| Saturday, 15th June 2019, 11:22 am

'നടപടിയുണ്ടാവുമെന്ന് അന്നൊരാള്‍, അയാള്‍ ഇന്നും പാര്‍ട്ടിയിലെ പ്രമാണി'; എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച തന്നെ ദല്‍ഹിയിലേക്ക് കടത്താന്‍ ചിലര്‍ തീരുമാനിച്ചെന്ന് എം.എം ലോറന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എ.കെ.ജി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന തന്നെ ദല്‍ഹിയിലേക്ക് കടത്താന്‍ ചിലര്‍ തീരുമാനിച്ചെന്നും അതിനാലാണ് മുകുന്ദപുരത്ത് തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം.എം ലോറന്‍സ്. നവതി തികഞ്ഞ എം.എം. ലോറന്‍സിനെ ആദരിക്കാന്‍ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലോറന്‍സ്.

1984-ല്‍ ഞാന്‍ മുകുന്ദപുരത്ത് മത്സരിച്ച് തോറ്റതാണ്. 1989-ല്‍ വീണ്ടും അവിടെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. ആദ്യം ഞാന്‍ സമ്മതിച്ചു. അവിടെ ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. ആദ്യം എനിക്കെതിരേ നിന്നിരുന്ന പ്രമാണിമാര്‍ പിന്നീട് എനിക്ക് അനുകൂലമായി വോട്ടുചെയ്യാന്‍ തയ്യാറായി രംഗത്ത് വന്നിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തില്‍ എന്നെത്തന്നെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. എന്നാല്‍ ഞാന്‍ എ.കെ.ജി. സെന്ററില്‍ത്തന്നെ വേണമെന്ന് ആഗ്രഹിക്കുന്ന ചിലര്‍ എന്നോട് പറഞ്ഞു. എന്നെ ദല്‍ഹിക്ക് മാറ്റാനാണ് പരിപാടിയെന്ന്. ഇ. ബാലനന്ദനും കെ.എന്‍. രവീന്ദ്രനാഥും ചേര്‍ന്നാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. അതോടെ മത്സരിക്കാനുള്ള തീരുമാനം ഞാന്‍ മാറ്റി. ഇ.എം.എസിനോട് കാര്യം പറഞ്ഞു. തന്നെ സഹായിക്കണമെന്ന് പറഞ്ഞു. പാര്‍ട്ടി തീരുമാനിച്ചതല്ലേയെന്ന് അദ്ദേഹം ചോദിച്ചു. പിന്നെ സെക്രട്ടേറിയറ്റ് കൂടിയപ്പോള്‍ മത്സരിക്കാനില്ലെന്ന് ഞാന്‍ ഉറപ്പിച്ചുപറഞ്ഞു. എനിക്കെതിരേ പാര്‍ട്ടി നടപടിയുണ്ടാവുമെന്ന് അന്നൊരാള്‍ തറപ്പിച്ചുപറഞ്ഞു. പാര്‍ട്ടിയിലെ പ്രമാണിയായി ഇന്നുമയാള്‍ ഉണ്ടെന്ന് ലോറന്‍സ് പറഞ്ഞു.

താന്‍ കുറെ കാശുണ്ടാക്കിയെന്ന് പറയുന്നവരുണ്ട്. അവര്‍ വന്ന് അതൊക്കെ എടുത്തുകൊണ്ടുപോയിക്കൊള്ളട്ടെ. ഞാന്‍ ഒന്നും ഉണ്ടാക്കിയിട്ടില്ല. ഞാന്‍ കമ്യൂണിസ്റ്റ് ആശയത്തില്‍ വിശ്വസിക്കുന്ന ആളാണ്. കമ്യൂണിസ്റ്റുകാരന്‍ എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശത്തിനായാണ് നിലകൊള്ളുന്നത്. ഭൂമിയില്‍ എല്ലാവര്‍ക്കും സുഭിക്ഷമായി കഴിയാനുള്ള സമ്പത്തുണ്ട്. എന്നാല്‍, അത് ചിലര്‍മാത്രം കൈയില്‍ വെച്ചിരിക്കുകയാണ്. ബഹുഭൂരിഭാഗം പേരും പട്ടിണിയിലും ദാരിദ്ര്യത്തിലുമാണെന്നും ലോറന്‍സ് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more