Daily News
വനിതാ പ്രിന്‍സിപ്പലിനെ അധിക്ഷേപിച്ചതില്‍ എം.എം മണി ഖേദം പ്രകടിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Feb 24, 08:31 am
Wednesday, 24th February 2016, 2:01 pm

MM-Mani

ഇടുക്കി: ചെറുതോണിയില്‍ വനിതാ പ്രിന്‍സിപ്പലിനെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിന് ഇടുക്കി സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം. എം മണി മാപ്പ് പറഞ്ഞു.അധ്യാപികയ്‌ക്കെതിരെയുള്ള പ്രസംഗം അതിരുകടന്നു പോയി. വ്യക്തിപരമായി അധിക്ഷേപിക്കണമെന്ന് കരുതിയില്ല. കേസ് നിയമപരമായി നേരിടുമെന്നും മണി തിരുവനന്തപുരത്ത് പറഞ്ഞു. അതേ സമയം പോലീസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ മണി ഉറച്ചു നിന്നു. പാര്‍ട്ടി ഓഫീസില്‍ കയറി പ്രതിയാരാണെന്ന് പോലും പറയാതെ അതിക്രമം കാണിച്ച കാര്യമാണ് പറഞ്ഞത്. ആ പോലീസുകാരനോട് ഒരു കാര്യത്തിലും ഖേദമില്ലെന്നും മണി പറഞ്ഞു.

അതിനിടെ വിവാദ പ്രസംഗത്തില്‍ മണിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ജെ.എന്‍.യു വിഷയത്തില്‍ എസ്.എഫ്.ഐ നടത്തിയ സംസ്ഥാന പഠിപ്പുമുടക്കില്‍ പൈനാവ് പോളിടെക്‌നികില്‍ പ്രിന്‍സിപ്പല്‍ തടയുകയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ പരിപാടിയിക്കിടയിലാണ് മണിയുടെ വിവാദ പരാമര്‍ശം.

പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുക്കുന്നതില്‍ അശ്ലീല സ്വഭാവമുണ്ടെന്നും ചെറുതോണി എസ്.ഐ പിതൃശൂന്യനാണെന്നും മണി പ്രസംഗിച്ചിരുന്നു. പോലീസുകാരെ വായ്‌നോക്കികളെന്നു വിളിച്ച് എം.എം മണി അധിക്ഷേപിച്ചു. തന്തയ്ക്ക് പിറക്കാത്ത എന്തു പണിയും ചെയ്യുന്നയാളാണ് എസ്.ഐ എന്ന് മണി പറഞ്ഞു. പൊലീസുകാരെല്ലാം വായ്‌നോക്കികളാണെന്നും വനിതാ പ്രിന്‍സിപ്പാളിന് മറ്റെന്തിന്റെയോ സൂക്കേടാണെന്നും വാതിലടച്ച് ക്ലാസെടുക്കുന്നതില്‍ സംശയമുണ്ടെന്നും എം.എം മണി പറഞ്ഞിരുന്നു.