| Friday, 26th March 2021, 9:40 am

പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യണം; ആന്റണിക്ക് മറുപടിയുമായി എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളത്തിന് സര്‍വനാശം സംഭവിക്കുമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രി എം.എം മണി.

ഇടത് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസിന്റെ സര്‍വ്വനാശമാണ് ഉണ്ടാവുകയെന്ന് എം.എം മണി പറഞ്ഞു. കൊവിഡ് കാലത്ത് എ.കെ ആന്റണി എവിടെ ആയിരുന്നു എന്നും മണി ചോദിച്ചു.

കൊവിഡ് കാലത്ത് കേരളത്തിലെ ജനങ്ങളെ തിരിഞ്ഞുനോക്കാതിരുന്ന ആന്റണി, പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പിണറായി വിജയന്റെ പാദസേവ ചെയ്യുകയാണ് വേണ്ടതെന്നും എം.എം മണി പറഞ്ഞു. കൊവിഡ് വന്ന സമയത്ത് കോണ്‍ഗ്രസ് ആയിരുന്നു കേരളം ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ എന്നും അദ്ദേഹം വിമര്‍ശിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിച്ചപ്പോള്‍ അനങ്ങാതിരുന്ന ആളാണ് ആന്റണി. അങ്ങനെ ഉള്ള ആന്റണിക്ക് ഇടതു സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയാണ് ഉള്ളതെന്നും എം.എം മണി ചോദിച്ചു.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും മണി രൂക്ഷമായി വിമര്‍ശിച്ചു. കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശം സുകുമാരന്‍ നായര്‍ക്ക് അല്ല. നേതാവായതിനാല്‍ ചുരുക്കം പേരുമാത്രം അങ്ങേര്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുന്നവരുണ്ടാവും. എന്നാല്‍ എല്ലാവരും കേള്‍ക്കില്ലെന്ന് എം.എം മണി കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടായാല്‍ അത് സര്‍വ്വനാശമായിരിക്കുമെന്നായിരുന്നു ആന്റണി അഭിപ്രായപ്പെട്ടത്.
തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള ഇടതുമുന്നണിയുടെ സൗമ്യത വീണ്ടും അധികാരത്തിലേറുന്നതു വരെയേ ഉണ്ടാവൂ എന്നും എ.കെ ആന്റണി പറഞ്ഞിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷം പിണറായി സര്‍ക്കാര്‍ തുടര്‍ന്നു പോന്നത് പിടിവാശിയായിരുന്നുവെന്നും തുടര്‍ഭരണമുണ്ടായാല്‍ പി.ബിക്ക് പോലും നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു ആന്റണി പറഞ്ഞത്.

‘ഈ സര്‍ക്കാര്‍ തിരിച്ചു വന്നാല്‍ അത് കേരളത്തിന് നാശമാവുമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. തുടര്‍ഭരണം ഉണ്ടായിക്കൂടാ എന്നാണ് എന്റെ ഉറച്ച അഭിപ്രായം. കാരണം കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം പിടിവാശിയോട് കൂടി, അഹങ്കാരത്തോട് കൂടി എല്ലാം ചെയ്തിട്ട് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇവര്‍ സ്വരം മാറ്റി.

സൗമ്യതയോട് കൂടി തെറ്റ് ഏറ്റുപറഞ്ഞ് വന്നാല്‍ ജനങ്ങള്‍ എല്ലാം മറക്കുമെന്നും തിരിച്ചുവരാമെന്നും വ്യാമോഹിക്കുന്ന ഈ ഗവണ്‍മെന്റിന്റെ കാപട്യം തുറന്നു കാണിക്കണമെന്ന് എനിക്ക് അഭിപ്രായമുണ്ട്. കാരണം ഇവര്‍ ഇപ്പോള്‍ കാണിക്കുന്ന ഈ സൗമ്യത ഒരു മാസത്തേക്കു മാത്രമുള്ള സൗമ്യതയാണ്. സൗമ്യത കാണിച്ച് ജനങ്ങളെ കബളിപ്പിച്ച് ഈ സര്‍ക്കാരിന് തിരിച്ചു വരവുണ്ടായാല്‍ ഈ സംസ്ഥാനത്തിന് സര്‍വനാശമുണ്ടാവും,’എ.കെ ആന്റണി പറഞ്ഞു

പിണറായി സമുദായങ്ങളെ തെറ്റിക്കാനും ഹിന്ദുവിഭാഗങ്ങളെ വിഭജിക്കാനും ശ്രമിച്ചെന്നും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പിണറായി രീതികള്‍ മയപ്പെടുത്തിയെന്നും ആന്റണി വിമര്‍ശിച്ചിരുന്നു.

എല്‍.ഡി.എഫിന് തുടര്‍ഭരണം പ്രവചിച്ച സര്‍വേകളില്‍ വിശ്വസിക്കുന്നില്ലെന്നും ആന്റണി പറഞ്ഞിരുന്നു. കുറേക്കാലം ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. ഇലക്ഷന്‍ സംബന്ധിച്ച് എത്രസര്‍വേകളാണ് വന്നത്. അതൊന്നും ഫലിച്ചിട്ടില്ല. പക്ഷെ ഇപ്പോള്‍ വന്നിരിക്കുന്ന സര്‍വേകള്‍ യു.ഡി.എഫിന് കുറച്ചുകൂടി ജാഗ്രതയുണ്ടാക്കുവാന്‍ ഉപകരിച്ചെന്നുമായിരുന്നു ആന്റണി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: MM Mani Reply To AK Antony

We use cookies to give you the best possible experience. Learn more