കോഴിക്കോട്: ശബരിമലയില്‍ കോണ്‍ഗ്രസിന്റെ നിലപാട് ജനവിരുദ്ധവും മത വര്‍ഗീയ ചേരിതിരിവിന് കാരണമാകുന്നതാണെന്നും കാണിച്ച് രാഹുല്‍ ഗാന്ധിക്ക് മുന്‍ എം.പി ലോറന്‍സിന്റെ തുറന്ന കത്ത്. ജനങ്ങളെ വിഘടിപ്പിക്കുന്ന മത വിശ്വാസത്തിനും അനാചാരങ്ങള്ക്കും ആണ് കോണ്‍ഗ്രസ് ഊന്നല്‍ കൊടുക്കുന്നതെന്നും താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് നിലപാടെടുക്കുകയാണെന്നും ലോറന്‍സ് കത്തില്‍ പറയുന്നു.
എത്രയോ അനാചാരങ്ങള്‍ ചെറുത്തു തോല്‍പ്പിച്ചു വളര്‍ന്ന നാടാണ് കേരളം എന്നത് കോണ്‍ഗ്രസ് ബോധപൂര്‍വം മറച്ചു വെക്കാന്‍ ശ്രമിക്കുകയാണെന്നും അക്കാലത്ത് സമരങ്ങളിലൂടെയാണ് അനാചാരങ്ങളെ ചെറുത്തതെന്നും ലോറന്‍സ് കത്തിലൂടെ ഓര്‍മിപ്പിക്കുന്നു. സാമൂഹ്യ പുരോഗതിക്ക് ഗുണം ചെയ്യുന്നതാണ് ശബരിമല കേസിലെ ഈ സുപ്രീംകോടതി വിധി എന്ന തിരിച്ചറിവ് കോണ്‍ഗ്രസിനില്ലാതെ പോകുന്നുവെന്നും കത്തിലൂടെ ലോറന്‍സ് പറയുന്നു.
കോണ്ഗ്രസ് തോല്‍ക്കുന്നത് ജനവിരുദ്ധ നയങ്ങളും കെടുകാര്യസ്ഥതയും അഴിമതിയും മതനിരപേക്ഷ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാതിരിക്കുന്നത് മൂലവുമാണ്. ഇവയെക്കുറിച്ചു വിലയിരുത്തിയ ശേഷം ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഊന്നല്‍ കൊടുക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇനിയെങ്കിലും കോണ്‍ഗ്രസ്സിന് നിലനില്‍പ്പുള്ളവെന്നും ലോറന്‍സ് കൂട്ടിച്ചേര്‍ക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
Mr. രാഹുല്‍,
ബ്രിട്ടീഷ് സാമ്രാജ്യത്വ ആധിപത്യത്തില്‍ നിന്നും ഭാരതത്തെ മോചിപ്പിക്കുവാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക് നേതൃത്വം നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനം ആണ് ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്. അതിന്റെ നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന അബ്ദുല്‍ കലാം ആസാദ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരായിരുന്നു. ഭാരതത്തിലെ ജനങ്ങളെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തുവാന്‍ ബോധവല്‍ക്കല്‍രിച്ചു മുന്നോട്ട് നായിച്ചവര്‍ ആണ് ഈ നേതാക്കന്മാര്‍. അതിന്റെ ഭാഗമായി ഇന്ത്യയില്‍ അങ്ങോളമിങ്ങോളം നിരവധി നേതാക്കന്മാര്‍ ജയില്‍ വാസം അനുഭവിക്കുകയുണ്ടായി. നിരവധി പേര്‍ രക്തസാക്ഷിത്വം വരിച്ചു, അനവധി സമരക്കാര്‍ നാട്കടത്തലിന് വിധേയമായി.
അക്കാലത്ത് എന്റെ ഗ്രാമത്തില്‍ നിന്നും ശ്രീ. രാമന്‍കുട്ടി അച്ഛനും എന്റെ ജേഷ്ട്ടന്‍ ശ്രീ. അബ്രഹാം മാടമക്കലും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ട് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു ജയില്‍ വാസം അനുഷ്ടിക്കുകയുണ്ടായി. വളരെ ചെറുപ്പമായിരുന്നു എങ്കിലും ഈ പ്രവര്‍ത്തനത്തില്‍ ഞാനും അണിചേര്‍ന്നിരുന്നു. അക്കാലത്തെ അനുഭവങ്ങള്‍ കൂടി മുന്‍നിര്‍ത്തി ആണ് ഇങ്ങനെ ഒരു കത്ത് ഞാന്‍ എഴുതുന്നത്.
അന്ന് പൊതുയോഗങ്ങള്‍ തുടങ്ങിയിരുന്നത് മഹാത്മാ ഗാന്ധിക്കും നെഹ്രുവിനും അബ്ദുല്‍ കലാം അസാദിനും ജയ് വിളിച്ചു കൊണ്ടാണ്. ഇന്ത്യന്‍ ജനതയുടെ മനസ് മനസിലാക്കിയ നേതാവായിരുന്നു മഹാത്മാ ഗാന്ധി. ഇന്ത്യയുടെ നാനാത്വത്തില്‍ അതിഷ്ഠിതമായ ഏകത്വ ഘടനയ്ക് ശക്തിപകരുന്ന രാഷ്ട്ര തന്ത്രജ്ഞരായി വളര്‍ന്ന നേതാക്കന്മാര്‍ കൂടിയായിരുന്നു ഗാന്ധിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിച്ച ജവഹര്‍ലാല്‍ നെഹ്റു തുടങ്ങിയവര്‍. ജാതിയതയും വര്‍ഗീയതയും അന്തവിശ്വാസങ്ങളും മറ്റ് വേര്‍തിരിവുകളുമെല്ലാം വലിയ തോതില്‍ സ്വാധീനിച്ചിരുന്ന ജനതയെയാണ് മാതൃഭൂമിയുടെ സ്വാതന്ത്ര്യം ആണ് അതിനേക്കാള്‍ പ്രാധാന്യം എന്ന ശരിയായ നിലപാടിലേക്ക് വളര്‍ത്തിയെടുക്കുവാന്‍ ഈ നേതാക്കന്മാര്‍ ശക്തമായി ഉദ്യമിച്ചത്. ഇക്കാര്യങ്ങളില്‍ പ്രമുഖ സ്ഥാനം മഹാത്മാ ഗാന്ധിക്ക് ആയിരുന്നു.
ദാരിദ്ര്യം അനുഭവിക്കുന്ന ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളുടെയും നേതാവായി തീര്‍ന്ന ഗാന്ധിജി ഒരു ദാരിദ്ദ്രവാസിയെ പോലെ എല്ലാം പരിത്യജിച്ചു പാവപ്പെട്ട ജനങ്ങള്‍ക് മാതൃകയായി ജീവിക്കുകയാണ് ചെയ്തത്. “അര്‍ദ്ധ നഗ്‌നനായ ഫകീര്‍” എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഒരു സാധാരണക്കാരനായി സാധാരക്കാര്‍ക്കൊപ്പം നിലകൊണ്ട്, എല്ല മതത്തിലുംപെട്ട ഇന്ത്യന്‍ ജനതയെ യോജിപ്പിച്ചു മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിന്റെ ആ നിലപാടുകള്‍ കൊണ്ട് കഴിഞ്ഞു.
സമ്പല്‌സമൃദ്ധമായിരുന്നു നമ്മുടെ ഭാരതം. പക്ഷേ അത് അനുഭവിക്കാന്‍ ഇവിടുള്ളവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ സമ്പത്ത് സൃഷ്ടിച്ചിരുന്നത് അധ്വാനിക്കുന്ന ജനതയാണ്. ജനങ്ങള്‍ക്ക് അവകാശപ്പെട്ട ഈ സമ്പത് ഇന്ത്യയെ അടിമത്വത്തില്‍ ആഴ്ത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വം കവര്‍ന്നെടുക്കുകയാണ് ചെയ്തത്. ആ സമ്പത് ഇന്ത്യന്‍ ജനതയ്ക്ക് അവകാശപ്പെട്ടതാക്കി തീര്‍ക്കുക എന്നതായിരുന്നു സ്വതന്ത്ര സമരത്തിന്റെ പ്രധാന ലക്ഷ്യം. ഗ്ലിമ്പ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററിയില്‍ നെഹ്‌റു (ഏഹശാുലെ െീള ംീൃഹറ വശേെീൃ്യ) ഇങ്ങനെ എഴുതി, “സ്വാതന്ത്ര്യമെന്നു പറയുന്നത് നാം ബ്രിട്ടീഷ് കോളനിയില്‍ നിന്ന് വിമുക്തി നേടുന്നതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. തീര്‍ച്ചയായും നമുക്ക് സ്വാതന്ത്ര്യം വേണം. എന്നാല്‍ അതില്‍ കൂടുതലായും നാം നേടേണ്ടതായുണ്ട്. ആദ്യം അകം വെടിപ്പാക്കണം. സമ്പൂര്‍ണ്ണമായും ദാരിദ്ര്യവും ജനങ്ങളുടെ കഷ്ടപ്പാടും നമ്മുടെ പുണ്യഭൂമിയില്‍ നിന്നും ഇല്ലാതാക്കണം”. ആ ലക്ഷ്യം ഇനിയും പ്രാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അത് കൈവരിക്കാന്‍ സോഷ്യലിസ്‌റ് വീക്ഷണം ഉണ്ടായിരുന്ന നെഹ്രു ആത്മാര്‍ഥമായി ആഗ്രഹിച്ചു.
സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യക്ക് ഉണ്ടായ പുരോഗതിയുടെ ഗുണഭോക്താക്കള്‍ സാധാരണ ജനങ്ങള്‍ ആയിരുന്നിട്ടില്ല. ഒരു പിടി വന്‍കിട സ്വത്തുടമകള്‍, ചൂഷകര്‍, അവരാണ്. അവരെ സംരക്ഷിക്കുകയും അവര്‍ കൂടുതല്‍ വളരുവാന്‍ കളം ഒരുക്കുകയും ചെയ്യുന്നവരാണ് ഇന്നും രാജ്യം ഭരിക്കുന്നത്. ഫലം തൊഴിലില്ലായ്മയും ദാരിദ്യവുമൊക്കെ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യ സ്വാതന്ത്ര്യമാകുന്നതിനു മുന്‍പുള്ള ഒരു സാഹചര്യത്തിലേക്ക് ഇന്ത്യയെ അധഃപതിപ്പിച്ചു കൊണ്ടെത്തിക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്ന ഒരു സര്‍ക്കാരാണിത്. ഈ സാഹചര്യത്തില്‍ നെഹ്രുവിന്റെ വര്‍ത്തമാനകാല പ്രസക്തിയെന്തെന്ന യാഥാര്‍ഥ്യം താങ്കളുടെ പാര്‍ട്ടി അംഗങ്ങള്‍ വ്യക്തമായി മനസിലാക്കി പ്രവര്‍ത്തിക്കുന്നില്ല.
മത വര്‍ഗീയതയെ ശക്തമായി എതിര്‍ത്തിരുന്ന തികഞ്ഞ നിരീശ്വര വാദിയായിരുന്നു അദ്ദേഹം. ഇറ്റാലിയന്‍ ഏകാധിപതിയും ഫാസിസത്തിന്റെ ഉപകജ്ഞാതാവായ മുസ്സോലിനി ഒരു കൂടിക്കാഴ്ചയ്ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ചപ്പോള്‍ അദ്ദേഹം അത് നിരസിക്കുകയാണ് ചെയ്തത്. ഹിറ്‌ലറോടും സമാനമായ നയം ആണ് നെഹ്‌റു സ്വീകരിച്ചത്. മരിച്ച് അരനൂറ്റാണ്ടു കഴിഞ്ഞും ഫാസിസ്റ്റ് രാഷ്ട്രീയത്തിനു കീഴ്‌പ്പെടുത്താനാവത്ത മഹാനാണ് നെഹ്റു. ഹിന്ദു നാമം തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നവര്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവ് കൂടിയായിരുന്നു പണ്ഡിറ്റ് ജീ. അതുകൊണ്ട് തന്നെയാണ് സംഘപരിവാര്‍ “ഹേറ്റ് നെഹ്രു” ക്യാമ്പൈനിനു നേതൃത്വം നല്‍കുന്നതും. എന്നാല്‍ പരേതനായ നെഹ്രുവിന്റെ (അങ്ങയുടെയും) സ്വന്തം സംഘടനാസംവിധാനങ്ങള്‍ അതിനെ പ്രതിരോധിക്കുന്നില്ല.
അദ്ദേഹമെഴുതിയ പുസ്തകങ്ങളില്‍ ഏറ്റവും ലളിതമായിതന്നെ തന്റെ മതനിരപേക്ഷ- രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞുവെച്ചിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതത്തോടൊപ്പം വളരുമെന്ന് പറഞ്ഞ നെഹ്രുവിന്റെ കോണ്‍ഗ്രസിന്റെ കേരള ഘടകമാണ് ഇപ്പോള്‍ സ്ത്രീകളെ ശബരിമലയില്‍ കയറ്റുന്നതിനെതിരെ നാമജപമാലയുരുവിടുന്നെതെന്നതാണ് വിരോധാഭാസം!
കേരളത്തിലെ കോണ്ഗ്രസിനെ സംബന്ധിച്ചടുത്തോളം ഇന്ത്യയെ തന്നെ നാശത്തിലേക്ക് നയിക്കുന്ന വര്‍ഗീയത അല്ല പ്രധാന പ്രശനം. അതിനേകള്‍ പ്രധാനം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കലാണെന്നു ഇവിടത്തെ കോണ്‍ഗ്രസ് കാണുന്നു. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളെ വര്‍ഗീയ ചേരിതിരിവിലേക്ക് എത്തിക്കാന്‍ ശ്രമിക്കുകയാണ് ഗജഇഇ നേതൃത്വം. ഒരു ദേശീയ വീക്ഷണവും ദീര്‍ഘ വീക്ഷണവുമുള്ള പാര്‍ട്ടിയാണ് കോണ്‌ഗ്രെസെങ്കില്‍ ഒരിക്കലും ആ നിലപാട് അവര്‍ക്ക് സ്വീകരിക്കാന്‍ ആകില്ല. തികച്ചും സങ്കുചിത ചിന്തയാണ് അവരെ നയിക്കുന്നത്.
കോണ്ഗ്രസ് അഖിലേന്ത്യാ പ്രെസിഡന്റായ താങ്കള്‍ ശബരിമലയെ സംബന്ധിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ വിധിയെ സ്വാഗതം ചെയ്തത് ഞാന്‍ പത്രങ്ങളില്‍ നിന്നും വായിച്ചറിയാന്‍ ഇടയായി. ഇപ്പോഴും താങ്കളുടെ നിലപാട് അതു തന്നെയാണ് എന്ന് പറഞ്ഞാല്‍ തെറ്റുണ്ടാകില്ലല്ലോ. പക്ഷെ കേരള ഘടകത്തിന്റെ സങ്കുചിത നിലപാടിന് അനുസൃതമായി കേരള ഘടകത്തിന് സ്വന്തമായി നിലപാട് സ്വീകരിക്കാന്‍ അനുമതി കൊടുക്കുകയാണ് താങ്കള്‍ ചെയ്തത്. ആ അനുമതി കൊടുത്തത് കേരളത്തിലെ കോണ്ഗ്രസിന് ഗുണത്തിനു പകരം വലിയ ദോഷം ആണ് വരുത്തുക എന്നു താങ്കള്‍ മനസിലാക്കണം. എന്തുകൊണ്ടെന്നാല്‍ അത് ബിജെപി യുടെ നിലപാടുകള്‍ക്ക് അനുകൂലമായാണ് തീരുന്നത്. കേരളത്തിലെ കൊണ്‌ഗ്രെസ് നേതാക്കന്മാരുടെ പല പ്രസ്ത്തവനകളും ബിജെപിയെ കടത്തിവെട്ടുന്നതുമാണ്. ഒരുപക്ഷെ താങ്കള്‍ ഇതു മനസിലാക്കിയിട്ടുണ്ടെങ്കില്‍ തന്നെയും കേരള ഘടകത്തിന്റെ നിലപാടിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയാതെപോയത്തില്‍ അങ്ങേയറ്റത്തെ ഖേദമാണ് എനിക്കുള്ളത്. അതിന്റ ഫലം ആകട്ടെ ഇന്ന് താങ്കള്‍ ഏറ്റവും പ്രധാനപെട്ട കാര്യമായി കണക്കാക്കുന്നതും അംഗീകരിക്കുന്നതുമായ സ്ത്രീ-പുരുഷ സമത്വ-ത്വത്തെ ഉയര്‍ത്തിപിടിക്കുന്ന സുപ്രീംകോടതി വിധിയുടെ കടക്കല്‍ കത്തി വെക്കുന്നതുമാണ്.
സ്വാതന്ത്ര്യത്തിന് മുന്‍പ് ഇന്ത്യന്‍ നാഷണല്‍ കോണ്‌ഗ്രെസ് ജനങ്ങള്‍ക് നല്‍കിയ വാഗ്ദാനം ഒന്നും പിന്നീട് നടപ്പാക്കാഞ്ഞതാണ് ഇന്ത്യയില്‍ കോണ്‌ഗ്രെസ്സ് അധഃപതിക്കാന്‍ പ്രധാന കാരണമായി തീര്‍ത്തത്. ഭൂപരിഷ്‌കരണം, ജന്മിത്വം അവസാനിപ്പിക്കല്‍, കൃഷി ഭൂമി കൃഷിക്കാര്‍ക്ക് നല്‍കും തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കും എന്ന പ്രധാന വാഗ്ദാനങ്ങള്‍ ദീര്‍ഘകാലം അധികാരത്തില്‍ ഇരുന്നിട്ടും കോണ്‌ഗ്രെസിന് നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ഒരുകാലത്ത് ഇന്ത്യ ഒട്ടാകെ അടക്കി ഭരിച്ചിരുന്ന താങ്കളുടെ പാര്‍ട്ടി ഇന്ന് ജനങ്ങളില്‍ നിന്നും അകന്ന് ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നും തൂത്തെറിയപെട്ടത് ഇത്തരം ജനവിരുദ്ധ നയങ്ങളും കെടുകാര്യസ്ഥതയും അഴിമതിയും മതനിരപേക്ഷ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാതിരിക്കുന്നത് മൂലവുമാണ്. ഇവയെകുറിച്ചു വിലയിരുത്തിയ ശേഷം ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഊന്നല്‍ കൊടുക്കാന്‍ ശ്രമിച്ചാല്‍ മാത്രമേ ഇനിയെങ്കിലും കോണ്‌ഗ്രെസ്സിന് നിലനില്‍പ്പുള്ളൂ.
ഇവിടെ, കേരളത്തില്‍, ഗജഇഇ യും അതിന്റെ നേതാക്കളും ജനങ്ങളെ ഇക്കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി യോജിപ്പിക്കുക എന്നതിന് പകരം ജനങ്ങളെ വിഘടിപ്പിക്കുന്ന മത വിശ്വാസത്തിനും അനാചാരങ്ങള്ക്കും ആണ് ഊന്നല്‍ കൊടുക്കുന്നത്. ഇത്തരം എത്രെയോ അനാചാരങ്ങള്‍ ചെറുത്തു തോല്‍പ്പിച്ചു വളര്‍ന്ന നാടാണ് കേരളം എന്നത് അവര്‍ ബോധപൂര്‍വം മറച്ചു വെക്കാന്‍ ശ്രമിക്കുന്നു. അക്കാലത്ത് നിരവധി സമരങ്ങളിലൂടെയാണ് അനാചാരങ്ങളെ ചെറുത്തതെങ്കില്‍ ഇന്ന് ഭരണഘടനയെ ആസ്പദമാക്കി സുപ്രീംകോടതിതന്നെ നീതിയെന്തെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ പുരോഗതിക്ക് ഗുണം ചെയ്യുന്നതാണ് ശബരിമല കേസിലെ ഈ സുപ്രീംകോടതി വിധി എന്ന തിരിച്ചറിവ് അവര്‍ക്കില്ലാതെ പോകുന്നു. താല്‍ക്കാലിക രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളില്‍ മത-വര്‍ഗീയ ചേരിതിരിവിന് കാരണമാകുന്ന ബിജെപിയുടെ നിലപാടുകള്‍ പിന്തുടരുകയാണ് താങ്കളുടെ പാര്‍ട്ടി ഇവിടെ സ്വീകരിക്കുന്നത്.
ഞാനീ കത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ പറ്റി താങ്കള്‍ പ്രാധാന്യത്തോടെ പരിചിന്തനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ,
എം എം ലോറന്‍സ് EX MP