കൊച്ചി: ശാന്തിവനത്തിലെ കെ.എസ്.ഇ.ബിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന ശാന്തിവനം സംരക്ഷണ സമിതിയുടെ ആവശ്യം വൈദ്യുതി മന്ത്രി എം.എം മണി തള്ളി. മന്ത്രി എം.എം മണിയുമായി ഒന്നര മണിക്കൂറോളം നടത്തിയ ചര്‍ച്ചയിലാണ് ശാന്തിവനം സംരക്ഷണ സമിതി ഈ ആവശ്യം ഉയര്‍ത്തിയത്.
ശാന്തിവനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇപ്പോഴാണ് അറിയുന്നതെന്നും ഈ ഘട്ടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ കഴിയില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. വിഷയം ഇന്നു തന്നെ പഠിക്കും. പഠിച്ചശേഷം തീരുമാനം അറിയിക്കാമെന്നും മന്ത്രി അറിയിക്കുകയായിരുന്നു.
’20 വര്‍ഷം മുമ്പ് തയ്യാറാക്കിയ പ്രോജക്ടാണിത്. ഏഴു കോടി രൂപയാണ് അതിന്റെ എസ്റ്റിമേറ്റ്. ഇപ്പോള്‍ മുപ്പതു കോടി രൂപ മുടക്കി അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇനി ചെറിയ ജോലിയും കൂടിയേ നടക്കാനുള്ളൂ. അതിനിടെയില്‍ അവര് എന്നെ ഇതുവരെ സമീപിച്ചിട്ടില്ല. അവര് ഹൈക്കോടതിയില്‍ പോയി ഹൈക്കോടതി വിധി അവര്‍ക്ക് എതിരായി വന്നു. പത്തുനാല്‍പ്പതിനായിരത്തിലധികം ആളുകള്‍ക്ക് പ്രയോജനപ്രെടുന്ന ഒരു പ്രോജക്ടാണ്. അത് നിര്‍ത്തിവെക്കാന്‍ പറയാന്‍ എനിക്കു കഴിയില്ല.’ മന്ത്രി എം.എം മണി പറഞ്ഞു.
സ്ഥലം സന്ദര്‍ശിക്കാന്‍ മന്ത്രിയോട് ആവശ്യപ്പെട്ടിട്ട് അദ്ദേഹം അതിന് സമയമില്ലെന്നാണ് പറഞ്ഞതെന്ന് ശാന്തിവനം ഉടമ മീന ശാന്തിവനം മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷിക്കാമെന്നു മാത്രമാണ് മന്ത്രി പറഞ്ഞതെന്നും അവര്‍ പറഞ്ഞു.
എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ രണ്ടു ഏക്കറിലായി കഴിഞ്ഞ 200 വര്‍ഷമായി പരിപാലിച്ചു പോരുന്ന സ്വകാര്യ വനമാണ് ശാന്തിവനം. മന്നത്ത് നിന്നും ചെറായിലേയ്ക്കുള്ള കെ.എസ്.ഇ.ബിയുടെ 110 കെ.വി വൈദ്യുത ലൈന്‍ കടന്നു പോകുന്നതും അതിനു വേണ്ട ടവര്‍ നിര്‍മിക്കുന്നതും ശാന്തിവനത്തിലാണ്.
കേവലം അര സെന്റു ഭൂമി മാത്രമാണ് ടവര്‍ നിര്‍മാണത്തിന് വേണ്ടി ഉപയോഗിക്കൂ എന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വാദം. എന്നാല്‍ 50 സെന്റ് സ്ഥലം ഇതിനു വേണ്ടി കെ.എസ്.ഇ.ബി എടുത്തെന്നും 12 മരങ്ങള്‍ മുറിച്ചു മാറ്റിയെന്നും ശാന്തിവനത്തിന്റെ ഉടമ മീന മേനോന്‍ ചൂണ്ടിക്കാട്ടിയിരുന്നു. 48 മരങ്ങള്‍ മുറിക്കാനുള്ള കത്തും കെ.എസ്.ഇ.ബി നല്‍കിയതായും മീന മേനോന്‍ പറഞ്ഞിരുന്നു.
കെ.എസ്.ഇ.ബിയില്‍ മുന്‍ ചെയര്‍മാന്‍ ആയിരുന്ന വ്യക്തിയുടെ മകന്റെ സ്ഥലത്തിലൂടെ കടന്നു പോകേണ്ട വൈദ്യുത ലൈന്‍ ശാന്തിവനത്തിലൂടെ മാറ്റുകയായിരുന്നു. ഇതിനെതിരെ പൊതുസമൂഹത്തില്‍ നിന്നും വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നതോടെ ശാന്തിവനത്തില്‍ കെ.എസ്.ഇ.ബി നടത്തുന്ന ടവര്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫീറുള്ള ഉത്തരവിട്ടിരുന്നു.