| Monday, 8th May 2017, 4:52 pm

'വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം'; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിനു മറുപടിയുമായി വൈദ്യുതി മന്ത്രി എം.എം മണി. വിദ്യുച്ഛക്തിയെന്ന് ഇന്ത്യയിലെ ഏതെങ്കിലും ഭാഷയില്‍ എഴുതാനറിയുമെങ്കില്‍ അദ്ദേഹത്തെ അംഗീകരിക്കാമായിരുന്നു എന്നായിരുന്നു മണിയെ പരിഹസിച്ചു കൊണ്ടുള്ള രമേശ് ചെന്നിത്തലയുടെ പ്രസംഗം.

ചെന്നിത്തലയുടെ പരാമര്‍ശത്തിന് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ എം.എം മണി ചുട്ട മറുപടി നല്‍കിയിരിക്കുകയാണ്. ” വിദ്യുച്ഛക്തി എന്ന് എഴുതാനും വായിക്കാനും മാത്രമല്ല, എല്ലാ വീടുകളിലും അത് എത്തിക്കാനും തനിക്ക് അറിയാമെന്നായിരുന്നു എം.എം.മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
“വിദ്യുച്ഛക്തി “എന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാം. മറ്റു പലരെയും പോലെ ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയും ഇല്ലെങ്കിലും നല്ല നിലയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ആര്‍ജ്ജവും ബുദ്ധിയും ഇച്ഛാശക്തിയും ഉണ്ടെന്ന് മണി പറയുന്നു.

കടുത്ത വേനലില്‍ ഡാമുകള്‍ വറ്റിവരണ്ടപ്പോള്‍ പവര്‍കട്ടും ലോഡ്ഷെഡിങും ഇല്ലാതെ മുന്നോട്ടു പോകാന്‍ സാധിക്കുന്നതും, എല്ലാ കാര്‍ഷിക വിളകള്‍ക്കും സൗജന്യ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സാധിക്കുന്നതും, രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ സാധിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ വലിയ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഈ കാലയളവില്‍ വൈദ്യുതി വകുപ്പുമന്ത്രിയായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ട്. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്നം. എലിയെ പിടിക്കുമോ എന്നതിലാണ് കാര്യമെന്നു പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.


Also Read: ചുവന്ന തെരുവുകള്‍ വേണം; ആവശ്യക്കാര്‍ അങ്ങോട്ട് പോകട്ടെ; സ്ത്രീകളേയും കുട്ടികളേയും വെറുതെ ഉപദ്രവിക്കരുത് :നടി സാന്ദ്ര


ഇന്നലെയായിരുന്നു മന്ത്രിയെ പരിഹസിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. വിദ്യുച്ഛക്തി എന്ന് ഒരു ഭാഷയിലും എഴുതാന്‍ അറിയാത്ത ആളാണ് സംസ്ഥാനത്തിന്റെ വൈദ്യുതി മന്ത്രി എം.എം. മണിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസ്താവന. എം.എം മണി പറയുന്ന കാര്യങ്ങള്‍ കേരളത്തിന് അപമാനകരമാണ്. വായില്‍തോന്നുന്ന കാര്യങ്ങള്‍ വിളിച്ചുപറയുകയാണ്. ഇങ്ങനെ ഒരു മന്ത്രിയെക്കൊണ്ട് നാടിന് ഒരു പ്രയോജനവുമില്ലെന്നും ചെന്നിത്തല ഹരിപ്പാട് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more