| Saturday, 26th May 2012, 12:42 pm

കൊല്ലേണ്ടവരെ കൊല്ലും, വി.എസ് തിരുത്തുന്നില്ല: എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇടുക്കി: കൊല്ലേണ്ടവരെ സി.പി.ഐ.എം കൊല്ലുകതന്നെ ചെയ്യുമെന്ന് സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി. ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.ഐ.എമ്മിന് പങ്കില്ലെന്നും മണി പറഞ്ഞു. വെള്ളിയാഴ്ച രാത്രി തൊടുപുഴയ്ക്കടുത്ത് മണക്കാടില്‍ പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി സംഘടിപ്പിച്ച നയവിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ പ്രതിയോഗികളെ നിഷ്‌കാസനം ചെയ്ത ചരിത്രം പാര്‍ട്ടിക്ക് ഉണ്ടെന്ന് യോഗത്തില്‍ മണി പറഞ്ഞു. കേരളത്തിലും ഇന്ത്യയിലാകെയുമായി നിരവധി പ്രതിയോഗികളെ പാര്‍ട്ടി വകവരുത്തിയിട്ടുണ്ട്. പീരുമേട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകനായ അയ്യപ്പദാസിനെ കൊന്ന ബാലുവിനെ വകവരുത്തി. ഇടുക്കി ശാന്തന്‍ പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെയും കൊന്നിട്ടുണ്ട്. ശാന്തന്‍പാറയിലെ 13 പാര്‍ട്ടി ശത്രുക്കളുടെ ലിസ്റ്റുണ്ടാക്കി അതില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനത്തുള്ളവരെ വെടിവെച്ചും, തല്ലിയും കുത്തിയും കൊന്നു. ഇത്തരക്കാരെ ഇനിയും വകവരുത്തുമെന്നും മണി പറഞ്ഞു.

“പണ്ട് പീരുമേട്ടില്‍ അയ്യപ്പദാസിനെ കൊന്ന 32 വയസുകാരന്‍ ബാലു, ചെറുപ്പക്കാരനാ കല്ല്യാണം പോലും കഴിച്ചിട്ടില്ല. വെട്ടിവെട്ടിയാ കോന്നത്. 1982ല്‍ നമ്മള്‍ എന്തെല്ലാം കണ്ടു. അന്ന് വയലാര്‍ രവി ആഭ്യന്തരമന്ത്രി, കരുണാകരന്‍ മുഖ്യമന്ത്രി. അന്ന് കോണ്‍ഗ്രസുകാരും പോലീസും ഗുണ്ടകളും പാര്‍ട്ടി ഓഫീസിലേക്ക് ഓടി. ഓര്‍മ്മയില്ലേ, 100 കണക്കിന് കേസുകളാണ് ഞങ്ങള്‍ക്കെതിരെ ചുമത്തിയത്. അന്ന് ശാന്തന്‍പാറയില്‍ രാജാക്കാട്ടിനടുത്ത് പാര്‍ട്ടിപ്രവര്‍ത്തകനെ കൊന്നു.

അന്നത്തെ എസ്.ഐ മത്തായി ഒരു വായി നോക്കിയായിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് അതുമൊരു വായി നോക്കി. ആഭ്യന്തരമന്ത്രിയുമൊരു വായി നോക്കി. വയലാര്‍ രവി. ഞങ്ങള്‍ 13 പേരുടെ ലിസ്റ്റുണ്ടാക്കി. ആദ്യത്തെ മൂന്ന് പേരെ ആദ്യം കൊന്നു. വണ്‍, ടു, ത്രി. വെടിവെച്ചുകൊന്നതാ ഒന്നാമനെ, കുത്തിക്കൊന്നു മറ്റൊരുത്തനെ, ഒരുത്തനെ തല്ലിക്കൊന്നു. മനസിലായില്ലേ, ഒന്നാം പേരുകാരനെ ആദ്യം വെടിവെച്ച്. രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാംപേരുകാരനെ കുത്തിക്കൊന്നു. അതോടെ കോണ്‍ഗ്രസുകാര്‍ ഓടിയൊളിച്ചു. ഞങ്ങളിതെത്ര കണ്ടതാ. കണ്ടും കൊടുത്തും ശീലമുണ്ട്. ഞങ്ങളെ ഒരുമാതിരി വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്ക് കൊട്ടി പേടിപ്പിക്കല്ലേ”-മണി പറഞ്ഞു

ചന്ദ്രശേഖരന്‍ വധത്തിനുശേഷം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സ്വീകരിച്ച നിലപാടുകളെയും എം.എം മണി നിശിതമായി വിമര്‍ശിച്ചു. ചന്ദ്രശേഖരന്‍ ഉത്തമ കമ്മ്യൂണിസ്റ്റാണെന്ന് വി.എസ് പറഞ്ഞത് ശരിയായില്ല. പാര്‍ട്ടിയെ പൊളിക്കാന്‍ നടക്കുന്നവര്‍ എങ്ങനെ ഉത്തമകമ്മ്യൂണിസ്റ്റാകുമെന്നും മണി ചോദിച്ചു.

ടി.പി ചന്ദ്രശേഖരന്റെ സംസ്‌ക്കാരച്ചടങ്ങില്‍ വി.എസ് പങ്കെടുത്തത് ശരിയായില്ല. തന്റെ കത്തിനെക്കുറിച്ചുള്ള വ്യാജവാര്‍ത്ത വി.എസ് തിരുത്താത്തത് തെറ്റാണ്. മാണിയും ചെന്നിത്തലയും വി.എസിനെ പുറത്തേക്ക് സ്വാഗതം ചെയ്യുകയാണ്. ഇതിനെതിരെ വി.എസ് മൗനം പാലിക്കുന്നത് തെറ്റാണെന്നും മണി കുറ്റപ്പെടുത്തി.

ഗാന്ധിയേക്കാള്‍ വലിയ മാഹാനായി ടി.പിയെ സി.പി.ഐ. അടക്കമുള്ള കക്ഷികള്‍കാണുന്നുവെന്നും മണി ആരോപിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more