| Tuesday, 27th December 2016, 8:26 pm

വി.എസിന് പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദ; അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ വി.എസ് ആയിരുന്നു പാര്‍ട്ടി സെക്രട്ടറിയെന്ന് എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്


വി.എസ് അച്യുതാനന്ദന് മറുപടി പറയുന്നത് അന്തസിന് ചേര്‍ന്നതല്ലെന്നും ത്യാഗത്തിന്റെ പേര് പറഞ്ഞ് താന്‍ പിച്ചച്ചട്ടിയുമായി നടക്കാറില്ലെന്നും മണി പറഞ്ഞു.


തിരുവനന്തപുരം: അഞ്ചേരി ബേബി വധത്തില്‍ പ്രതിയായ തന്നെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച വി.എസ് അച്യുതാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി.

വി.എസ് അച്യുതാനന്ദന് മറുപടി പറയുന്നത് അന്തസിന് ചേര്‍ന്നതല്ലെന്നും ത്യാഗത്തിന്റെ പേര് പറഞ്ഞ് താന്‍ പിച്ചച്ചട്ടിയുമായി നടക്കാറില്ലെന്നും മണി പറഞ്ഞു. അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസിന് അതില്‍ പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദ കൊണ്ടാണെന്നും മണി വ്യക്തമാക്കി. തലപോയാലും ന്യായവുമല്ലാത്തതൊന്നും താന്‍ പറയില്ലെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മണി പറഞ്ഞു.


അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ എം.എം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ക്രിമിനല്‍ കേസില്‍ പ്രതിയായവരെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരുത്തുന്നതിന് എതിരാണ് പാര്‍ട്ടി നിലപാടെന്നും ചൂണ്ടിക്കാണിച്ച് വി.എസ് കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയിരുന്നു. എന്നാല്‍ മണി രാജിവെക്കേണ്ടതില്ലെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

ത്യാഗത്തിന്റെ കഥ പറഞ്ഞ് തന്നെ ആരും ഇരുത്താന്‍ നോക്കേണ്ടെന്നും താനുമേറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും മണി പറഞ്ഞു. അഞ്ചേരി ബേബി വധക്കേസില്‍ തനിക്ക് പങ്കില്ലെന്നും സംഭവം നടക്കുന്ന സമയത്ത് താന്‍ മിഡ്‌നാപ്പൂരിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മുപ്പത്തി നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച കാര്യത്തെ കുറിച്ച് താന്‍ ഭയപ്പെടുന്നില്ലെന്നും മണി പറഞ്ഞു.

തന്നെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദ പ്രസംഗത്തിന്റെ പേരില്‍ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്യുകയും ചെയ്തു മണി വിശദമാക്കി. ഈ സംഭവത്തില്‍ ഇങ്ങനെ രണ്ട് തവണ പാര്‍ട്ടി നടപടിക്ക് വിധേയനായി. ഒരു കുറ്റത്തിന് രണ്ട് വര്‍ഷം ശിക്ഷയുണ്ടോയെന്നും മണി ചോദിച്ചു.

നേരത്തെ അഞ്ചേരി ബേബി വധക്കേസില്‍ പ്രതിസ്ഥാനത്തു നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു മണിയെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വി.എസ് കേന്ദ്ര നേതൃത്വത്തിന് കത്തെഴുതിയത്.

We use cookies to give you the best possible experience. Learn more