തിരുവനന്തപുരം: സിറാജ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എം.എം മണി. മദ്യപിച്ച് വാഹനമോടിക്കുന്നത് ശിക്ഷാര്‍ഹമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരില്‍ ചാര്‍ത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാര്‍ത്തകളില്‍ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോള്‍ ലജ്ജിക്കുന്നു.’
വാഹനമോടിക്കുമ്പോള്‍ അദ്ദേഹം വരുത്തിയ നിയമ ലംഘനങ്ങളെല്ലാം അന്വേഷിച്ച് കൃത്യമായി നിയമത്തിനു മുന്നില്‍ കൊണ്ടുവരുക തന്നെ ചെയ്യും. അതില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും ലഭിക്കില്ല. അങ്ങനെ തന്നെയാണ് സര്‍ക്കാര്‍ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഷീറിന്റെ മരണത്തില്‍ മന്ത്രി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
നേരത്തെ മൂന്നാര്‍ ഭൂമി കൈയേറ്റസമയത്ത് ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമനെതിരെ മന്ത്രി മണി രംഗത്തെത്തിയിരുന്നു. സബ് കളക്ടറുടെ നേതൃത്വത്തില്‍ മദ്യപാനമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഇന്നലെ രാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.