| Wednesday, 4th July 2012, 10:10 am

എം.എം മണി ഹാജരായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: വിവാദ പ്രസംഗത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിനായി സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ഇന്ന് രാവിലെ തൊടുപുഴ ഡി.വൈ.എസ്.പി ഓഫീസിലാണ് മണി ഹാജരായത്.

സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ എം.എല്‍.എ, എസ്. രാജേന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ മണിക്കൊപ്പമുണ്ടായിരുന്നു. അന്വേഷണ സംഘത്തോട് സഹകരിക്കുമെന്ന് മണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ ഒളിവിലല്ലായിരുന്നെന്നും തൊടുപുഴയില്‍ തന്നെയുണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷണ സംഘത്തിലുള്‍പ്പെട്ട ഡി.വൈ.എസ്.പി ആന്റണി തോമസിന്റെ നേതൃത്വത്തില്‍ മണിയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇരുന്നൂറ് ചോദ്യങ്ങളാണ് മണിയോട് ചോദിക്കാന്‍ അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. മണിയുടെ മറുപടി അനുസരിച്ച് ഉപചോദ്യങ്ങളും ഉണ്ടാവും. ഉപചോദ്യങ്ങള്‍ക്കുള്ള ചോദ്യാവലിയും സംഘം തയ്യാറാക്കിയിട്ടുണ്ട്. ഡി.വൈ.എസ്.പിമാരായ വി.എന്‍ സജി, സുനില്‍കുമാര്‍, എന്‍.ജെ മാത്യു എന്നിവരും സ്ഥലത്തുണ്ട്. ചോദ്യം ചെയ്യലിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുമെന്നാണറിയാന്‍ കഴിയുന്നത്. അന്വേഷണ സംഘത്തലവന്‍ ഐ.ജി പത്മകുമാര്‍ ഉടന്‍ സ്ഥലത്തെത്തും.

അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് ജയചന്ദ്രന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇന്ന് പത്ത് മണിവരെ അന്വേഷണ സംഘം മണിക്ക് സമയം അനുവദിക്കുകയും ചെയ്തിരുന്നു. 9.56നാണ് മണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.

കഴിഞ്ഞ രണ്ട് ദിവസമായി മണി തൊടുപുഴയിലുള്ള അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെയുണ്ടായിരുന്നെന്ന് കെ.കെ ജയചന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പോലീസ് അന്വേഷിച്ചുവന്ന സമയത്ത് അദ്ദേഹം പുറത്ത് പോയിരിക്കുകയായിരുന്നു. മണി ഒളിവിലായിരുന്നെന്ന വാര്‍ത്ത ശരിയല്ലെന്നും ജയചന്ദ്രന്‍ പറഞ്ഞു.

രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയ്യാറാക്കി വകവരുത്തിയിട്ടുണ്ടെന്ന വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് മണിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മണിക്ക് രണ്ട് തവണ നോട്ടീസ് അയച്ചിരുന്നു. കേസെടുത്ത നടപടി റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതയുടെ പരിഗണനയിലുണ്ടായിരുന്നതിനാല്‍ ആദ്യ നോട്ടീസ് ലഭിച്ചപ്പോള്‍ മണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായില്ല. എന്നാല്‍ മണിയുടെ ഹരജി ഹൈക്കോടതി തള്ളുകയും അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. ഇതേ തുടര്‍ന്ന് അന്വേഷണ സംഘം മണിക്ക് വീണ്ടും നോട്ടീസ് നല്‍കി. എന്നാല്‍ നോട്ടീസ് ലഭിച്ച മണി ഹാജരാകാന്‍ 10 ദിവസത്തെ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് മണി അന്വേഷണ സംഘത്തെ സമീപിക്കുകയാണ് ചെയ്തത്. എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാന്‍ മണി തീരുമാനിച്ച സാഹചര്യത്തിലായിരുന്നു ഇത്. എന്നാല്‍ മണിയ്ക്ക് സമയം അനുവദിക്കേണ്ടതില്ലെന്ന് അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് മണിയെ അറസ്റ്റു ചെയ്‌തേക്കുമെന്ന സൂചനയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മണി ഒളിവില്‍ പോയി. കഴിഞ്ഞദിവസം മണിയെ കാണാനായി വീട്ടിലെത്തിയ അന്വേഷണ സംഘത്തിന് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നാറിലെ പാര്‍ട്ടി ഓഫീസിന്റെ മുകളിലത്തെ നിലയില്‍ മണിയുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഹാജരായില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് ഉള്‍പ്പെടെയുള്ളവരുമായി പാര്‍ട്ടി നേതൃത്വം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒടുവില്‍ മണി ഇന്ന് ഹാജരാകുമെന്ന് അറിയിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more