'ഏതു ദൈവമാണെങ്കിലും ആനയാണെങ്കിലും പ്രശ്‌നമില്ല; വോട്ട് മറിച്ച് ചെയ്ത് അതിനുള്ള ചില്ലറയും മേടിക്കും ഇവര്‍'; സുരേന്ദ്രനും ബി.ജെ.പിക്കുമെതിരെ മന്ത്രി എം.എം മണി
കോന്നി: ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ കോന്നിയില്‍ സ്ഥാനാര്‍ഥിയായതിനെക്കുറിച്ച് പ്രതികരിച്ച് മന്ത്രി എം.എം മണി. സുരേന്ദ്രന്‍ ആനയല്ലെന്നും കോന്നിയില്‍ തങ്ങള്‍ ജയിക്കുമെന്നും മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന എല്‍.ഡി.എഫ് നേതാവെന്ന നിലയില്‍ മണി പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആര്‍.എസ്.എസും ബി.ജെ.പിയും കാലങ്ങളായി വോട്ട് മറിച്ചുചെയ്ത് കാശ് വാങ്ങിക്കുന്നുണ്ടെന്നും ഇടതുപക്ഷം ജയിക്കാതിരിക്കുകയാണ് അവര്‍ക്കു വേണ്ടതെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടര്‍മാരെ പറഞ്ഞുപറ്റിച്ചാണ് കോണ്‍ഗ്രസ് ജയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോന്നി മണ്ഡലം തിരിച്ചുപിടിക്കുമെന്നും മന്ത്രി പറഞ്ഞു.
‘ഞങ്ങള്‍ ഇത്തവണ ജയിക്കുമെന്നു യാതൊരു സംശയവും വേണ്ട. ജയിക്കാന്‍ തന്നെയാണ്. ഞങ്ങളുടെ ആറു സ്ഥാനാര്‍ഥികളെയും നോക്ക്. പാലായില്‍ മാണി സി. കാപ്പനായിരുന്നു. അദ്ദേഹം പ്രായമുള്ള ആളായിരുന്നു.
ബാക്കി അഞ്ചുപേരെയും ഇപ്പോള്‍ നിര്‍ത്തിയിരിക്കുന്നതു ചെറുപ്പക്കാരെയാണ്. പ്രത്യേക പരിഗണന അവര്‍ക്കു കൊടുത്തിട്ടുണ്ട്. കാരണം, അവര്‍ക്കു ഭാവിയില്‍ കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ കഴിയും എന്നതുകൊണ്ടാണ് അങ്ങനെ ചെയ്തിരിക്കുന്നത്.
തന്നെയുമല്ല, ചെറുപ്പക്കാരെ പ്രോത്സാഹിപ്പിച്ചു കൊണ്ടുവരേണ്ട കാര്യവുമുണ്ടല്ലോ. അതുകൊണ്ട് പ്രത്യേകിച്ചും പാലായിലെ തെരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ അഞ്ചു മണ്ഡലത്തിലും ജയിക്കും എന്നുള്ളതാണു ഞങ്ങളുടെ കണക്കുകൂട്ടലും പ്രതീക്ഷയും.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വം ആളുകളെ പറഞ്ഞുപറ്റിച്ചതും പാര്‍ലമെന്റിലെത്തിയപ്പോള്‍ ഇവന്മാരെല്ലാം കൂറുമാറിപ്പോയിക്കൊണ്ടിരിക്കുന്നു, വ്യക്തമായ നിലപാടില്ല.
പണ്ടത്തെപ്പോലെ ആണുങ്ങളെപ്പോലെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ പ്രതികരിക്കുന്ന ഇടതുപക്ഷം ദുര്‍ബലപ്പെട്ടുപോയി, ഇവിടെനിന്ന് ആളുകളെ വിടാത്തതിന്റെ ഗതികേടായിപ്പോയി, ഇതെല്ലാം ഇവന്മാര് കള്ളത്തരം പറഞ്ഞു പറ്റിച്ചതാണെന്നുള്ള ബോധം ആളുകള്‍ക്കുണ്ട്.
അതിന് അവര്‍ ഉത്തരം പറഞ്ഞേ പറ്റൂ. അതുകൊണ്ട് ഇത്തവണ ഞങ്ങള്‍ ഇവിടെയും ജയിക്കും. പണ്ട് ഞങ്ങള്‍ നിരന്തരം ജയിച്ചുകൊണ്ടിരുന്നതാണ്, ഞങ്ങളുടെ കൈയ്യില്‍ നിന്നു പോയതാണ്. അത് ഇത്തവണ ഞങ്ങള്‍ തിരിച്ചുപിടിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.’- അദ്ദേഹം പറഞ്ഞു.
സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- ‘ഏതു ദൈവമാണെന്നു പറഞ്ഞാലും ആനയാണെന്നു പറഞ്ഞാലും ഇതിനകത്തു പ്രശ്‌നമില്ല. കെ. സുരേന്ദ്രന്‍ എന്താ വലിയ ആനയാണെന്നാണോ? അതൊന്നും ഞങ്ങള്‍ കരുതുന്നില്ല. അതിനു പറ്റിയയാളാണു ഞങ്ങളുടെ സ്ഥാനാര്‍ഥി.
അവര്‍ക്കൊക്കെ കാശാണു പ്രശ്‌നം. ആര്‍.എസ്.എസും ബി.ജെ.പിയും കാലങ്ങളായി ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത് എന്താ? വോട്ട് മറിച്ചുചെയ്യുക.
അതിന്റെ രാഷ്ട്രീയം എന്താണെന്നറിയുമോ? എന്താണെങ്കിലും ഇടതുപക്ഷം ജയിക്കാതിരിക്കുക. അതിന് വോട്ട് മറിച്ചു ചെയ്യും. അതിനുള്ള ചില്ലറയും മേടിക്കും ഇവര്‍. പരമ്പരാഗതമായി ചെയ്തുകൊണ്ടിരിക്കുന്നതാണ്.’- മന്ത്രി ആരോപിച്ചു.