കൊച്ചി: കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന് സി.പി.ഐ.എം നേതാവുമായ എം.എം. മണിയെ കുറ്റവിമുക്തനാക്കി. എം.എം. മണി സമര്‍പ്പിച്ച വിടുതല്‍ ഹരജി അംഗീകരിച്ചാണ് ഹൈക്കോടതി മണി അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയത്.
ജി. മദനനന്‍, പാമ്പുപാറ കുട്ടന്‍ എന്നിവരാണ് മണിക്ക് പുറമേ കുറ്റവിമുക്തരായത്. സെഷന്‍സ് കോടതി വിധിക്കെതിരെ എം.എം. മണി നല്‍കിയ ഹരജി ഹൈക്കോടതി അനുവദിക്കുകയായിരുന്നു.
നേരത്തെ സെഷന്‍സ് കോടതിയെ എം.എം. മണി വിടുതല്‍ ഹരജിയുമായി സമീപിച്ചിരുന്നെങ്കിലും ഹരജി കോടതി തള്ളുകയായിരുന്നു.
1982 നവംബര്‍ 13നാണ് അഞ്ചേരി ബേബിയെ വെടിയേറ്റ് മരിച്ചത്. സി.പി.ഐ.എം മുന്‍ ലോക്കല്‍ കമ്മിറ്റിംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു ബേബി. യൂത്ത് കോണ്‍ഗ്രസ് ഉടുമ്പന്‍ചോല ബ്ലോക്ക് പ്രസിഡന്റായിരുന്നു ബേബി. ഇടുക്കി മണക്കാട് വെച്ച് നടന്ന 1,2,3 പ്രസംഗത്തിലൂടെയാണ് അഞ്ചേരി ബേബി വധക്കേസില്‍ മണി പ്രതിയാകുന്നത്.
1,2,3 പ്രസംഗത്തിലൂടെ കേസില്‍ പുനരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിടുകയും 2012 നവംബറില്‍ അന്നത്തെ സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.എം. മണിയടക്കമുള്ള മൂന്ന് നേതാക്കള്‍ കസ്റ്റഡിയിലാവുകയും ചെയ്തു.
കേസില്‍ 46 ദിവസമാണ് മണിയും കൂട്ടുപ്രതികളും ജയിലില്‍ കിടന്നത്. ജയില്‍ മോചിതനായി വന്ന ശേഷമാണ് മണി ഹരജിയുമായി സെഷന്‍സ് കോടതിയെ സമീപിച്ചത്. മൂന്ന് പ്രതികളും വിചാരണ നേരിടണമെന്നാണ് കോടതി പറഞ്ഞത്.
ബേബി അഞ്ചേരിക്കൊപ്പം മുളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ കൊലപാതകങ്ങളാണ് അന്ന് മണി പ്രസംഗത്തില്‍ പറഞ്ഞിരുന്നത്. നീതി കിട്ടിയെന്നും താന്‍ അഞ്ചേരി ബേബിയെ കണ്ടിട്ടുപോലുമില്ലെന്നാണ് വിധിയെത്തുടര്‍ന്ന് മണി പ്രതികരിച്ചത്.
Content Highlights: MM. Mani acquitted in Ancheri Baby murder case