| Monday, 13th March 2023, 1:46 pm

മമ്മൂട്ടി സാറിന്റെ എല്ലാ സിനിമകളിലും എന്നെ റെക്കമെന്റ് ചെയ്തിരുന്നു, അന്ന് അദ്ദേഹം എന്നെ മലയാളത്തിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചു: എം.എം. കീരവാണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓസ്‌കാര്‍ പുരസ്‌കാരവുമായി ലോക സംഗീതത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിനില്‍കുകയാണ് എം.എം കീരവാണി. ഇന്ത്യന്‍ സംഗീതത്തിനെ വാനോളം ഉയര്‍ത്തിയാണ് ആര്‍.ആര്‍.ആറിലെ പാട്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരങ്ങളില്‍ ഒന്നില്‍ ആദരിക്കപ്പെട്ടത്. നേരത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയും കീരവാണി ഭാരതത്തെ അഭിമാനത്തിന്റെ ഉച്ഛസ്ഥായിയില്‍ എത്തിച്ചിരുന്നു.

കീരവാണി എന്ന സംഗീതജ്ഞന്‍ മലയാളികള്‍ക്കും സുപരിചിതനാണ്. മലയാളവും അദ്ദേഹവും ഒന്നിച്ചപ്പോളെല്ലാം പിറന്നത് എക്കാലത്തെയും മികച്ച ക്ലാസിക്കുകളായിരുന്നു. നീലഗിരി, സൂര്യമാനസം, ദേവരാഗം എന്നീ മൂന്ന് മലയാള ചിത്രങ്ങള്‍ക്കാണ് കീരവാണി സംഗീതം നല്‍കിയിട്ടുള്ളത്.

ഓസ്‌കാര്‍ പുരസ്‌കാര ശോഭയില്‍ തിളങ്ങുമ്പോള്‍ മലയാള ഗാന രംഗത്തേക്കുള്ള തന്റെ വരവും, മലയാളത്തോടുള്ള തന്റെ സ്നേഹവും തുറന്നു പറയുന്ന അദ്ദേഹത്തിന്റെ ഒരു പഴയ ഇന്റര്‍വ്യൂ വീഡിയോ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്. മാതൃഭൂമിക്ക് നല്‍കിയ പഴയ അഭിമുഖത്തിലാണ് മലയാളം പാട്ടുകളോടുള്ള തന്റെ ഇഷ്ടത്തെ പറ്റി അദ്ദേഹം പറഞ്ഞത്.

‘എനിക്ക് ആദ്യമായി മലയാളത്തില്‍ ഒരവസരം ലഭിക്കുന്നത് ഐ.വി. ശശി സംവിധാനം ചെയ്ത നീലഗിരി എന്ന ചിത്രത്തിലൂടെയാണ്. ആ സമയത്ത് മമ്മൂട്ടി സാറിന് എന്റെ സംഗീതം ഇഷ്ടപ്പെട്ടിട്ട് അദ്ദേഹം അഭിനയിക്കുന്ന എല്ലാ സിനിമകളിലും എന്നെ റെക്കമെന്റ് ചെയ്യാന്‍ തുടങ്ങി. അദ്ദേഹം എന്നെ വളരെ അധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ തെലുങ്കിലും മറ്റ് ഭാഷകളിലും തിരക്കിലായിരുന്നത് കൊണ്ട് എനിക്ക് അധികം ഒന്നും ചെയ്യാന്‍ പറ്റിയില്ല. എനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകള്‍ ദേവരാഗത്തിലെയും സൂര്യമാനസത്തിലേയുമാണ്,’ കീരവാണി പറഞ്ഞു.

ആര്‍.ആര്‍.ആറിലെ നാട്ടുനാട്ടു ഉള്‍പ്പെടെ രണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങളാണ് ഇക്കുറി ഇന്ത്യ നേടിയത്. ദ എലഫന്റ് വിസ്പറേഴ്‌സ് ഡോക്യുമെന്ററി ഷോര്‍ട് ഫിലിം വിഭാഗത്തില്‍ ഓസ്‌കര്‍ നേടി. 11 നോമിനേഷനുകളുമായി എത്തിയ എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് മികച്ച ചിത്രത്തിനും തിരക്കഥയ്ക്കും അടക്കം ഏഴ് പുരസ്‌കാരങ്ങള്‍ നേടി.

ഡ്വാനിയേല്‍ ക്വാന്‍, ഡാനിയല്‍ ഷൈനേര്‍ട്ട് സഖ്യത്തിനാണ് സംവിധാനത്തിലും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരം. മികച്ച നടിയായി മിഷേല്‍ യോ (എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്), മികച്ച നടനായി ബ്രെന്‍ഡന്‍ ഫ്രേസര്‍ (ദ വെയ്ല്‍) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

Content Highlight: mm keeravani about mammootty and malayalam cinema oscar

We use cookies to give you the best possible experience. Learn more