ലോറന്‍സ് അന്നേ അഭ്യര്‍ത്ഥിച്ചു അര്‍ഹിച്ച അവജ്ഞയോടെ ആശയെ തള്ളണമെന്ന്; ചര്‍ച്ചയായി പഴയ പോസ്റ്റ്
Kerala News
ലോറന്‍സ് അന്നേ അഭ്യര്‍ത്ഥിച്ചു അര്‍ഹിച്ച അവജ്ഞയോടെ ആശയെ തള്ളണമെന്ന്; ചര്‍ച്ചയായി പഴയ പോസ്റ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd September 2024, 6:34 pm

കൊച്ചി: മുതിര്‍ന്ന സി.പി.ഐ.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കരുതെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ടൗണ്‍ഹാളില്‍ അരങ്ങേറിയത്. ആശയും മകനും ടൗണ്‍ഹാളില്‍ എത്തിയതിന് പിന്നാലെ സംഘര്‍ഷവും ഉടലെടുത്തിരുന്നു.

തന്റെ സഹോദരന്‍ സജീവന്‍ അടക്കമുള്ളവര്‍ക്കെതിരെ ആശ രൂക്ഷ വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തില്‍ എം.എം. ലോറന്‍സിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്. 2021 മെയ് 27ന് ആശുപത്രിയില്‍ കഴിയവെ അദ്ദേഹം പങ്കുവെച്ച പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.

വര്‍ഷങ്ങളായി അകല്‍ച്ചയില്‍ കഴിഞ്ഞിരുന്ന മകള്‍ ആശ, അടുപ്പം പ്രദര്‍ശിപ്പിക്കാന്‍ എന്നവണ്ണം തന്നെ കാണാനായി ആശുപത്രിയിലെത്തിയെന്നും സമ്മതമില്ലാതെ പകര്‍ത്തിയ ചിത്രങ്ങളുപയോഗിച്ച് ദുഷ്പ്രചാരണങ്ങള്‍ നടത്തിയെന്നുമാണ് പോസ്റ്റില്‍ ലോറന്‍സ് പറഞ്ഞത്.

പൊതുജീവിതത്തിലും കുടുംബ ജീവിതത്തിലും ആശ തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചിരുന്നുവെന്നും തന്നെ കാണാനെത്തിയ സി.എന്‍. മോഹനന്‍, അജയ് തറയില്‍ എന്നിവരെ മകള്‍ എന്ന മേല്‍വിലാസമുപയോഗിച്ച് അധിക്ഷേപിച്ചെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാറിനൊപ്പം നിലകൊള്ളുന്ന ആശയുടെ ദുഷ്പ്രചാരങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

എം.എം. ലോറന്‍സിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

ഓക്‌സിജന്‍ ലെവല്‍ കുറയുകയും, പനിയും ക്ഷീണവും മൂലം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം എറണാകുളത്തെ ഹോസ്പിറ്റലില്‍ അഡ്മിറ്റഡ് ആണ് ഞാന്‍. എനിക്ക് വേണ്ട സഹായങ്ങള്‍ നല്‍കാന്‍ എന്നോടൊപ്പം പാര്‍ട്ടിയും മൂത്ത മകന്‍ സജീവനും, ഇതുവരെ എന്നെ പരിചരിച്ച മറ്റ് ബന്ധുക്കളും ഉണ്ട്. എന്നെ പരിചരിക്കാന്‍ ഇവിടെ ഒരാളെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാല് മക്കളില്‍, വര്‍ഷങ്ങളായി എന്നോട് അകല്‍ച്ചയില്‍ ആയിരുന്ന മകള്‍ ആശ, അടുപ്പം പ്രദര്‍ശിപ്പിക്കാന്‍ എന്നവണ്ണം കഴിഞ്ഞ ദിവസം എന്നെ സന്ദര്‍ശിക്കുകയുണ്ടായി. ശേഷം, എന്റെ സമ്മതമില്ലാതെ എടുത്ത ചിത്രങ്ങളും മറ്റും ഉപയോഗിച്ച് ദുഷ്പ്രചാരണ വേലകള്‍ ആരംഭിച്ചിരിക്കുകയുമാണ്.

കുടുംബ ജീവിതത്തിലും പൊതു ജീവിതത്തിലും ഒരുപാട് എന്നെ വിഷമിപ്പിച്ച ആള്‍ കൂടിയാണ് ആശ. ആദരവോടെ, എന്നെയിവിടെ സന്ദര്‍ശിക്കാന്‍ എത്തിയ പ്രിയ സഖാവ് സി.എന്‍. മോഹനന്‍, അജയ് തറയില്‍ എന്നിവരെ, ‘മകള്‍’ എന്ന മേല്‍വിലാസമുപയോഗിച്ച് ആശ ആക്ഷേപിച്ചു. അതല്ലാതെ മറ്റൊരു മേല്‍വിലാസവും ആശയോ ആശയുടെ മകനോ നേടിയിട്ടില്ല.

എന്റെ മറ്റ് മക്കള്‍, എന്നോട് അടുപ്പം പുലര്‍ത്തുകയും പരിചരിക്കാനും തയ്യാറായ ബന്ധുക്കള്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങി പലരേയും തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നിരന്തരം ആക്ഷേപിക്കുകയുമാണ്. എന്റെ അറിവോ, സമ്മതമോ കൂടാതെ, എന്റെ ക്ഷീണാവസ്ഥ മുതലാക്കി ഇവിടെ എത്തിയ ആശ, എന്നെ സഹായിക്കാന്‍ എത്തിയതാണ് എന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാല്‍ എന്റെ നല്ലതിന് വേണ്ടി ഒരിക്കലും ഈ മകള്‍ യാതൊന്നും ചെയ്തിട്ടില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തിക്ക് ഒപ്പം ഇപ്പോള്‍ നിലകൊള്ളുന്ന ആശയുടെ ദുര്‍പ്രചാരണത്തെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി കളയണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

അതേസമയം, ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കരുതെന്ന ആശയുടെ ഹരജി ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് കോടതി നില്‍ദേശിച്ചത്.

ജസ്റ്റിസ് വി.ജെ. അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള എന്തെങ്കിലും രേഖകള്‍ ഉണ്ടോ എന്ന് കോടതി ഹരജിക്കാരിയോട് ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു മറുപടി. എന്നാല്‍ മക്കള്‍ ഒപ്പുവെച്ച സത്യവാങ്മൂലത്തില്‍ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന് അറിയിച്ചിരുന്നു.

ഇത് പരിഗണിച്ച് വിഷയത്തില്‍ മക്കളുടെ സമ്മതപത്രം പരിശോധിച്ചതിനുശേഷം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. അനാട്ടമി ആക്ട് പ്രകാരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന് അന്തിമ തീരുമാനം എടുക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.

 

 

Content highlight: MM Lawrence’s old post about daughter Asha in discussion again