായി പറഞ്ഞത് എന്റെ അനുവാദമില്ലാതെ സെന്‍സേഷന് വേണ്ടി അച്ചടിച്ചു വന്ന ഒരു വിഷയത്തില്‍ അദ്ദേഹം ഇത്രയേറെ വൈകാരികനായി പ്രതികരിച്ചത് എന്ത് കൊണ്ടാവും?
ഇന്നത്തെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെ ഒരു നിലയിലും ബാധിക്കാന്‍ സാധ്യത ഇല്ലാത്ത ഒരു പഴയകാല സംഭവത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ അദ്ദേഹത്തെ ഇത്രമേല്‍ ആഴത്തില്‍ പ്രകോപിപ്പിച്ചത് എന്തുകൊണ്ടായിരിക്കും?,’ കെ. സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: MM Mani’s response In to the Brennan College controversy between KPCC President K. Sudhakaran and Chief Minister Pinarayi Vijayan