| Saturday, 29th June 2019, 11:41 am

കസ്റ്റഡിയില്‍ മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നു; മന്ത്രി എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവേ കൊല്ലപ്പെട്ട രാജ്കുമാറിനെതിരെ മന്ത്രി എം.എം മണി. മരിച്ച രാജ്കുമാര്‍ കുഴപ്പക്കാരനായിരുന്നെന്നാണ് എം.എം മണിയുടെ പ്രസ്താവന.

മരണത്തിന് പിന്നില്‍ പൊലീസ് മാത്രമല്ല ഉത്തരവാദി എന്നും എം.എം മണി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തി. ആരുടെ കാറില്‍ നിന്നാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് അന്വേഷിക്കണമെന്നും എം.എം മണി ആവശ്യപ്പെട്ടു.

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പലരും ശ്രമിക്കുകയാണ്. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പൊലീസ് അവസരമുണ്ടാക്കിയെന്നും എം.എം മണി പറഞ്ഞു.

രാജ്കുമാറിന്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പ്രതിയെ നാല് ദിവസം അനധികൃതമായി കസ്റ്റഡിയില്‍ വെച്ചത് എസ്.പിയുടേയും ഡി.വൈ.എസ്.പിയുടേയും അറിവോടെയാണെന്നാണ് റിപ്പോര്‍ട്ട്.

പ്രതി ശാരീരികമായി അവശത നേരിടുകയാണെന്ന സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഇടുക്കി ജില്ലാ പൊലീസ് മേധാവി അവഗണിക്കുകയായിരുന്നു.

ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ കീഴില്‍ വരുന്ന ജില്ലാ സ്‌പെഷല്‍ ബ്രാഞ്ചാണ് ഈ മാസം 13നും 14നും 2 തവണയായി, മേലുദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി അവഗണിച്ചു.

അവശനായ രാജ്കുമാറിനെ മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചില്ലെന്നും പരാതി ഉണ്ട്. ഈ മാസം 19 ന് ഒപിയില്ലെന്ന് പറഞ്ഞ് തിരികെ കൊണ്ടുപോവുകയായിരുന്നു.

ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21 നാണ് മരിച്ചത്.

രാജ്കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു. അതേസമയം രാജ്കുമാറിനെ പൊലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതിനെന്ന് ഹരിത ചിട്ടിയിലെ നിക്ഷേപകന്‍ അരുണ്‍ മുല്ലശേരിയെന്നയാളും ആരോപിച്ചിരുന്നു.

രാജ്കുമാറിനോട് പൊലീസ് 20 ലക്ഷംരൂപ ആവശ്യപ്പെട്ടു. 40 ലക്ഷം രൂപ വീട്ടിലുണ്ടെന്ന് രാജ്കുമാര്‍ അവരോട് പറഞ്ഞിരുന്നു. രാജ്കുമാറിന്റെ വീട്ടില്‍നിന്ന് പണം ശേഖരിക്കാനാണ് അര്‍ധരാത്രിയില്‍ തന്നെ തെളിവെടുപ്പ് നടത്തിയത്. എന്നാല്‍ വീട്ടില്‍നിന്ന് പണം കണ്ടെത്താന്‍ കഴിയാതെ വന്നതോടെ വീട്ടുകാരുടെ മുന്നിലിട്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ പിടിച്ചെടുത്ത പണത്തില്‍ 90,000 രൂപ കുറവുണ്ടെന്നും അരുണ്‍ മുല്ലശേരി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more