| Friday, 3rd November 2023, 4:37 pm

സി.പി.ഐ.എമ്മിൽ വിഭാഗീയത സൃഷ്ടിച്ചത് വി.എസ്, എതിരാളികളെന്ന് തോന്നുന്നവരോട് പ്രതികാര ബുദ്ധി; എം.എം. ലോറൻസിന്റെ ആത്മകഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എമ്മിൽ വിഭാഗീയതക്ക് തുടക്കമിട്ടത് വി.എസ്. അച്യുതാനന്ദൻ ആയിരുന്നുവെന്ന് മുതിർന്ന സി.പി.ഐ.എം നേതാവും മുൻ എൽ.ഡി.എഫ് കൺവീനറുമായിരുന്ന എം.എം. ലോറൻസ്.

വ്യക്തിപ്രഭാവം വർധിപ്പിക്കാൻ അച്യുതാനന്ദൻ പ്രത്യേകം സ്‌ക്വാഡ് പോലെ ആളുകളെ ഉപയോഗിച്ചുവെന്നും ഇത് കമ്മ്യൂണിസ്റ്റ് സംഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ‘ഓർമച്ചെപ്പ് തുറക്കുമ്പോൾ’ എന്ന തന്റെ ആത്മകഥയിൽ ലോറൻസ് പറയുന്നു.

1991ൽ കോഴിക്കോട് പാർട്ടി സമ്മേളനം നടക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരത്ത് എത്തിയ പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഇ.എം.എസിന്റെ സാന്നിധ്യം അച്യുതാനന്ദന് അസ്വസ്ഥത സൃഷ്ടിച്ചിരുന്നു എന്ന് ലോറൻസ് ആരോപിക്കുന്നു.

ഇടത് മുന്നണിയിൽ അഖിലേന്ത്യാ ലീഗിനെയും കേരള കോൺഗ്രസിലെ ഒരു വിഭാഗത്തെയും എടുക്കുന്നതിനെ അനുകൂലിച്ച് ഇ.എം.എസ് എഴുതിയിരുന്നു. തുടർന്ന് ഇ.എം.എസ്. പാർട്ടി താല്പര്യത്തിനെതിരായി ലേഖനം എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതായി വി.എസ്. കേന്ദ്ര നേതൃത്വത്തെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ലോറൻസ് പറയുന്നു.

എറണാകുളം ജില്ലാ സെക്രെട്ടറി ആയിരുന്ന എ.പി. വർക്കിയെ ഉപയോഗിച്ച് അച്യുതാനന്ദൻ ഇ.എം.എസിനെതിരെ ഒരു വിഭാഗം പ്രവർത്തകരെ അണിനിരത്തിയെന്നും ലോറൻസ് ആരോപിച്ചു.

കോഴിക്കോട് നടന്ന പാർട്ടി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ആയിരുന്ന വി.എസ്. അച്യുതാനന്ദനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പകരം നായനാരെ ചുമതലപ്പെടുത്തണമെന്നും അഭിപ്രായം ഉണ്ടായി. നായനാർ ജയിക്കുമെന്ന് കണ്ടപ്പോൾ സംഘടനാ നേതൃത്വത്തിലുള്ളവർ ഭരണത്തിലേക്കും ഭരണത്തിലുള്ളവർ തിരിച്ചും മാറുക എന്ന ആശയം എസ്. രാമചന്ദ്രൻപിള്ള മുന്നോട്ട് വച്ചുവെന്ന് ലോറൻസ് ആത്മകഥയിൽ പറയുന്നു.

എന്നാൽ മാരാരിക്കുളത്ത് ജയിക്കാമെന്നുള്ള പ്രതീക്ഷകൾക്ക് വിരുദ്ധമായി പരാജയപ്പെട്ട വി.എസ്. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറാൻ തയ്യാറായില്ലെന്നും നായനാർ ഇതിനെതിരെ രംഗത്ത് വന്നെന്നും ലോറൻസ് പറയുന്നുണ്ട്.

സമാപന സമ്മേളനത്തിൽ നായനാരെ സംസ്ഥാന സെക്രട്ടറിയാക്കാൻ തീരുമാനമായി. കോഴിക്കോട് സമ്മേളനത്തിന് ശേഷം തനിക്കെതിരെന്ന് തോന്നുന്നവരെ തെരെഞ്ഞുപിടിച്ച് പ്രതികാരം ചെയ്യാനുള്ള കരുക്കൾ നീക്കുന്നതിലേക്ക് അച്യുതാനന്ദൻ നീങ്ങിയെന്നും ലോറൻസ് പറയുന്നു.

Content Highlight: MM Lawrence against VS Achyuthanandan in his autobiography

We use cookies to give you the best possible experience. Learn more