തൊടുപുഴ: കടുത്ത അര്‍ജന്റൈന്‍ ആരാധകനാണ് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. അര്‍ജന്റീനക്കും മെസിക്കും വേണ്ടി തന്റെ പാര്‍ട്ടിയിലുള്ളവരോട് പോലും മണിയാശാന്‍ വെല്ലുവിളികള്‍ നടത്താറുണ്ട്.
ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തന്നെ സൗദിയോട് അര്‍ജന്റീന പരാജയപ്പെട്ടപ്പോള്‍ ‘കളി ഇനിയും ബാക്കിയാണ് മക്കളെ’ എന്നാണ് എം.എം. മണി ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
മണിയാശാന്റെ വാക്കുകള്‍ സത്യമായി പിറന്നിരിക്കുകയാണ് തുടര്‍ന്ന് എല്ലാം മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ഘട്ടവും നോക്കൗട്ടും കടന്ന് അര്‍ജന്റീന ഫൈനലില്‍ എത്തിയിരിക്കുകയാണ്.
ഞായറാഴ്ച ഇന്ത്യന്‍ സമയം രാത്രി 8:30ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് അര്‍ജന്റീന കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിനെ നേരിടുന്നത്. ഈ സമയത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് എം.എം. മണി. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ പേര് പറഞ്ഞാണ് എം.എം. മണിയുടെ പോസ്റ്റ്.
‘എം. ബാപ്പയോ ബാപ്പയോ വരട്ടെ, നാളെ പാക്കലാം,’ എന്നാണ് അദ്ദേഹം എഴുതിയത്. ‘ആരു വന്നാലും കപ്പ് നമ്മള്‍ ഉയര്‍ത്തും ആശാനെ’ എന്ന് സി.പി.ഐ.എം എം.എല്‍.എ വി.കെ. പ്രശാന്തും ഈ പോസ്റ്റിന് കമന്റ് നല്‍കിയിട്ടുണ്ട്.
അതേസമയം, 2018 റഷ്യ ലോകകപ്പിന്റെ ഫൈനലില്‍ ക്രൊയേഷ്യയെ തകര്‍ത്ത് ഫ്രാന്‍സ് ചാമ്പ്യന്‍മാരായപ്പോള്‍ അതിന്റെ മുന്നണിയില്‍ കിലിയന്‍ എംബാപ്പെയുമുണ്ടായിരുന്നു.
2022 ഫൈനലില്‍ ക്ലബ്ബ് ഫുട്ബോളിലെ തന്റെ സഹതാരവും ഇതിഹാസവുമായ ലയണല്‍ മെസിയെയാണ് എംബാപ്പെക്ക് നേരിടാനുള്ളത്.
പി.എസ്.ജിയുടെ മുന്നേറ്റ താരങ്ങള്‍ ഫൈനലില്‍ കൊരുക്കുമ്പോള്‍ ലുസൈല്‍ സ്റ്റേഡിയം ആവേശത്തില്‍ അലയടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
Content Highlight: MM Mani’s Facebook post on Argentina- France final match in world cup