| Sunday, 23rd April 2017, 6:29 pm

'മണിയാശാനും പുറത്തേക്ക്?'; മണിയെ തള്ളി കോടിയേരിയും വി.എസ്സും; സെക്രട്ടറിയേറ്റില്‍ ചര്‍ച്ചചെയ്യുമെന്നും കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൂന്നാര്‍: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തര്‍ക്കെതിരായ വൈദ്യുത മന്ത്രി എം.എം മണിയുടെ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ മണിക്കെതിരെ പാര്‍ട്ടി നടപടിയ്ക്ക് സാധ്യത. മന്ത്രിയെ തള്ളി മുഖ്യമന്ത്രിക്ക് പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനും രംഗത്തെത്തിയതോടെയാണ് മണിക്കെതിരായ നടപടിക്ക സാധ്യത തെളിഞ്ഞത്.


Also read സംഘികള്‍ ആഘോഷിച്ച ‘ദേവികുളം സബ് കലക്ടര്‍’ എന്ന പേജിനെതിരെ ശ്രീറാം വെങ്കിട്ടരാമന്‍: ഇതെന്റെ ഒഫീഷ്യല്‍ പേജല്ല 


മണിയുടെ പരാമര്‍ശം തെറ്റാണെന്നും സെക്രട്ടറിയേറ്റില്‍ ചര്‍ച്ചചെയ്യുമെന്നുമായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം എന്ന് പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

മണിയുടെ പരമാര്‍ശത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നായിരുന്നു ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പ്രതികരണം. പെമ്പിളൈ ഒരുമൈ സമരകാലത്ത് സമര വേദിയിലെത്തി പ്രത്യക്ഷ പിന്തുണ നല്‍കിയ സി.പി.ഐ.എം നേതാവ് കൂടിയാണ് വി.എസ്.

നേരത്തെ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയനും മണിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. പെമ്പിളൈ ഒരുമൈ സംസ്ഥാനത്തെ സ്ത്രീകളുടെ കൂട്ടായ്മയാണെന്നും അത് സംബന്ധിച്ച് അധിക്ഷേപ പരമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായില്ലെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം.

ബാക്കി കാര്യങ്ങള്‍ അത് പറഞ്ഞയാളുമായി സംസാരിച്ചശേഷം പ്രതികരിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയത് എത്ര ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തിയാണെങ്കിലും അത് ശരിയല്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞിരുന്നു.

മന്ത്രിസഭയിലും പാര്‍ട്ടിയിലും മണിക്കെതിരായ വികാരമാണ് ഉയര്‍ന്ന് കാണുന്നത്. എന്നാല്‍ വിവാദത്തിന് പിന്നില്‍ ഗൂഢാലോചന നടന്നെന്നായിരുന്നു മന്ത്രി മണിയുടെ വിശദീകരണം. പുറത്ത് വന്ന പ്രസംഗം എഡിറ്റ് ചെയ്യപ്പെട്ടതാണെന്നും പൊമ്പിളൈ ഒരുമൈയുടെ പ്രക്ഷോഭം ആരോ ഇളക്കി വിട്ടതാണെന്നും മന്ത്രി ആരോപിച്ചിരുന്നു.

ബന്ധു നിയമന വിവാദമുയര്‍ന്നപ്പോഴും ഫോണ്‍കെണിയില്‍ മന്ത്രി അകപ്പെട്ടപ്പോഴും മന്ത്രി സഭയുടെ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ച് മന്ത്രിമാര്‍ രാജിവെച്ച സഭയില്‍ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ മണിയ്ക്ക് തല്‍സ്ഥാനത്ത് തുടരുക എന്നത് എളുപ്പമാകില്ല.

We use cookies to give you the best possible experience. Learn more