നെടുങ്കണ്ടം: രണ്ട് വര്‍ഷത്തിനിടെ ഔദ്യോഗിക വാഹനത്തിന്റെ 34 ടയറുകള്‍ മാറ്റിയെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ ടൊയോട്ട കമ്പനിക്കെതിരെ ആരോപണമുന്നയിച്ച് മന്ത്രി എം.എം മണി. പുതിയ ഇന്നോവ കാര്‍ പറ്റിപ്പ്, ടയറിന് തീരെ ആയുസ്സില്ലെന്നുമാണ് മന്ത്രിയുടെ ആരോപണം.
നെടുങ്കണ്ടം കല്ലാറില്‍ പുതിയ ടയര്‍ കട ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ ഈ വാക്കുകള്‍. കഴിഞ്ഞ വര്‍ഷം നെടുങ്കണ്ടത്തിന് സമീപം വെച്ച് വാഹനത്തിന്റെ ടയര്‍ നട്ടുകള്‍ ഊരിത്തെറിച്ചു. രണ്ടു മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് വണ്ടിയുടെ ടയര്‍ നട്ടുകള്‍ ഒടിഞ്ഞു തൂങ്ങി. രണ്ട് തവണയും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണെന്നും എം.എം മണി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വാഹനയാത്രികര്‍ക്ക് സഹായകരമായി ടയര്‍ കടകള്‍ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെന്ന് മന്ത്രി പറഞ്ഞു. തന്റെ വാഹനത്തിന്റെ ടയറുകള്‍ മാറ്റിയത് ചിലര്‍ ബോധപൂര്‍വ്വം വിവാദമാക്കിയതാണെന്നും മന്ത്രി പറഞ്ഞു.
ടയര്‍ മാറ്റലിന്റെ പേരില്‍ നേരത്തെ മറ്റൊരു നേതാവും വിവാദത്തിലകപ്പെട്ടിട്ടുണ്ട്. ഇടുക്കിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ജോയി തോമസ് ആണ് എം.എം മണിയെ പോലൊരു വിവാദത്തിലകപ്പെട്ടത്. കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റായിരിക്കെ ഔദ്യോഗിക വാഹനത്തിന്റെ 27 ടയറുകളാണ് മാറ്റിയത്. നാല് വര്‍ഷത്തിനിടെയാണ് 27 ടയറുകള്‍ മാറ്റിയതെന്ന് ചൂണ്ടിക്കാട്ടി ജോയി തോമസ് തുക എഴുതിയെടുത്തത്.
അക്കാലത്ത് ജോയി തോമസിനെതിരെ കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതിയംഗവും നിലവില്‍ കണ്ണൂര്‍ ഡി.സി.സി അദ്ധ്യക്ഷനുമായ സതീശന്‍ പാച്ചേനി അന്നത്തെ എ.ഐ.സി.സി ഉപാദ്ധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു. ഇന്ധനത്തിന് 13.5 ലക്ഷം രൂപയും വാഹനത്തില്‍ സഞ്ചരിച്ചപ്പോള്‍ ഭക്ഷണം കഴിച്ച വകയില്‍ ജോയി തോമസ് ഒമ്പത് ലക്ഷം രൂപയും ചെലവിട്ടു എന്നാരോപിച്ചാണ് സതീശന്‍ പാച്ചേനി പരാതി നല്‍കിയത്.
ടയര്‍ മാറ്റിയതിന്റെ പേരില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് കണ്‍സ്യൂമര്‍ഫെഡ് മുന്‍ എം.ഡി ടോമിന്‍ തച്ചങ്കരി ജോയി തോമസിനെതിരെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവില്‍ കെ.പി.സി.സി നിര്‍വാഹക സമിതി അംഗമാണ് ജോയി തോമസ്.