|

'ഈനാംപേച്ചിക്ക് പറ്റിയ കൂട്ട്'; എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്ന പ്രതിക്ക് അഭിവാദ്യമര്‍പ്പിച്ച ഡീന്‍ കുര്യാക്കോസിനെതിരെ എം.എം. മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൈനാവ്: ഇടുക്കി ഗവണ്‍മെന്റ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകകേസിലെ പ്രതി നിഖില്‍ പൈലിക്ക് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയ ഡീന്‍ കുര്യാക്കോസ് എം.പിക്ക് മറുപടിയുമായി മുന്‍ മന്ത്രി എം.എം. മണി.

ധീരജിന്റെ കൊലപാതകികളെ പിന്തുണച്ച ഡീന്‍ കുര്യാക്കോസിനെ ‘ഈനാംപേച്ചിക്ക് പറ്റിയ കൂട്ട്’ എന്നാണ് എം.എം. മണി വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു ഡീന്‍ കുര്യാക്കോസ് നിഖില്‍ പൈലിക്ക് പിന്തുണയുമായി പരസ്യമായി രംഗത്തെത്തിയത്. ഫേസ്ബുക്കിലെഴുതിയ പോസ്റ്റിലാണ് ഡീന്‍ കുര്യാക്കോസ് നിഖിലിന് പിന്തുണയറിയിച്ചത്.

കൊലക്കേസ് പ്രതിക്ക് നിയമ സഹായം നല്‍കിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന് അഭിവാദ്യങ്ങളര്‍പ്പിക്കുന്നുവെന്നും ഡീന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു.

‘എണ്‍പത്തി എട്ട് ദിവസങ്ങള്‍ക്ക് ശേഷം കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്ക് കോടതി ജാമ്യം അനുവദിച്ചു.

നിരന്തരമായ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ:എസ് അശോകന് അഭിവാദ്യങ്ങള്‍. സത്യം പുറത്തുവരുന്നത് വരെ നിയമപരമായി പോരാടുക തന്നെ ചെയ്യും,’ എന്നായിരുന്നു ഡീന്‍ കുര്യാക്കോസ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, കൊലക്കേസ് പ്രതിക്ക് പിന്തുണയറിയിച്ച ഡീന്‍ കുര്യാക്കോസിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്.

ഡീന്‍ കുര്യാക്കോസിനെതിരെ എസ്.എഫ്.ഐ ഇടുക്കി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെറുതോണിയില്‍ പ്രതിഷേധവും ജനകീയ വിചാരണയും സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞദിവസമാണ് ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖിലിന് ജാമ്യം ലഭിച്ചത്.

കേസിലെ രണ്ടുമുതല്‍ ആറുവരെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ജെറിന്‍ ജോജോ(22), ജിതിന്‍ തോമസ് ഉപ്പുമാക്കല്‍(24), ടോണി എബ്രഹാം തേക്കിലക്കാടന്‍(23), നിതിന്‍ ലൂക്കോസ്(25), സോയിമോന്‍ സണ്ണി(28) എന്നിവര്‍ക്ക് കഴിഞ്ഞ 19ന് ജാമ്യം ലഭിച്ചിരുന്നു.

ജനുവരി 10ന് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനിടയിലാണ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ധീരജിനെ നിഖില്‍ പൈലിയും സംഘവും കുത്തിക്കൊന്നത്.

Content Highlight: MM Mani against Dean Kuriakose for Supporting assassins of  Dheeraj Rajendran