Kerala News
'ഇടുക്കിയെ ദ്രോഹിച്ച നേതാവ്, തനിക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ മുന്നില്‍ നിന്നു'; പി.ടി. തോമസിനെതിരെ എം.എം. മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jan 05, 04:33 pm
Wednesday, 5th January 2022, 10:03 pm

ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി എം.എം. മണി. സി.പി.ഐ.എമ്മിനെ ഏറ്റവും കൂടുതല്‍ ദ്രോഹിച്ച വ്യക്തിയാണ് പി.ടി. തോമസെന്ന് അദ്ദേഹം പറഞ്ഞു.

ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് എം.എം. മണിയുടെ വിമര്‍ശനം.

മരിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഒരു മര്യാദ മാത്രമാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇടുക്കിയെ ദ്രോഹിച്ച ആളാണ് പി.ടി. തോമസ്.

എറണാകുളത്ത് വെച്ച് സൈമണ്‍ ബ്രിട്ടോ അടക്കമുള്ളവരെ ദ്രോഹിച്ചതിനെല്ലാം പിന്നില്‍ തോമസിന് പങ്കുണ്ട്. മരിച്ച് കിടന്നാലും ഞങ്ങള്‍ക്ക് പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു.

‘തനിക്കെതിരെ കള്ളക്കേസുണ്ടാക്കാന്‍ മുന്നില്‍ നിന്നയാളായിരുന്നു പി.ടി. തോമസ്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.ടി. തോമസുമെല്ലാം ചേര്‍ന്നാണ് തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയത്. എന്നിട്ടിപ്പോള്‍ മരിച്ചപ്പോള്‍ പുണ്യാളനാണെന്ന് പറഞ്ഞാല്‍ ഞാന്‍ അംഗീകരിക്കില്ല,’ എം.എം. മണി പറഞ്ഞു.

പൊതുപ്രവര്‍ത്തകനാകുമ്പോള്‍ മരിച്ചാലും ജീവിച്ചിരിക്കുമ്പോള്‍ ചെയ്യുന്ന ദ്രോഹം അനിവാര്യമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 22നാണ് തൃക്കാക്കര എം.എല്‍.എ ആയിരുന്ന പി.ടി. തോമസ് അന്തരിച്ചത്. വല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു പി.ടി. തോമസിന്റെ അന്ത്യം. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം അര്‍ബുദ രോഗ ബാധിതനുമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIHTS: MM Mani criticized late Congress leader P.T.Thomas