| Tuesday, 21st November 2017, 2:31 am

തോമസ് ചാണ്ടിക്ക് വിനയായത് കളക്ടറുടെ റിപ്പോര്‍ട്ടല്ല അദ്ദേഹത്തിന്റെ നാക്കാണെന്ന് എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കായല്‍ കൈയേറ്റക്കേസില്‍ തോമസ് ചാണ്ടിക്ക് വിനയായത് കളക്ടറുടെ റിപ്പോര്‍ട്ടല്ലെന്നും അദ്ദേഹത്തിന്റെ നാക്കാണെന്നും വൈദ്യുതമന്ത്രി എം.എം.മണി. ആരോപണം ഉയര്‍ന്നപ്പോള്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്തിയത് മുഖ്യമന്ത്രി അറിയാതെയാണെന്നും സി.പി.ഐ മുന്നണിമര്യാദ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

“റവന്യൂമന്ത്രി അന്വേഷണം കളക്ടര്‍ക്ക് കൈമാറിയത് മുഖ്യമന്ത്രിയോട് ആലോചിക്കാതെയാണ്. മുന്നണി മര്യാദകള്‍ പാലിക്കാന്‍ സി.പി.ഐ തയ്യാറായില്ല. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും സഹായിക്കുന്ന നിലപാടാണ് സി.പി.ഐ സ്വീകരിച്ചത്” അദ്ദേഹം പറഞ്ഞു.


Also Read: ‘നടന്നത് സത്യപ്രതിജ്ഞാ ലംഘനം’; സി.പി.ഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി


നേരത്തെ മലപ്പുറം വണ്ടാനത്ത് സി.പി.ഐ.എം ഏരിയാ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴും മണി സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി.പി.ഐ.എമ്മിനില്ല. തോമസ് ചാണ്ടിയുടെ പ്രശ്‌നത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം ശുദ്ധ മര്യാദകേടാണെന്നും മന്ത്രിസഭായോഗം സി.പി.ഐ മന്ത്രിമാര്‍ ബഹിഷ്‌കരിച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ദേവികുളം സബ്കളക്ടറെ വട്ടനെന്ന് വിശേഷിപ്പിച്ച മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍പ്പെട്ടിരുന്നു. ജോയ്സ് ജോര്‍ജ്ജ് എം.പിയുടെ പട്ടയം റദ്ദാക്കിയ നടപടിയെ വിമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. “സബ് കളക്ടര്‍ എന്തെങ്കിലും കാണിച്ചെന്നു കരുതി അംഗീകരിക്കാന്‍ ആകില്ല. അയാള്‍ എവിടെനിന്നോ കയറി വന്ന വട്ടനാണ്.” എന്നായിരുന്നു മന്ത്രി പറഞ്ഞത്.

We use cookies to give you the best possible experience. Learn more