ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ കാലുകള്‍ ഇന്ന് ചികിത്സക്കായി സഹായം തേടുന്നു
Sports News
ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയ കാലുകള്‍ ഇന്ന് ചികിത്സക്കായി സഹായം തേടുന്നു
എം.എം.ജാഫർ ഖാൻ
Wednesday, 13th November 2024, 3:34 pm

ഗ്രേറ്റ് വൈറ്റ് ഡയമണ്ട് ഇന്ന് അതീവ സുരക്ഷയില്‍ മുംബൈയിലെ റിസര്‍വ് ബാങ്കിന്റെ നിലവറയ്ക്കുള്ളിലാണുള്ളത്. 1,000 കോടി രൂപയാണ് അതിന്റെ വില. ആ ഡയമണ്ട് കൊട്ടാരത്തിലെ വെറും പേപ്പര്‍ വെയ്റ്റായാണ് ഹൈദരാബാദ് നൈസാം മിര്‍ ഉസ്മാന്‍ അലി ഖാന്‍
ഉപയോഗിച്ചിരുന്നത്.

ഗോല്‍ക്കോണ്ട ഖനി ലോകത്തെ ഏറ്റവും വലിയ സമ്പന്നനാക്കിമാറ്റിയ മിര്‍ ഉസ്മാന്‍ അലി ഖാന്റെ ആസ്തി 2,95,770 കോടിയായിരുന്നു.

ഇന്നും കണക്കെടുത്താല്‍ അംബാനിയും അദാനിയുമൊന്നും സമ്പത്തില്‍ അവസാനത്തെ ഹൈദരാബാദ് നൈസാമിന്റെ പാതി പോലുമെത്തില്ല.

ഇതെല്ലാം സ്വാതന്ത്ര്യത്തിന്റെ മുമ്പത്തെ കഥ.

ഇനി മറ്റൊരു കഥ പറയാം. ഇന്ന് ഊഹിക്കാന്‍ പോലുമാവാത്ത ഒന്ന്.

ഹൈദരാബാദുകാരന്‍ റഹീം സാബിന്റെ ശിക്ഷണത്തില്‍ 1962ല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ കളിക്കാന്‍ ഒരുങ്ങുന്നു.

 

‘അല്ലെങ്കില്‍ തന്നെ കജ്ജില്‍ കായി ഇല്ല, ഉണ്ടേല്‍ തന്നെ കൊറിയേം ജപ്പാനുമൊക്കെ ഉള്ളിടത്ത് പോയി ഇങ്ങള്‍ എന്ത് ഉണ്ടാക്കാനാ?’

സ്‌പോര്‍ട്‌സ് മന്ത്രാലയം ഫുട്‌ബോള്‍ ടീമിന് അനുമതി നിഷേധിച്ചു.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പല അടവുകളും പയറ്റി. തുടര്‍ന്ന് ഏറ്റവും അവസാനം യാത്രക്ക് അനുമതി ലഭിക്കുന്ന സംഘമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ജക്കാര്‍ത്തയിലെത്തി.

പടപേടിച്ച് ഇല്ലത്തു കയറിയപ്പോള്‍ അവിടെ ഇല്ലം നിന്ന് കത്തുന്നു.

തായ്‌വാന്‍, ഇസ്രഈല്‍ ടീമുകളുടെ പങ്കാളിത്തം സംബന്ധിച്ച് ഗെയിംസ് കമ്മിറ്റില്‍ കലാപം. ഇന്ത്യയും ആതിഥേയരായ ഇന്‍ഡോനീഷ്യയും പിണങ്ങി. ഇന്ത്യക്കെതിരെ ജനരോഷം. ജക്കാര്‍ത്തയിലെ ഇന്ത്യന്‍ എംബസി 2000ഓളം വരുന്ന ജനക്കൂട്ടം ആക്രമിച്ചു.

അതിനിടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ തുടങ്ങിയിരുന്നു. കായിക മന്ത്രാലയം പ്രവചിച്ച പോലെ വൈകിയെത്തിയ ഇന്ത്യയെ ദക്ഷിണ കൊറിയ രണ്ടു ഗോളിന് തോല്‍പ്പിച്ചു.

എന്നാല്‍ പിന്നീട് കളിയുടെ കോലം മാറി. ചുനി – ബല്‍റാം – പി.കെ. ത്രയത്തിന്റെ മികവില്‍ തായ്‌ലാന്‍ഡിനെ 4-1നും ജപ്പാനെ 2-0നും തോല്‍പ്പിച്ച് സെമിയില്‍ കടന്ന റഹീമും മക്കളും വിമര്‍ശകരുടെ നെഞ്ചില്‍ കുത്തി.

സെമിയിലെ എതിരാളികള്‍ അന്നത്തെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായ വിയറ്റ്നാം. കുത്തിന് കുത്തും ഗോളിന് ഗോളും കണ്ട പോരാട്ടത്തില്‍ 2-3 ന് ജയിച്ച ഇന്ത്യ ഫൈനലില്‍. മത്സരത്തില്‍ സ്റ്റോപ്പര്‍ ബാക്ക് ജര്‍ണയില്‍ സിങ്ങിന് ഗുരുതരമായി പരിക്കേറ്റിരുന്നു. നെറ്റിയിലെ സ്റ്റിച്ച് പൊട്ടി ചോരയൊലിച്ചു നില്‍ക്കുകയാണ്!

ഇന്ത്യന്‍ ടീം ഫൈനലില്‍ എന്ന വാര്‍ത്ത ജക്കാര്‍ത്തയില്‍ ഇടിത്തീ പോലെ പറന്നു. അപ്പോഴേക്കും അത്‌ലറ്റിക്‌സ് ഉള്‍പ്പടെ വിവിധ ഇനങ്ങളില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യക്കാരെല്ലാം നാട്ടിലേക്ക് മടങ്ങിയിരുന്നു.

ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ആവുന്നില്ല. എവിടെ കണ്ടാലും കൂവലും കല്ലേറും. തിരിച്ചറിയാതിരിക്കാന്‍ യാത്ര ചെയ്യുന്ന ബസിലെ ദേശീയ പതാകയും സ്റ്റിക്കറും പറിച്ചുമാറ്റേണ്ട അവസ്ഥയായി. സിഖ് തലപ്പാവ് ധരിക്കുന്ന ജര്‍ണയില്‍ സിങ് വാഹനത്തിന്റെ ചില്ലിലൂടെ തന്നെ പുറത്ത് കാണാതിരിക്കാന്‍ ഫ്‌ളോറില്‍ ഇരുന്നു യാത്ര ചെയ്യാന്‍ തുടങ്ങി.

ഫൈനല്‍ ജയിക്കുക പോയിട്ട് കളിക്കാന്‍ ഇറങ്ങാന്‍ എങ്കിലും ഈ കാണികള്‍ സമ്മതിക്കുമോ?

1962 സെപ്റ്റംബര്‍ 4. ജക്കാര്‍ത്ത സെന്യമിന്‍ സ്റ്റേഡിയത്തില്‍ ഇന്ത്യ – ദക്ഷിണ കൊറിയ ഫൈനല്‍. ഒരു ലക്ഷത്തിലധികം വരുന്ന ഇന്‍ഡോനേഷ്യക്കാര്‍ ഇന്ത്യയെ കൂവിയും എറിഞ്ഞും തോല്‍പ്പിക്കാന്‍ ടിക്കറ്റെടുത്ത് ഗ്യാലറിയിലെത്തി.

ഡ്രസിങ് റൂമില്‍ നിന്ന് ദേശീയ ഗാനം ചൊല്ലി ഇറങ്ങുമ്പോള്‍ കോച്ച് റഹീം സാബ് കളിക്കാരോട് പറഞ്ഞത് ഒറ്റക്കാര്യം. റഫറിയുടെ വിസിലിനു മാത്രം ചെവി തുറന്നു കൊടുത്താല്‍ മതിയെന്ന്.

തലയില്‍ ബാന്‍ഡേജിട്ട് ജര്‍ണയില്‍ മുന്നേറ്റ നിരയിലാണ് കളിക്കുന്നത്. ഉയരമില്ലാത്ത കൊറിയക്കാരെ പൂട്ടന്‍ റഹീം സാബിന്റെ പൂഴിക്കടകന്‍. പ്രതിരോധം കാക്കുന്നത് മലയാളി താരം ഒ. ചന്ദ്രശേഖര്‍. മധ്യനിരയില്‍ അഫ്‌സലും ബാല്‍റാമും അരുമനായകവും കളി മെനയുന്നു.

ആദ്യ ഇരുപത് മിനിറ്റിന് മുന്‍പ് തന്നെ പി.കെ. ബാനര്‍ജിയും ജര്‍ണയില്‍ സിങ്ങും കൊറിയന്‍ പോസ്റ്റ് ചുട്ടു. തെറിവിളിക്കുന്ന
ഒരു ലക്ഷത്തിനു മേലെ കാണികളെയും കൊറിയക്ക് അനുകൂലമായി മാത്രം വിസില്‍ മുഴക്കുന്ന സിംഗപ്പൂര്‍ റഫറിമാരെയും കൂടി തോല്‍പ്പിച്ച് സ്വര്‍ണം ചൂടുമ്പോള്‍ ഇന്ത്യക്ക് മെഡല്‍ നല്‍കാന്‍ സംഘാടകര്‍ ആരും വന്നില്ല. ഏതോ വളണ്ടിയര്‍ ആയിരുന്നു സ്വര്‍ണ മെഡല്‍ ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ എത്തിച്ചു നല്‍കിയത്.

ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഏറ്റവും ഐതിഹസിക വിജയം എന്ന് പറയാവുന്ന ഈ മത്സരം വീണ്ടും ഓര്‍മയില്‍ തെളിഞ്ഞത് മറ്റൊന്നും കൊണ്ടല്ല.

തെലങ്കനയില്‍ നിന്നൊരു പത്രവാര്‍ത്ത അയച്ചുകിട്ടി.

ആ സുവര്‍ണ സംഘത്തിലെ പ്രധാനിയായിരുന്ന ഡി.എം.കെ. അഫ്‌സല്‍ (ദോസ്ത് മുഹമ്മദ് ഖാന്‍ അഫ്‌സല്‍) ഓള്‍ഡ് ഹൈദരാബാദിലെ മെഹദിപ്പട്ടണത്ത് ചികിത്സക്ക് പോലും പണമില്ലാതെ ഏറെ പ്രയാസത്തില്‍. ഇതായിരുന്നു വാര്‍ത്ത.

 

അഫ്‌സലിനൊപ്പം ആ ടീമിലെ അരുണ്‍ ഘോഷും അരുമനായകവും മാത്രമേ ജീവിച്ചിരിപ്പുള്ളൂ.

ഇവരുടെയൊക്കെ ജീവിത പ്രയാസങ്ങള്‍ കേള്‍ക്കുമ്പോള്‍ ചരിത്രത്തിലെ സുഗന്ധം ദുര്‍ഗന്ധമായാണ് ചുറ്റിലും അടിച്ചു വീശുന്നത്.

 

Content highlight: MM Jaffer Khan writes about Indian Football team’s historic win in 1962 Asian Games