| Tuesday, 26th March 2019, 1:57 pm

'കക്ഷിക്ക് ബ്ലാക്ക് പണ്ടേ പഥ്യമല്ലല്ലോ ബാക്ക് അല്ലേ പ്രിയം': പീതാംബരക്കുറുപ്പിന് മറുപടിയുമായി എം.എം മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ തന്നെ അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് എന്‍. പീതാംബരക്കുറുപ്പിന് വായടപ്പിക്കുന്ന മറുപടിയുമായി മന്ത്രി എം.എം. മണി. പ്രളയത്തിന്റെ കാരണക്കാരന്‍ ബ്ലാക്ക് മണിയാണെന്നായിരുന്നു പീതാംബരക്കുറുപ്പിന്റെ പരാമര്‍ശം.

എന്നാല്‍ കക്ഷിക്ക് “ബ്ലാക്ക്” പണ്ടേ പഥ്യമല്ലെന്നും “ബാക്ക്” ആണ് പഥ്യമെന്നും പറഞ്ഞായിരുന്നു എം.എം മണി തിരിച്ചടിച്ചത്.

2013 നവംബര്‍ ഒന്നിന് കൊല്ലത്ത് നടന്ന വള്ളംകളിയുടെ ഉദ്ഘാടന ചടങ്ങിനിടെ പ്രശസ്ത നടിയോട് സ്ഥലം എം.പി കൂടിയായിരുന്ന പീതാംബരകുറുപ്പ് അപമര്യാദയായി പെരുമാറിയത് വിവാദമായിരുന്നു. പിന്നീട് നടിയോട് പീതാംബരകുറുപ്പ് മാപ്പ് പറഞ്ഞിരുന്നു. ഇക്കാര്യം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു എം.എം മണി തിരിച്ചടിച്ചത്.

ആറ്റിങ്ങല്‍ ലോക്‌സഭാ സീറ്റിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ നെടുമങ്ങാട് നിയോജകമണ്ഡലം കണ്‍വെന്‍ഷനായിരുന്നു പീതാംബരക്കുറുപ്പിന്റെ മണിക്കെതിരായ വിമര്‍ശനം.

മുന്‍ കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് എന്‍.പീതാംബരക്കുറുപ്പ് മന്ത്രി എം.എം.മണിയെ നിറത്തിന്റെ പേരില്‍ പരിഹസിച്ചത്. ഡാമുകള്‍ ഒന്നിച്ചുതുറന്നുവിടാന്‍ കാരണക്കാരന്‍ എം.എം.മണിയാണെന്ന് സമര്‍ഥിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.


പെണ്‍കുട്ടി 18 വയസുണ്ട്, തട്ടിക്കൊണ്ടുപോയതല്ല, ഏറെ നാളായി പ്രണയത്തിലാണെന്നും മുഹമ്മദ് റോഷന്‍; സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പെണ്‍കുട്ടിയും


നേരത്തെയും എം.എം മണി നിറത്തിന്റെ പേരില്‍ പരിഹസിക്കപ്പട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഉടുമ്പന്‍ചോലയില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി എം.എം മത്സരിക്കുന്ന വേളയില്‍ മണിയെ കരിങ്കുരങ്ങനെന്നും കരിംഭൂതമെന്നും വിളിച്ചായിരുന്നു എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചത്.

ഭൂതപ്പാട്ട് പാടാന്‍ പറഞ്ഞയക്കാന്‍ കൊള്ളാവുന്ന ഈ കരിങ്കുരങ്ങിനെ അങ്ങോട്ട് വിടുക എന്നുള്ളതല്ലാതെ മനുഷ്യരുടെ ഇടയില്‍ പറഞ്ഞയക്കാന്‍ കൊള്ളില്ല എന്നായിരുന്നു അന്ന് വെള്ളാപ്പള്ളി പ്രസംഗിച്ചത്.

എന്നാല്‍ വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളോട് മറുപടി പറയാനില്ലെന്നും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും മണി തിരിച്ചടിച്ചിരുന്നു.

We use cookies to give you the best possible experience. Learn more