| Thursday, 12th October 2017, 9:05 pm

'ഒട്ടും ബലമില്ലാത്ത രാമാ..നാണവും മാനവും ഉളുപ്പുമുള്ളവര്‍ ആരും തന്നെ ഇത്തരത്തിലൊരു ന്യായീകരണ തന്ത്രവുമായി രംഗത്തു വരികയില്ല'; വി.ടി ബല്‍റാമിന് മറുപടിയുമായി എം.എം.മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷന്‍ തുടര്‍ നടപടികള്‍ പ്രഖ്യാപിച്ചതിന് പിന്നില്‍ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് പറഞ്ഞ വി.ടി ബല്‍റാമിന് മറുപടിയുമായി മന്ത്രി എം.എം മണി.

“ഒട്ടും ബലമില്ലാത്ത രാമന്‍മാര്‍ക്ക് മറുപടി കൊടുക്കരുത് എന്ന് പലവട്ടം വിചാരിച്ചതാണ്. എന്നാലും ചിലത് പറയാതെ വയ്യ. “രാഷ്ട്രീയ വേട്ട” എന്ന വാക്കുപയോഗിക്കാന്‍ മിനിമം ധാര്‍മ്മികതയെങ്കിലും ഉണ്ടോ എന്ന് ആദ്യം ഇരുന്ന് ചിന്തിക്ക് ഹേ.” എന്നായിരുന്നു മണിയുടെ മറുപടി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

താനുള്‍പ്പെടെയുള്ളവരെ കള്ളക്കേസുണ്ടാക്കി ജയിലിലടച്ചത് രാഷ്ട്രീയ വേട്ടയല്ലാതെ പിന്നെന്താണെന്നും അദ്ദേഹം ചോദിക്കുന്നു. എന്തായാലും കോണ്‍ഗ്രസ്സുകാര്‍ ചെയ്യുന്ന തരംതാഴ്ന്ന പ്രവര്‍ത്തനങ്ങള്‍ തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കണ്ട രാമാ എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. ന്യായീകരണ കുറിപ്പ് തയ്യാറാക്കാന്‍ 27 മണിക്കൂര്‍ സമയമെടുത്തു എന്നത് തന്നെ കുറ്റസമ്മതമല്ലേ? എന്നും മണി ചോദിക്കുന്നു.

“നൂറു ഇരട്ടി ശക്തിയോടെ തിരിച്ചു വരും എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞതും അമളി പറ്റി എന്ന കുറ്റസമ്മതം അല്ലേ ??
ടി.പി. കേസില്‍ എന്നല്ല ഒന്നിലും അഡ്ജസ്റ്റ്‌മെന്റ് നടത്താന്‍ ഞങ്ങള്‍ നിങ്ങളെപ്പോലെ തരംതാഴ്ന്നിട്ടില്ല. സ്വന്തം നേതാക്കളെ പോലെയാണ് എല്ലാവരും എന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ അത് അനുഭവജ്ഞാനത്തിന്റെ കുറവാണ്. ടി.പി. കേസുള്‍പ്പെടെ കഴിഞ്ഞ സര്‍ക്കാര്‍ ഞങ്ങള്‍ക്കെതിരെ എടുത്ത എല്ലാ കള്ളക്കേസുകളും സധൈര്യമാണ് ഞങ്ങള്‍ നേരിട്ടത്.” മണി പറയുന്നു.


Also Read:  കൊടിക്കുന്നില്‍ സുരേഷിന് നേരെ ചാണകവെള്ളം തളിച്ച് മഹിളാ മോര്‍ച്ച; അധിക്ഷേപിച്ചതിന് കാരണം സുരേഷ് ദളിതനായുകൊണ്ടെന്ന് കോണ്‍ഗ്രസ്


“കോണ്‍ഗ്രസ് മുക്ത കേരളം” എന്ന ലക്ഷ്യത്തിലേക്ക് ഞങ്ങള്‍ പ്രയത്‌നിക്കണ്ട. അതിനുള്ളതെല്ലാം നിങ്ങള്‍ ചെയ്യുന്നുണ്ടല്ലോ. ഇപ്പോള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തനം അങ്ങ് തുടര്‍ന്നേച്ചാമതി. 2022 ല്‍ “കോണ്‍ഗ്രസ് വിമുക്ത കേരളം” സഫലമായിക്കൊള്ളും.” കോണ്‍ഗ്രസ് മുക്ത കേരളത്തിനാണ് സി.പി.ഐ.എമ്മിന്റെ ശ്രമമെന്നു പറഞ്ഞ വി.ടിയ്ക്ക് മണിയുടെ മറുപടി ഇങ്ങനെയാണ്.

പിന്നെ “ഭരണ വിരുദ്ധ വികാരം” എടോ ഒന്ന് ആ ശീതീകരിച്ച മുറിയില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും ഇറങ്ങി കുറച്ച് സമയം പച്ചയായ സാധാരണ മനുഷ്യരോടൊപ്പം ചെലവഴിക്കൂവെന്നും അദ്ദേഹം പറയുന്നു.

നാണവും മാനവും ഉളുപ്പുമുള്ളവര്‍ ആരും തന്നെ ഇത്തരത്തിലൊരു ന്യായീകരണ തന്ത്രവുമായി രംഗത്തു വരികയില്ലെന്നും
നിങ്ങള്‍കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകള്‍ പുറത്ത് വരുമ്പോള്‍ ചുടു ചോറ് വാരിയത് പോലെ ഓടിയിട്ട് കാര്യമില്ലെന്നും മണി പറയുന്നു.

We use cookies to give you the best possible experience. Learn more