ഇടുക്കി: ഭരണഘടനയുടെയും കോടതിയുടേയും മുകളിൽ വിശ്വാസത്തെ സ്ഥാപിക്കാൻ കോൺഗ്രസ്സും ബി.ജെ.പിയും ഒന്നിച്ച് ശ്രമിക്കുകയാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ഫേസ്ബുക്ക് പോസ്റ്റിലാണ് മണി തന്റെ അഭിപ്രായം പങ്കുവെച്ചത്. നിയമങ്ങളെയും യുക്തിയെയും മറന്നു ആചാരങ്ങളെ മുൻപന്തിയിൽ പ്രതിഷ്ഠിച്ച് കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് രണ്ടു പാർട്ടികളും. എം.എം. മാണി പറഞ്ഞു. എന്നാൽ ശബരിമല വിഷയത്തിലുള്ള ഇവരുടെ കാപട്യം, ബാബറി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ടുള്ള നിലപാടിൽ നിന്നും പണ്ടുതന്നെ പുറത്തുവന്നതാണെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ:
#കോൺഗ്രസ്-#ബിജെപി #വിശ്വാസത്തട്ടിപ്പ്
“കോൺഗ്രസ്സും ബി.ജെ.പി.യും ആർ.എസ്.എസ്സും വിശ്വാസത്തിന്റെ പേര് പറഞ്ഞാണ് ശബരിമലയിൽ കലാപം ഉണ്ടാക്കുന്നത്. സുപ്രീം കോടതിയുടെയും ഭരണഘടനയുടെയും മുകളിൽ ആചാരങ്ങളെ സ്ഥാപിക്കണമെന്നാണ് ഇവർ പറയുന്നത്. എന്നാൽ, വിശ്വാസത്തിന്റെ പേരിലുള്ള ഇവരുടെ കള്ളത്തരം അയോധ്യയിലെ മുസ്ലിം പള്ളിയുടെ കാര്യത്തിൽ ഇവർ കൈക്കൊണ്ട ഇരട്ടത്താപ്പ് നയത്തിൽ വ്യക്തമാണ്. 464 വർഷം പഴക്കമുള്ള പള്ളിക്കകത്ത് ശ്രീരാമന്റെയും സീതയുടെയും വിഗ്രഹം കൊണ്ടുവച്ചത് ആർ.എസ്.എസ്. കാരാണ്. ആ വിഗ്രഹം അവിടെ ഇരുത്തി സംരക്ഷിച്ചത് കോൺഗ്രസ്സും സർദാർ വല്ലഭായ് പട്ടേലുമാണ്.
അവിടെ ശിലാന്യാസം നടത്താൻ സൗകര്യം ചെയ്തു കൊടുത്തത് രാജീവ് ഗാന്ധിയാണ്. അദ്വാനിയും ആർ.എസ്.എസ്. നേതാക്കളും രഥയാത്രയായി ചെന്ന് പള്ളി പൊളിക്കാൻ തുടങ്ങിയപ്പോൾ പോലീസിനെയും പട്ടാളത്തെയും മാറ്റി നിർത്തി സൗകര്യം ചെയ്തു കൊടുത്തതും കോൺഗ്രസുകാർ തന്നെ. മാത്രമല്ല, ഇതിനെത്തുടർന്ന് രാജ്യത്ത് വൻ പ്രക്ഷോഭങ്ങളുണ്ടായപ്പോൾ കോൺഗ്രസ് മൗനം പാലിക്കുകയും ചെയ്തു. ഇപ്പോൾ ശബരിമല വിഷയത്തിൽ വിശ്വാസത്തട്ടിപ്പ് നടത്തുന്ന ഇവരുടെ തനിസ്വരൂപം ഇതിൽ നിന്നെല്ലാം വ്യക്തമാണ്.”