കള്ളകാവിയിട്ട പൂച്ച സന്ന്യാസിയാണ് യോഗി, ദളിത് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്യുന്നയാള്‍: എം.എം മണി
Kerala News
കള്ളകാവിയിട്ട പൂച്ച സന്ന്യാസിയാണ് യോഗി, ദളിത് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്യുന്നയാള്‍: എം.എം മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 12:32 pm

കട്ടപ്പന: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി മന്ത്രി എം.എം.മണി. വങ്കനും രാജ്യത്തേറ്റവും കഴിവു കെട്ടവനുമായ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥെന്ന് മണി കട്ടപ്പനയില്‍ പറഞ്ഞു. ശ്രീനാരായണഗുരുവിനെക്കുറിച്ച് പറയാന്‍ യോഗി ആദിത്യനാഥിന് എന്ത് യോഗ്യതയാണുള്ളതെന്നും മണി ചോദിച്ചു.

കള്ള കാവിയുടുത്ത പൂച്ച സന്യാസിയും ഉത്തര്‍പ്രദേശിലെ പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊല്ലുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയുമാണ് യോഗി ആദിത്യനാഥെന്ന് എം.എം മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളുടെ വികാരം വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും ശബരിമലയിലെ സ്ത്രീ പ്രവേശനം അതിന് ഉദാഹരണമെന്നും യോഗി ആദിത്യനാഥ് ആരോപിച്ചിരുന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള വിജയയാത്ര ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു യോഗിയുടെ പരാമര്‍ശം.

‘കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളുടെ വികാരങ്ങള്‍ വെച്ച് രാഷ്ട്രീയം കളിക്കുകയാണ്. ശബരിമല സ്ത്രീപ്രവേശനം അതിന് ഉദാഹരണമാണ്. ജനവികാരത്തെ മാനിക്കാതെ സര്‍ക്കാര്‍ സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുകയാണ്. ജനവികാരം മാനിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചത്. ഇതൊരു ക്ഷേത്രമല്ല. ജനങ്ങളുടെ വിശ്വാസത്തെ മാനിക്കലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിലൂടെ ഉദ്ദേശിക്കുന്നത്’, എന്നാണ് യോഗി പറഞ്ഞത്.

രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമൃദ്ധിയും വികസനവും ഉറപ്പാക്കാന്‍ ബി.ജെ.പി ഭരണകൂടത്തിന് മാത്രമെ സാധിക്കുവെന്നാണ് യോഗി ആദിത്യനാഥ് അവകാശപ്പെട്ടത്.

കൊവിഡ് പ്രതിരോധത്തിലും കേരളത്തിനെതിരെ യോഗി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ അടിസ്ഥാന ആരോഗ്യസംവിധാനങ്ങളെ പരിഹസിച്ച കേരളം ഇപ്പോള്‍ ലോകത്തിനാകെ പരിഹാസപാത്രമായി മാറിയിരിക്കുകയാണെന്ന് യോഗി പറഞ്ഞു.

കേരളത്തെ ഇസ്ലാമിക രാജ്യമാക്കി മാറ്റാനുള്ള ഗൂഢാലോചനകള്‍ നടക്കുന്നുവെന്നും അതിന്റെ ഭാഗമാണ് ലവ് ജിഹാദെന്നും യോഗി ആരോപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: MM Mani against Yogi Adhithyanath