| Wednesday, 30th October 2019, 10:59 am

'കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കൈയിലെ കയറുമായി ഇങ്ങോട്ടു വരണ്ട'; ടയര്‍ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: തന്റെ കാറിന്റെ ടയറുകള്‍ 10 തവണയായി 34 എണ്ണം മാറ്റിയതിനെ വിമര്‍ശിക്കുന്നവര്‍ക്കു മറുപടിയുമായി മന്ത്രി എം.എം മണി രംഗത്ത്. ടയര്‍ മാറ്റി താന്‍ പണം പറ്റുകയല്ലെന്നു പറഞ്ഞ മന്ത്രി, കണക്കുകള്‍ സഹിതം ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

തന്റെ കാര്‍ 34 ടയര്‍ മാറ്റിയെന്നു പറയുന്ന കാലഘട്ടത്തില്‍ ഓടിയത് 1,24,075 കിലോമീറ്റര്‍ ദൂരമാണെന്നു മന്ത്രി വ്യക്തമാക്കി. ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി സ്വദേശി എസ്. ധനരാജ് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കു മറുപടിയായാണ് ടയര്‍മാറ്റത്തിന്റെ കണക്ക് ലഭിച്ചത്. ടൂറിസം വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറാണു മറുപടി നല്‍കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തന്റെ കാറിന്റെ ടയര്‍ മാറിയത് താനോ ഓഫീസില്‍ നിന്നോ അല്ലെന്നും ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണെന്നും മന്ത്രി വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കു വേണ്ടിയല്ലെന്നും തെറ്റിദ്ധരിച്ചവര്‍ക്കു വേണ്ടി മാത്രമാണെന്നുമുള്ള തലക്കെട്ടിലായിരുന്നു പോസ്റ്റ്.

ഈ കണക്കുകള്‍ വ്യക്തമാക്കുന്ന ഒരു ചിത്രവും പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

മന്ത്രി എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

#തെറ്റിധരിപ്പിക്കുന്നവര്‍ക്ക് #വേണ്ടിയല്ല…. #തെറ്റിധരിച്ചവര്‍ക്ക് #വേണ്ടി #മാത്രം

വിവരാവകാശത്തില്‍ കിട്ടിയ ഒരു ടയര്‍ കണക്ക് വൈറലായി ഓടുന്നുണ്ടല്ലോ… ട്രോളന്‍മാര്‍ ട്രോളട്ടെ … തമാശയല്ലേ ആസ്വദിക്കാം എന്നാണ് ആദ്യം എടുത്തത്.

എന്നാല്‍ അത് നിര്‍ദോഷമായ ഒരു തമാശ എന്ന നിലയില്‍ നിന്നും അപവാദ പ്രചരണത്തിനുള്ള ഉപാധിയായി മാറുമ്പോള്‍ വസ്തുതയും തെറ്റിധരിപ്പിക്കപ്പെട്ടവര്‍ അറിയണമല്ലോ എന്ന് തോന്നി.

എനിക്ക് അനുവദിച്ച ക്രിസ്റ്റ കാറിന്റെ (KL-01-CB – 8340 ) ടയര്‍ 34 എണ്ണം മാറി (10 തവണ ) എന്നതു മാത്രമാണ് വിവരാവകാശ കണക്കായി പുറത്ത് വന്നത്. ഈ കാര്‍ ആ പറയുന്ന കാലഘട്ടത്തില്‍ ആകെ എത്ര ദൂരം ഓടി , എവിടെ ഓടി എന്ന കണക്ക് കൂടി പറയേണ്ടതുണ്ട് എന്ന് തോന്നി.

സാധാരണ റോഡുകളില്‍ ഓടുമ്പോള്‍ സുരക്ഷിതമായി ഓടുന്നതിന് ക്രിസ്റ്റ കാറിന്റെ ടയറുകള്‍ക്ക് കിട്ടുന്ന മൈലേജ് ശരാശരി 20,000 കി. മി. മാത്രമാണ്. ഈ കാര്‍ ഈ കാലയളവില്‍ ആകെ ഓടിയത് 1,24,075 കി.മീയാണ്.

ഇതില്‍ ഭൂരിഭാഗവും ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ കുത്തനെയുള്ള കയറ്റവും ഇറക്കവും കൊടുംവളവുകളും പുളവുകളും നിറഞ്ഞ റോഡുകളിലാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ സമയത്ത് ഓടിയെത്താന്‍ അത്യാവശ്യം വേഗത്തില്‍ തന്നെയാണ് വണ്ടി പോയിട്ടുള്ളത്.

ഇതിന്റെയൊക്കെ ഫലമായി ടയറിന്റെ ആയുസ് കുറയും. എന്നിട്ടും #14597# കിലോമീറ്റര്‍ മൈലേജ് ടയറുകള്‍ക്ക് കിട്ടിയിട്ടുണ്ട്. കണക്ക് ചിത്രത്തിലുണ്ട്.

മന്ത്രിയുടെ വണ്ടിയുടെ ടയര്‍ മാറുന്നത് മന്ത്രിയോ മന്ത്രിയുടെ ഓഫിസില്‍ നിന്നോ അല്ല. പകരം ടൂറിസം വകുപ്പിലെ ചുമതലയുള്ള സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരാണ്. ടയര്‍ പരിശോധിച്ച് മാറേണ്ടതുണ്ട് എന്ന് കൃത്യമായി ബോധ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അല്ലാതെ യാത്രയ്ക്കിടെ അത്യാവശം വന്ന് 34 ടയറുകള്‍ മാറിയിട്ടുണ്ട് എന്ന് കണക്കെഴുതി മന്ത്രി പണം പറ്റുകയല്ല. ടയര്‍ വാങ്ങി വിറ്റു പണമുണ്ടാക്കി എന്നൊക്കെ തെറ്റിധരിച്ചു പോയവരുണ്ടെങ്കില്‍ അവര്‍ കാര്യം മനസ്സിലാക്കും എന്ന് കരുതുന്നു.

കാള പെറ്റു എന്ന് ഘോഷിക്കുന്നവര്‍, കയ്യിലെ കയറുമായി ഇങ്ങോട്ടു വരണ്ട.

We use cookies to give you the best possible experience. Learn more