'ചുട്ടെടുക്കുകയാണ്, ചക്കക്കുരുവല്ല; പാര്‍ലമെന്റ് തന്തൂരി അടുപ്പായി മാറുന്നു'; തിടുക്കപ്പെട്ട് ബില്ലുകള്‍ പാസാക്കുന്നതിനെ പരിഹസിച്ച് മന്ത്രി എം.എം മണി
Kerala News
'ചുട്ടെടുക്കുകയാണ്, ചക്കക്കുരുവല്ല; പാര്‍ലമെന്റ് തന്തൂരി അടുപ്പായി മാറുന്നു'; തിടുക്കപ്പെട്ട് ബില്ലുകള്‍ പാസാക്കുന്നതിനെ പരിഹസിച്ച് മന്ത്രി എം.എം മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2019, 12:16 pm

കോഴിക്കോട്: പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ തിടുക്കപ്പെട്ട് ബില്ലുകള്‍ പാസാക്കിയതിനെതിരെ മന്ത്രി എം.എം മണി. ‘ചുട്ടെടുക്കുകയാണ്, ചക്കക്കുരുവല്ല, ബില്ലുകളാണ്’ എന്നുതുടങ്ങുന്ന ചെറുപോസ്റ്റാണ് മന്ത്രി ഫേസ്ബുക്കിലിട്ടത്.

പാര്‍ലമെന്റ് തന്തൂരി അടുപ്പായി മാറുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. ഫാസിസം ഇങ്ങനെയും കടന്നുവരുമെന്നും ചെറുത്തുനില്‍പ്പല്ലാതെ മാര്‍ഗമില്ലെന്നും പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

തിടുക്കപ്പെട്ട് ബില്ലുകള്‍ പാസാക്കുന്നതിനെതിരേ മറ്റ് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു. പിസ്സ ഡെലിവര്‍ ചെയ്യുകയാണോ നിയമം പാസാക്കുകയാണോ എന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രയാന്‍ പ്രതികരിച്ചത്.

ബില്ലുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്ന ഇടമാണ് പാര്‍ലമെന്റ്. ഈ സെഷന്‍ എത്രത്തോളം ഭയപ്പെടുത്തുന്നുവെന്ന് ഈ ചാര്‍ട്ട് കണ്ടാല്‍ മനസിലാകും. ഇതിപ്പോള്‍ നിയമം പാസാക്കുകയാണോ അതോ പിസാ ഡെലിവര്‍ ചെയ്യുകയാണോ- ഒബ്രയാന്‍ ചോദിച്ചു.

പാര്‍ലമെന്റ് സമിതിക്കോ സെലക്ട് സമിതിക്കോ വിടാതെ മോദിസര്‍ക്കാര്‍ ഒരുമാസത്തിനിടെ പാസാക്കിയെടുത്തത് 14 ബില്ലുകളാണ്. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത് 30 ബില്ലുകളും. ഇതില്‍ ലോക്‌സഭയില്‍ മാത്രം പാസായതാകട്ടെ, 20 ബില്ലുകളും.

മന്ത്രി എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘ചുട്ടെടുക്കുകയാണ്;
ചക്കക്കുരുവല്ല, ബില്ലുകളാണ്.
ചര്‍ച്ചയില്ലാതെ, സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാതെ,
പാതി വെന്തതും, വേവാത്തതുമൊക്കെ
ഒന്നൊന്നായി ചുട്ടെടുക്കുകയാണ്.
പാര്‍ലമെന്റ് തന്തൂരി അടുപ്പായി മാറുന്നു.
ജനാധിപത്യം നോക്കുകുത്തിയായി മാറുന്നു .

ഫാസിസം ഇങ്ങിനെയും കടന്നുവരും.

ചെറുത്തുനില്‍പ്പല്ലാതെ മാര്‍ഗ്ഗമില്ല.’