ബോംബ് സ്‌ഫോടനം കേട്ട് ഉണരുന്നവര്‍ വിറപ്പിച്ചത് ഫുട്‌ബോളില്‍ 'എന്തും ചെയ്യാന്‍' കെല്‍പ്പുള്ളവരെ; ഫലസ്തിനും ഇറാഖും സിറിയയും ജോര്‍ദാനും അമ്പരപ്പിക്കുന്നു
DISCOURSE
ബോംബ് സ്‌ഫോടനം കേട്ട് ഉണരുന്നവര്‍ വിറപ്പിച്ചത് ഫുട്‌ബോളില്‍ 'എന്തും ചെയ്യാന്‍' കെല്‍പ്പുള്ളവരെ; ഫലസ്തിനും ഇറാഖും സിറിയയും ജോര്‍ദാനും അമ്പരപ്പിക്കുന്നു
എം.എം.ജാഫർ ഖാൻ
Sunday, 21st January 2024, 2:16 pm
നമ്മള്‍ ഇപ്പോഴും ശ്രമിക്കുന്നത് കളി വളര്‍ത്താനാണ്. അതിലൂടെ വളരുന്ന കളിക്കാര്‍ക്ക് 'ലിമിറ്റ്' ഉണ്ട്, പ്രതിഭയിലും ആത്മാര്‍ഥതയിലും. ഫുട്‌ബോള്‍ സംസ്‌കാരമാണ് ഉണ്ടാവേണ്ടത്. അത് ഒന്ന് ട്രൈ ചെയ്തു നോക്കൂ. ലോകത്തെ അമ്പരപ്പിക്കുന്ന കാല്‍പന്ത് പ്രതിഭകള്‍ ജനിക്കും.

ഇന്ത്യന്‍ ഫുട്‌ബോളിനെ കുറിച്ചുള്ള ‘സങ്കടങ്ങള്‍’ പങ്കുവെക്കുമ്പോള്‍ കൂട്ടുകാരെല്ലാവരും തൂങ്ങുന്ന രണ്ട് ഉത്തരങ്ങളുണ്ട്. ഗ്രാസ്‌റൂട്ടും ഫുട്‌ബോള്‍ ഡവലപ്‌മെന്റ് പ്രൊജക്ടും. രണ്ടും വേണ്ടത് തന്നെ, സംശയമില്ല. എന്നാല്‍ അതിനപ്പുറം മറ്റൊന്ന് കൂടിയുണ്ട്.

ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ മിക്കവാറും എല്ലാ മത്സരങ്ങളും കണ്ടിട്ടുണ്ട്. അത്ഭുതപ്പെടുത്തിയ ടീമുകളുണ്ട്. ഇറാഖ്, സിറിയ, ഫലസ്തീന്‍, ജോര്‍ദാന്‍.

ജപ്പാനെ തോല്‍പ്പിക്കുന്ന ഇറാഖ്. യു.എ.ഇയെ പിടിച്ചുനിര്‍ത്തുന്ന ഫലസ്തീന്‍. ഓസ്‌ട്രേലിയ ശരിക്കും വിയര്‍ത്ത സിറിയ. ദക്ഷിണ കൊറിയയെ വിറപ്പിച്ച ജോര്‍ദാന്‍.

 

സമ്പത്ത് കൊണ്ടും പ്രൊഫഷണലിസം കൊണ്ടും ഫുട്‌ബോളില്‍ ‘എന്തും ചെയ്യാന്‍’ കെല്‍പ്പുള്ളവരാണ് ജപ്പാനും യു.എ.ഇയും ഓസ്‌ട്രേലിയയും കൊറിയയും. ലോകത്തെ ഏറ്റവും മികച്ച സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍.

ജപ്പാന്‍ നടപ്പിലാക്കുന്ന ഫുട്‌ബോള്‍ ഗ്രാസ്‌റൂട്ട് രീതി യൂറോപ്യന്‍ രാജ്യങ്ങള്‍ വരെ ഇന്ന് അനുകരിക്കുന്നു. അവരെയൊക്കെ തോല്‍പ്പിച്ചതും ഞെട്ടിച്ചതും ആരാണ്?

ബോംബ് സ്‌ഫോടനം കേട്ട് എല്ലാ ദിവസവും ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവര്‍. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ സിറിയ, ഇറാഖ്, ഫലസ്തീന്‍ രാജ്യങ്ങളില്‍ ഒരു ഗ്രാസ്‌റൂട്ട്, ഫുട്‌ബോള്‍ ഡെവലപ്‌മെന്റ് പദ്ധതിയും നടന്നിട്ടില്ല എന്ന് തുറന്നുപറഞ്ഞത് ഫിഫയാണ്.

എങ്കില്‍, അവിടങ്ങളില്‍ എങ്ങിനെ ഫുട്‌ബോള്‍ നിലനില്‍ക്കുന്നു? കളിക്കാരുണ്ടാവുന്നു?

ഈ ഏഷ്യന്‍ കപ്പില്‍ ഇറാഖ്, സിറിയ, ഫലസ്തീന്‍ ടീമുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടുന്ന കളിക്കാരുടെ ശരാശരി പ്രായം 27. ഉമ്മയുടെ വയറ്റില്‍ നിന്ന് ബോംബ് സ്‌ഫോടനം കേട്ട് പുറത്ത് ചാടിയവരാവും അവര്‍ എല്ലാവരും. അതാണല്ലോ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനു മേലെയായി ആ നാടിന്റെ അവസ്ഥ.

 

ഒരു നേരത്തെ ഭക്ഷണത്തിന് എല്ലാദിവസവും കരയേണ്ടിവരുന്നവര്‍ക്ക് എന്ത് ഫുട്‌ബോള്‍ പ്രോജക്ട്. എന്നിട്ടും അവര്‍ക്ക് എങ്ങിനെ, ഇങ്ങനെ ഫുട്‌ബോള്‍ കളിക്കാന്‍ പറ്റുന്നു?

നമ്മുടെ രാജ്യത്തെ കുട്ടികള്‍ക്ക് കിട്ടുന്ന സൗകര്യമെങ്കിലും ലഭ്യമായാല്‍ അവര്‍ കളിക്കുന്ന ഫുട്‌ബോള്‍ എന്തായിരിക്കും?

ഉത്തരം സിംപിള്‍.

നമ്മള്‍ ഇപ്പോഴും ശ്രമിക്കുന്നത് കളി വളര്‍ത്താനാണ്. അതിലൂടെ വളരുന്ന കളിക്കാര്‍ക്ക് ‘ലിമിറ്റ്’ ഉണ്ട്, പ്രതിഭയിലും ആത്മാര്‍ഥതയിലും. ഫുട്‌ബോള്‍ സംസ്‌കാരമാണ് ഉണ്ടാവേണ്ടത്. അത് ഒന്ന് ട്രൈ ചെയ്തു നോക്കൂ. ലോകത്തെ അമ്പരപ്പിക്കുന്ന കാല്‍പന്ത് പ്രതിഭകള്‍ ജനിക്കും.

സിന്ധില്‍ ഗായകര്‍ ജനിക്കാത്ത കാലത്ത്, അമേരിക്ക ലോകകപ്പ് ഫുട്‌ബോള്‍ കിരീടം നേടുന്ന സമയത്ത് ഞാന്‍ ഈ ‘നിലപാട്’ മാറ്റും. ബ്യൂണസ് ഐറിസിലെ, സാവപോളോയിലെ, അലിപ്പോയിലെ, ബാഗ്ദാദിലെ മക്കള്‍ സത്യം.

 

 

Content Highlight: MM Jaffer Khan writes about Palestine, Iraq, Jordan, Syria football teams