തന്നെ കയ്യേറ്റക്കാരനെന്ന് വിശേഷിപ്പിച്ചത് വി.എസ്; കയ്യേറ്റമുണ്ടെങ്കില്‍ തെളിയിക്കണം; മണിയുടെ സഹോദരന്‍ ലംബോധരന്‍
Kerala
തന്നെ കയ്യേറ്റക്കാരനെന്ന് വിശേഷിപ്പിച്ചത് വി.എസ്; കയ്യേറ്റമുണ്ടെങ്കില്‍ തെളിയിക്കണം; മണിയുടെ സഹോദരന്‍ ലംബോധരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th April 2017, 8:31 am

ഇടുക്കി: തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നത് വി.എസ് അച്യുതാനന്ദനെന്ന് എം.എം മണിയുടെ സഹോദരനും സി.പി.ഐ.എം രാജാക്കാട് മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ എം.എം ലംബോധരന്‍. എം.എം മണിയെ തേജോവധം ചെയ്യുന്നതിനായാണ് തന്നെ കയ്യേറ്റക്കാരനായി ചിത്രീകരിക്കുന്നതെന്നും എം.എം ലംബോധരന്‍ പറഞ്ഞു.


Also read ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന വിധി നിലനില്‍ക്കും: സുപ്രീംകോടതി 


കയ്യേറ്റക്കാരനായി ചിത്രീകരിക്കപ്പെട്ടതിന് പിന്നില്‍ വിഎസ് അച്യുതാനന്ദനും ചില സി.പി.ഐ മന്ത്രിമാരുമാണ്. തനിക്കെതിരെ കേസില്ല. ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത് മണിയുടെ പ്രതിച്ഛായ തകര്‍ക്കാനാണ് മാതൃഭൂമി ന്യൂസിലെ സൂപ്പര്‍ പ്രൈംടൈം ചര്‍ച്ചക്കിടെ ലംബോധരന്റെ പറഞ്ഞു.

കഴിഞ്ഞ എല്‍.ഡി.എഫ് ഭരണ കാലത്താണ് തന്നെ കയ്യേറ്റക്കാരനാക്കി ചിത്രീകരിച്ചതെന്നും യു.ഡി.എഫ് കാലത്ത് ശല്യമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വി.എസ് തന്നെ ബോധപൂര്‍വം വേട്ടയാടുകയായിരുന്നെന്നും ലംബോധരന്‍ ആരോപിച്ചു.

തന്റെ സഹോദരന്റെ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനായി തന്നെ കരുവാക്കിക്കൊണ്ടുള്ള അജണ്ടയാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്. പാര്‍ട്ടിക്കുള്ളില്‍ കൊള്ള നടത്തിയതിന്റെ പേരില്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ നിന്നും പുറത്താക്കിയതെന്നായിരുന്നു പത്ത് വര്‍ഷം മുന്‍പ് തന്നെക്കുറിച്ച് വിഎസ് പറഞ്ഞത്. അന്നു മുതല്‍ വി.എസ് തന്നെ വേട്ടയാടുകയാണ്.

തനിക്കിപ്പോഴുള്ള എല്ലാ സ്വത്തുക്കളും അധ്വാനിച്ച് ഉണ്ടാക്കിയതാണെന്നും അതിന്റെ പേരില്‍ ഉയരുന്ന എല്ലാ അന്വേഷണങ്ങളും നേരിടാന്‍ താന്‍ തയ്യാറാണെന്നും ലംബോധരന്‍ പറഞ്ഞു. എം.എം ലംബോധരന്‍ മൂന്നാറിലും മറ്റ് പ്രദേശങ്ങളിലും ഭൂമി കയ്യേറിയതായി വാര്‍ത്തകളുണ്ടായിരുന്നു. ഒന്നാം മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ സമയത്ത് എം.എം മണി കയ്യേറ്റത്തിനെതിരെ രംഗത്തെത്തിയിരുന്നത് സഹോദരനെ സംരക്ഷിക്കാനാണെന്നും ആരോപണം ഉണ്ടായിരുന്നു.