കിന്‍ഡര്‍ ജോയ് തരാം..ശബരിമല സമരത്തിന് പോരുന്നോ; ബി.ജെ.പിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ
Sabarimala women entry
കിന്‍ഡര്‍ ജോയ് തരാം..ശബരിമല സമരത്തിന് പോരുന്നോ; ബി.ജെ.പിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th October 2018, 9:16 pm

കോഴിക്കോട്: സി.പി.ഐ.എം നേതാവ് എം.എം. ലോറന്‍സിന്റെ കൊച്ചുമകന്‍ ബി.ജെ.പി സമരവേദിയിലെത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. ബി.ജെ.പി കൊച്ചു കുട്ടികളെ അംഗന്‍വാടിയില്‍ നിന്നും സ്‌കൂളില്‍ നിന്നും കോലുമിഠായിയും കിന്‍ഡര്‍ ജോയിയയും കൊടുത്ത് സമരത്തിലേക്ക് കൊണ്ടു പോകുന്നു എന്ന പരിഹാസത്തോടെയാണ് സംഭവത്തെ ട്രോളന്‍മാര്‍ ആഘോഷമാക്കിയത്.

മറ്റു പാര്‍ട്ടികളില്‍ നിന്ന് പല പ്രമുഖരും അടുത്ത ദിവസങ്ങളില്‍ ബി.ജെ.പിയിലെത്തുമെന്ന പ്രസ്താവനയെ ചൂണ്ടിക്കാണിച്ചാണ് മിക്ക ട്രോളുകളും. ബി.ജെ.പിയിലെത്തുന്ന പ്രമുഖന്‍ ചെന്നിത്തലയോ കോടിയേരിയോ അല്ല അത് കുക്കുമോന്‍ ഏഴ് ബി ആണ്, നേതാക്കള്‍ വീട്ടിലെത്തുമ്പോള്‍ വീട്ടില്‍ നിന്നും പേരമക്കളെ ബി.ജെ.പി സമരത്തിലേക്ക് കൊണ്ടു പോകുന്നു തുടങ്ങി സിനിമയിലെ രംഗങ്ങള്‍ ചേര്‍ത്ത് നിരവധി ട്രോളുകളാണ് ശ്രീധരന്‍ പിള്ളയെയും ബി.ജെ.പിയേയും കളിയാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.


Read Also : “നട തുറന്നപ്പോള്‍ മുതല്‍ സ്ത്രീകള്‍ സന്നിധാനത്ത് എത്തുന്നു”; 1981ലെ മാതൃഭൂമി റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നു


 

ശബരിമല വിഷയത്തില്‍ ഭക്തരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്നെന്ന ആരോപണമുന്നയിച്ചുള്ള ബി.ജെ.പിയുടെ സംസ്ഥാന വ്യാപക പ്രതിഷേധത്തിലാണ് മിലന്‍ എന്ന പ്ലസ്ടു വിദ്യാര്‍ഥി പങ്കെടുത്തത്.

രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യം ഉണ്ടെങ്കിലും ഏതു പാര്‍ട്ടിയിലെന്നു തീരുമാനിച്ചിട്ടില്ലെന്നു മിലന്‍ മാധ്യമങ്ങളോടു പറഞ്ഞു. വീട്ടില്‍ അറിയിച്ചാണോ ബി.ജെ.പി വേദിയിലെത്തിയതെന്ന ചോദ്യത്തിന് ഇതൊക്കെ സ്വന്തം താല്‍പര്യങ്ങള്‍ അല്ലേ എന്നായിരുന്നു മറുപടി. മിലന്‍ മിടുക്കനായ കുട്ടിയാണെന്നും കാര്യങ്ങള്‍ മനസ്സിലാക്കാനാണു വന്നതെന്നും പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും പി.എസ്. ശ്രീധരന്‍ പിള്ളയും പറഞ്ഞു.

മിലന്‍ ഇങ്ങോട്ടുവിളിച്ചാണു സമരത്തില്‍ പങ്കെടുക്കുന്നതിനു താല്‍പര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ ഉള്‍പ്പെടെ സിപിഎം കുടുംബങ്ങളില്‍നിന്നുള്ളവര്‍ സമരത്തിന് പിന്തുണയുമായി വരുമെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.

എം.എം. ലോറന്‍സിന്റെ മകള്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ്. അവര്‍ ഇവിടെ വന്നു പിന്തുണ പ്രഖ്യാപിച്ചാല്‍ അത് അവരുടെ ജോലിയെ ബാധിച്ചേക്കും. അതുകൊണ്ട് വരേണ്ടതില്ലെന്ന് അവരോട് അങ്ങോട്ട് ആവശ്യപ്പെട്ടു. അവരുടെ കുടുംബത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് മിലന്‍ എത്തിയത്. ഇതൊരു നല്ല സൂചനയായി കരുതുന്നതായും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.


Image may contain: 6 people, people smiling, text

കടപ്പാട്- Sagar Palamoottil